കോയമ്പത്തൂർ: വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ട് അധ്യാപകരുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ കോളേജിലെ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, സ്കില്‍ കോഴ്സ് ട്രെയിനര്‍, ലാബ് ടെക്നീഷ്യന് എന്നിവരാണ് അറസ്റ്റിലായത്. ആറ് വിദ്യാര്‍ത്ഥിനികളെയാണ് ഇവര്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ശനിയാഴ്ച അറസ്റ്റ് ചെയ്ത ഇവരെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എസ്. സതീഷ് കുമാര്‍, എം. മുരളിരാജ്, ലാബ് ടെക്നീഷ്യനായ എ. അന്‍പരശ്, സ്കില്‍ കോഴ്സ് ട്രെയിനറായ എന്‍. രാജപാണ്ഡി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അശ്ലീല വാട്സ് ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുമായിരുന്നു. കൂടാതെ കോളേജ് സമയം കഴിഞ്ഞ് ലാബിലേക്ക് വരണമെന്നും പ്രതികളില്‍ ചിലര്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടിരുന്നു. ശേഷം ഇവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു.
ക്ലാസ്സില്‍ വെച്ചും ലാബില്‍ വെച്ചും ഇത്തരത്തില്‍ പ്രതികള്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ വനിതാ കമ്മീഷനില്‍ പരാതി നല്കാന് തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ ആര്. അംബിക, കോളിജ്യേറ്റ് എജ്യുക്കേഷന്റെ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ വി. കലൈശെല്‍വി എന്നിവരുടെ നേതൃത്വത്തില്‍ കോളേജ് ക്യാംപസില്‍ അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: