അര്‍ത്ഥശാസ്ത്ര തത്ത്വങ്ങള്‍ ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ അവിടവിടെയായി ചിതറി കിടക്കുന്നു. വേദോപനിഷത്തുകളിലും ഇതിഹാസ പുരാണങ്ങളിലും സ്മൃതികളിലുമെല്ലാം അര്‍ത്ഥശാസ്ത്രത്തിലെ ആശയങ്ങള്‍ കാണാം. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തിലും, ശാന്തിപര്‍വ്വത്തിലും സാമ്പത്തിക ചിന്തകള്‍ ഉണ്ട്. മനു സ്മൃതി, യാജ്ഞവല്ക്യ സ്മൃതി, ശുക്ര നീതി, കൗടില്യന്റെ അര്‍ത്ഥശാസ്ത്രം, തിരുവള്ളുവരുടെ കൃതികള്‍ എന്നിവയിലൊക്കെ ധനശാസ്ത്ര തത്ത്വങ്ങളുണ്ട്.
ലോക മംഗളമെന്നും ലോക കല്യാണമെന്നുമൊക്കെയാണ് ഭാരതം വികസനത്തെ വിളിച്ചത്. ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ (സര്‍വ ലോകങ്ങള്‍ക്കും സുഖം ഭവിക്കട്ടെ), വസുധൈവ കുടുംബകം എന്നുള്ളതാണ് ഭാരതത്തിന്റെ വികസനാദര്‍ശം. ചതുര് യോഗം (ജ്ഞാന, ഭക്തി, കര്‍മ്മ, രാജ യോഗങ്ങള്‍), ചതുര് ആശ്രമം(ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം), ചാതുര് വര്‍ണ്യം (ബ്രാഹ്മണന്, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന്), അതേപോലെ തന്നെ ചതുരുപായങ്ങള്‍ (സാമം, ദാനം, ഭേദം, ദണ്ഡം) എന്നീ രീതിയിലായിരുന്നു പണ്ട് സമൂഹത്തിലെ വികസനം നേടിയിരുന്നത്.
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വിലമതിക്കപ്പെടുന്നത് ജ്ഞാനമാണ്. ആ ജ്ഞാനം നമ്മോടു പറയുന്നത് ധനം, ധര്മ്മസാധ്യത്തിന് എന്നാണ്. മാത്രമല്ല ധര്‍മ്മമാകണം ധനമൂലമെന്നും ഓര്‍മ്മിപ്പിക്കുന്നു. എന്നുവച്ചാല്‍ ധര്‍മ്മാനുസൃതമായി മാത്രമേ ധനം സമ്പാദിക്കാവൂ.
‘സുഖസ്യ മൂലം ധര്‍മ്മഃ
ധര്മസ്യ മൂലം അര്‍ത്ഥഃ (ചാണക്യന്)
സുഖകാരണം ധര്‍മ്മവും, ധര്‍മ്മ കാരണം അര്‍ത്ഥവുമാണ്. മഹാഭാരതം വനപര്‍വ്വത്തില്‍ വ്യാസന് പറയുന്നത്, ധര്‍മ്മം കൊണ്ടല്ലാതെ അര്‍ത്ഥത്തെ ഉറപ്പിച്ചു നിര്‍ത്താനാവില്ല എന്നാണ്.വ്യക്തമായി പറഞ്ഞാല്‍, അധാര്‍മ്മികമായ ധനം നിലനില്‍ക്കില്ല എന്ന്. ധര്‍മ്മത്തിന്റെ അഭാവത്തില്‍ അര്‍ഥം അനര്‍ത്ഥമാകും. അര്‍ത്ഥ സാമ്യം (അമിത ധനമോ അതിദാരിദ്ര്യമോ അല്ലാത്ത സന്തുലിതാവസ്ഥ) കൊണ്ട് മാത്രമേ ധര്‍മ്മം പുലര്‍ത്താനാകൂ. അമിത ധനവും അതി ദാരിദ്ര്യവും നമ്മെക്കൊണ്ട് അധര്‍മ്മം ചെയ്യിക്കും. അതുകൊണ്ടു ധര്‍മ്മത്തെ നാം പുലര്‍ത്തിയാല്‍ ആ ധര്‍മ്മം നമ്മെയും പുലര്‍ത്തിക്കൊള്ളും. അതിദരിദ്രന്റെയും അതിസമ്പന്നന്റെയും പൊതുസ്വഭാവം ആര്‍ത്തിയാണ്. ഒരാള്‍ക്ക് ഇല്ലാത്തതിനെ ഉണ്ടാക്കാന്‍ ആര്‍ത്തി. മറ്റേയാള്‍ക്കു ഉള്ളതിനെ ഇനിയും വര്‍ധിപ്പിക്കാന്‍ ആര്‍ത്തി. രണ്ടാണെങ്കിലും ആര്‍ത്തി കാരണം രണ്ടാള്‍ക്കും ധര്‍മ്മം പാലിക്കാന്‍ വയ്യാതെ അധര്‍മ്മ മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരും. അധര്‍മ്മം പ്രപഞ്ച താളത്തിനെതിരാണ്. അതുകൊണ്ടു തന്നെ ധര്‍മ്മ മാര്‍ഗ്ഗം സുസ്ഥിരമായതല്ല.
പ്രപഞ്ച താളം
ഋതമാണ് പ്രപഞ്ച താളം, ഈ താളമാണ് പ്രകൃതിയുടെ പൊരുള്‍, ഈ പൊരുളാണ് ലോകത്തിലെ സത്യം, ഈ സത്യാന്വേഷണമാണ് സമൂഹത്തിലെ യജ്ഞം, ഈ യജ്ഞമാണ് മനുഷ്യന്റെ ധര്‍മ്മം, ഈ ധര്‍മ്മമാണ് ലോകത്തിന്റെ നിലനില്‍പ്പ്. ധര്‍മ്മം നിറവേറ്റാനുള്ള തപസ്സാണ് ജീവിതം. അപ്പോള്‍ ജീവിതം പ്രപഞ്ച താളത്തിനനുസൃതമാകണം. അല്ലെങ്കില്‍ ഈ താളഭംഗം ജീവിതത്തെ തകര്‍ക്കും. മനുഷ്യ പുരോഗതിക്കു വിനയാകും. ഈ പ്രപഞ്ച താളത്തിനനുസരിച്ചുള്ള മനുഷ്യ ജീവിത ശൈലിയുടെ ക്രമീകരണമാണ് സനാതന ധര്‍മ്മം. പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി- സംഹാരങ്ങളെ ഉള്‍ക്കൊള്ളുന്നതാകയാല്‍ ഭാരതീയ ഹിന്ദു ധര്‍മ്മം സനാതനം. പഞ്ചഭൂതങ്ങളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ നിര്‍വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിനാല്‍ സനാതനപ്രപഞ്ച താളം ധര്‍മ്മം.
അസ്ഥിരമായ ലോകത്തൊരു സുസ്ഥിര വികസനം സാധ്യമാണോ?
‘ധാരണാത് ധര്‍മഃ’ എന്നതാണ് ധര്‍മ്മ ശബ്ദത്തിന്റെ നിരുക്തി. ”ഈ ലോകത്തിലെ അംഗങ്ങളെന്ന നിലയില്‍ നാമൊക്കെ ജീവിതത്തില്‍ ഏതു മൂല്യങ്ങളെ പരിപാലിച്ചാലാണോ ഈ ലോകം ഒന്നായി നന്നായി ചേര്‍ത്തുകോര്‍ത്ത് നിര്‍ത്തപ്പെടുന്നത്, ആ മൂല്യങ്ങളാകുന്നു ധര്‍മ്മം. ഇങ്ങനെ ജീവിതത്തില്‍ മൂല്യങ്ങളെ പാലിക്കുമ്പോള്‍ നാം ധര്മ്മരക്ഷകരാകുന്നു. ഇപ്രകാരം നമ്മളാല്‍ രക്ഷിക്കപ്പെടുമ്പോഴാണ് ധര്‍മ്മം നമ്മെയും രക്ഷിക്കുന്നത്. വിപരീതമാണ് നാം ചെയ്യുന്നതെങ്കില്‍, അതായത് ധര്‍മ്മത്തെ രക്ഷിക്കുന്നതിന് പകരം ഹനിക്കുന്നവരാണ് നാം എങ്കില്‍ ധര്‍മ്മം നമ്മെയും ഹനിക്കുന്നു.”(സ്വാമി ചിദാനന്ദപുരി, സനാതന ധര്‍മ്മ പരിചയം(2015), സനാതന ധര്‍മ്മ പീഠം, േകാഴിക്കോട്, പേജ്-18).
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: