തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായി വിശാഖപട്ടണത്ത് ട്രെയിനില്‍ മലയാളി സമാജം പ്രവര്‍ത്തകര്‍ കണ്ടെത്തിയ അസം പെണ്‍കുട്ടി
മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ല എന്ന് ആവര്‍ത്തിച്ച് വെളിപ്പെടുത്തി. ഒരാഴ്ചത്തെ കൗണ്‍സിലിംഗിന് ശേഷമാണ് 13 കാരിയായ പെണ്‍കുട്ടി നിലപാട് ആവര്‍ത്തിച്ചത്.
കുട്ടിയെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ ശ്രമിച്ചതോടെ പൂജപ്പുരയിലെ ശിശുക്ഷേമ സമിതി ആസ്ഥാനം നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. പതിമൂന്നുകാരിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കു മാറ്റിയതായി ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ അഡ്വക്കേറ്റ് ഷാനിബ ബീഗം പറഞ്ഞു.
കഴിഞ്ഞ മാസം 25ന് രാത്രിയാണ് പതിമൂന്നുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. 26ന് ശിശുക്ഷേമ സമിതി കുട്ടിക്കായി പ്രത്യേക സിറ്റിംഗ് നടത്തി. മാതാവ് തുടര്‍ച്ചയായി ശകാരിക്കുമെന്നും കഠിനമായി ജോലി ചെയ്യിക്കുമെന്നും കുട്ടി മൊഴി നല്‍കിയിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്നും കുട്ടി അറിയിച്ചു
തുടര്‍ന്ന് 13 കാരിക്ക് ഒരാഴ്ചത്തെ കൗണ്‍സിലിംഗ് നല്കാന് ശിശുക്ഷേമ സമിതി തീരുമാനിച്ചു. കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കി കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ തിങ്കളാഴ്ച എത്തിച്ചു. മാതാപിതാക്കളെയും വിളിച്ചു വരുത്തി. അപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ചത്. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു ബഹളം കൂട്ടിയിട്ടും കുട്ടി വഴങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: