തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ കാലത്തോടെ സി.പി.എം അസ്തമിക്കുമെന്ന് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് കെ സുരേന്ദ്രൻ പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പോടെ ഒരു കാര്യം കേരള ജനത മനസ്സിലാക്കി. രണ്ടു മുന്നണികളെയും മാറ്റി പുതിയ ശക്തി കേരളത്തിൽ ഉദയം ചെയ്തിരിക്കുകയാണ്. കേരളത്തിൽ ഇനി ബി.ജെ.പിയുടെ യുഗമാണ്. മോദി സർക്കാരിനും ബി.ജെ.പിക്കുമെതിരെ ഇരുമുന്നണികളും നടത്തുന്ന പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് കേരള ജനതയ്‌ക്ക് ലോകസഭാ തിരഞ്ഞെടുപ്പോടെ മനസ്സിലായി. കേന്ദ്രത്തിലെ പത്ത് വർഷത്തെ ബി.ജെ.പി ഭരണം കൊണ്ട് കേരളത്തിന് വലിയ നേട്ടമാണുണ്ടായത്. കേരളത്തിൽ 50ലക്ഷം പേരെ ബി.ജെ.പി അംഗങ്ങളാക്കുമെന്നു സുരേന്ദ്രൻ പറഞ്ഞു. ദേശീയ തലത്തിൽ നിലവിലുള്ള 21 കോടി അംഗങ്ങളേക്കാൾ 10 കോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് ബി.ജെ.പി ലക്ഷ്യം വച്ചിരിക്കുന്നത്. കെ.സുരേന്ദ്രൻ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 127ാം ബൂത്തിലാണ് സമ്പർക്കത്തിനിറങ്ങിയത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും അംഗത്വവിതരണം ആരംഭിച്ചു. കൂടുതൽ ജനവിഭാഗങ്ങളെ കൂടെ ചേർക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ മെമ്പർഷിപ്പ് ഡ്രൈവിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.
ഭാരതീയ വിചാര കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന ഔദ്യോഗിക മെമ്പർഷിപ്പ് ക്യാമ്പയിൻ ചടങ്ങ് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ ബിജെപി മെമ്പർഷിപ്പ് സ്വീകരിച്ചു. ചടങ്ങിൽ സംബന്ധിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ സി.ശിവൻകുട്ടി, വിടി രമ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, കരമന ജയൻ, ജെആർ പദ്മകുമാർ, ജില്ലാ പ്രഭാരി അശോകൻ കുളനട, ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ഡോ.അബ്ദുൾ സലാം എന്നിവർ സംബന്ധിച്ചു. ഒക്ടോബർ 10 വരെ നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ഡ്രൈവിൽ കേരളത്തിൽ 50 ലക്ഷത്തോളം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: