ഗുവാഹത്തി: തന്റെ ഭരണകാലത്ത് ഒരു ലക്ഷത്തിലധികം റിക്രൂട്ട്‌മെൻ്റുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വാതന്ത്ര്യം നേടിയ ശേഷം ഭരണകാലത്ത് ഇത്രയധികം ജോലി മറ്റൊരു സർക്കാരും യുവാക്കൾക്ക് നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 23,956 സ്ഥിര നിയമന കത്ത് വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ അടുത്ത വർഷത്തോടെ 50,000 യുവാക്കൾക്ക് കൂടി സർക്കാർ ജോലി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ നിയമനങ്ങൾക്ക് മുമ്പ് 1,00,389 യുവാക്കൾക്ക് ജോലി നൽകിയിട്ടുണ്ട്. ഇത് ഒരു ലക്ഷം ജോലി നൽകുമെന്ന തങ്ങളുടെ വാഗ്ദാനം നിറവേറ്റിയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്നത്തെ നിയമനങ്ങൾ കൂടി പരിഗണിക്കുകയാണെങ്കിൽ 2021 മെയ് മുതൽ ഇതുവരെ 1,24,345 ജോലികൾ നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ അസമിൽ പ്രതിവർഷം ഒരു ലക്ഷം സർക്കാർ ജോലികൾ നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ 78 വർഷത്തിനിടയിൽ ഒരു സർക്കാരിനും ഒരേസമയം ഒരു ലക്ഷം നിയമനങ്ങൾ നൽകാൻ കഴിഞ്ഞില്ല. തങ്ങളുടെ സർക്കാർ ആ സുവർണ്ണ ഘട്ടം മറികടന്നുവെന്നും ഭാവിയിൽ ഇനിയും ഇത്തരം നാഴികക്കല്ലുകൾ കൈവരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി ശർമ്മ പറഞ്ഞു.
കൂടാതെ വിദ്യാഭ്യാസം, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി അടുത്ത വർഷത്തോടെ 50,000 നിയമനങ്ങൾ കൂടി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ നിയമനം ലഭിച്ചവരെല്ലാം 2025 ഏപ്രിൽ മുതൽ ഏകീകൃത പെൻഷൻ പദ്ധതിയായി (യുപിഎസ്) മാറുന്ന ദേശീയ പെൻഷൻ സംവിധാനത്തിന്റെ (എൻപിഎസ്) ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) വിജയിച്ച അധ്യാപകർക്ക് ശമ്പളം നൽകുന്നതിനായി സംസ്ഥാനം പ്രതിവർഷം 2,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഓരോ വർഷവും തുക വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ശർമ്മ പറഞ്ഞു. കൂടാതെ സ്‌കൂളുകളിലായി 6,000 ഹെഡ്മാസ്റ്റർ തസ്തികകൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: