തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബ് നേരിട്ടന്വേഷിക്കും. ഡി ജി പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷിക്കുന്നതിനുളള സര്‍ക്കാര്‍ ഉത്തരവിറങ്ങി.
അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടാണ് അന്വേഷണം എന്നതാണ് ശ്രദ്ധേയം. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ്പി മധുസൂദന്‍, എസ്പി ഷാനവാസ് എന്നിവരുള്‍പ്പെട്ടതാണ് അന്വേഷണ സംഘം. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല. എംആര്‍ അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പി ശശിയെയും മാറ്റണമെന്ന ആവശ്യം ഉയരുമെന്നതാണ് ഇരുവരെയും നിലനിര്‍ത്തിക്കൊണ്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നില്‍. പത്തനംതിട്ട എസ് പി സുജിത് ദാസിനെതിരായ നടപടി സ്ഥലംമാറ്റത്തിലൊതുക്കി.
പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകും എന്നാണ് മുഖ്യമന്ത്രി രാവിലെ പ്രസംഗിച്ചത്. രാത്രി തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി ഡിജിപിയുമായുള്‍പ്പെടെ സംസാരിച്ചു.അതിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നാണ് ഡി ജി പി താത്പര്യം പ്രകടിപ്പിച്ചതെങ്കിലും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ തളളാന്‍ മുഖ്യമന്ത്രിക്ക് ആകുമായിരുന്നില്ല.
തുടര്‍ന്നാണ് ആരോപണ വിധേയരെ സ്ഥാനത്ത് നിലനിര്‍ത്തി അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ഏറെ നാളായി സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പി ശശിയും എംആര്‍ അജിത്കുമാറും ചേര്‍ന്നാണ്. ഡിജിപി യെ വരെ നോക്കുകുത്തിയാക്കിയാണ് ഇവര്‍ കാര്യങ്ങള്‍ നടത്തിയിരുന്നത്. നിരവധി കൊളളരുതായ്മകളാണ് ഇരുവരും ചേര്‍ന്ന് നടത്തുന്നതെന്നാണ് പി വി അന്‍വര്‍ ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: