എരുമപ്പെട്ടി: മനോഹരം ആദായകരം ആരുടെയും മനംനിറച്ച് സമ്മിശ്ര കൃഷിയില്‍ വിജയഗാഥയുമായി യുവകര്ഷകന്. വരവൂര്‍ പുളിഞ്ചോട് പാതയിലൂടെ കടന്നുപോകുമ്പോള്‍ വയല്‍ പാടത്ത് മനോഹര കാഴ്ച കാണാം പൂത്തു വിരിഞ്ഞ ചെണ്ടുമല്ലിയും കുലച്ചു നില്ക്കുന്ന വാഴകളും. മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ കോഴ്സില്‍ ഡിപ്ലോമയെടുത്ത യുവാവിന് കാര്‍ഷികവൃത്തി ജീവിത താളമായി.
സമ്മിശ്ര കൃഷിയില്‍ 25കരാനായ വരവൂര്‍ സ്വദേശി ഊറ്റുകുഴി വീട്ടില്‍ ആദര്‍ശിന് കൃഷിയാണ് എല്ലാം. വരവൂര്‍ പടിഞ്ഞാറ്റുമുറി പാടശേഖരത്തില്‍ പൂത്തുവിരിഞ്ഞ് ആരുടെയും മനം നിറയ്ക്കുന്ന ചെണ്ടുമല്ലി കൃഷിയുടെ മനോഹാരിതകാഴ്ചയ്ക്ക് സമീപത്തായി വിളവെടുപ്പിന് പാകമായ ചങ്ങാലിക്കോടന്‍ – കദളി വാഴക്കുലകളും നെല്‍ക്കൃഷിയും കൊള്ളി, മധുരക്കിഴങ്ങ്, വെണ്ട, മത്തന്‍, കുമ്പളം, പയര്‍ മുതലായ വിവിധ പച്ചക്കറികൃഷിയുമെല്ലാം ഈ യുവാവിന്റെ അത്യധ്വാനത്തിന്റെ പ്രതീകങ്ങളാണ്.
ഓണത്തിന് മുന്നോടിയായി 500ഓളം ചങ്ങാലിക്കോടന്‍ വാഴകള്‍ വിളയിച്ച ആദര്‍ശ് സ്ഥിരമായി കദളിവാഴകളും കൃഷി ചെയ്തു വരുന്നുണ്ട്. ഗുരുവായൂരിലേക്കും മറ്റുമായി കദളിപ്പഴങ്ങള്ക്കായി ഇദ്ദേഹത്തെ സമീപിക്കുന്നവരും നിരവധിയാണ് .കൃഷിയെ മികച്ച രീതിയില്‍ പരിപാലിച്ചു വരുന്നുണ്ട്. കോവിഡിനു മുന്‍പ് കുറച്ചു നാള് സ്വകാര്യ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്ത യുവാവ് പാരമ്പര്യമായി ചെയ്തുവരുന്ന കൃഷിയിലേക്ക് പിന്നീട് പൂര്‍ണമായും തിരിയുകയായിരുന്നു.
വരവൂര്‍ പഞ്ചായത്ത് അധികൃതര്‍ ചിങ്ങപ്പുലരിയില്‍ മികച്ച യുവകര്‍ഷകനുള്ള പുരസ്കാരം നല്കി ആദരിക്കുകയും ചെയ്തിരുന്നു. മണ്ണിലിറങ്ങാന്‍ തയ്യാറാവാതെ തൊഴിലില്ലായ്മയുടെ പേരില്‍ നടക്കുന്ന തൊഴില്‍ രഹിതര്‍ക്ക് വലിയ മാതൃകയാണ് ഈ യുവാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: