വിജയവാഡ : തെക്കേ ഇന്ത്യയിൽ മഴ ശക്തമാകുന്നു. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 15 പേരും തെലങ്കാനയിൽ ഒമ്പത് പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കനത്ത മഴയിൽ പലയിടങ്ങളും മുങ്ങി. റോഡിലും റയിൽപാളങ്ങളിലും വെള്ളം കയറിയതോടെ രണ്ട് സംസ്ഥാനങ്ങളിലെയും റോഡ്, റെയിൽ ഗതാഗതം താറുമാറായി. 140ഓളം ട്രെയിനുകൾ റദ്ദാക്കി. 97 എണ്ണം വഴി തിരിച്ചു വിട്ടു. ട്രെയിൻ ഗതാഗതം താ റുമാ റായതോടെ ആറായിരത്തിലേറെ യാത്രക്കാർ വലഞ്ഞു. കനത്ത മഴയും വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളിൽ ചിലതും റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നും ഇന്ന് പോകെണ്ടിയിരുന്ന ട്രെയിൻ നമ്പർ.22648 കൊച്ചുവേളി – കോർബ എക്‌സ്പ്രസ്, ട്രെയിൻ നമ്പർ.22815 ബിലാസ്പൂർ-എറണാകുളം എക്‌സ്പ്രസ്, സെപ്റ്റംബർ 4-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.22816 എറണാകുളം-ബിലാസ്പൂർ എക്‌സ്‌പ്രസ് എന്നിവ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ബംഗാൾ ഉൽക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദമാണ് പേമാരിക്കും പ്രളയസമാന സ്ഥിതിക്കും വഴി തെളിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ഫോണില്‍ സ്ഥിതിഗതികള്‍ ആരാഞ്ഞു. കേന്ദ്രത്തില്‍ നിന്നും സാധ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: