തിരുവനന്തപുരം: സ്വര്‍ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന സിപിഎം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗുരുതര ആരോപണങ്ങളാണ് ഭരണകക്ഷി എംഎല്‍എ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് ഒളിച്ചുവയ്‌ക്കുന്നതിന് വേണ്ടി ഒരാളുടെ കൊലപാതകം നടത്തി. അത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോടെയാണ് അയാളെ എഡിജിപി കൊലപ്പെടുത്തിയത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായും സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായും വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ഭരണകക്ഷി എംഎല്‍എ ഉയര്‍ത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രത്തോളം അധഃപതിച്ച ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ല. സ്വര്‍ക്കള്ളക്കടത്ത് ആരോപണത്തിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത്, കൊലപാതകം, തൃശ്ശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
പത്തനംതിട്ട എസ്പിയും സിപിഎം എംഎല്‍എയും തമ്മില്‍ നടത്തിയ സംഭാഷണം ഞെട്ടിക്കുന്നതാണ്. എഡിജിപിയുടെ അളിയന്‍മാര്‍ പൈസയുണ്ടാക്കുന്നു, എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് അതിനെല്ലാം കുടപിടിച്ചു കൊടുക്കുന്നു. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണം.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ഒരു വനിതയുടെ ആരോപണം പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അപമാനകരമാണ്. സിപിഎമ്മുകാരാനായ ഒരു ചാനല്‍ മേധാവി ഗൂഡാലോചന നടത്തി പുറത്തിറക്കിയിരിക്കുന്ന വാര്‍ത്തയാണിത്.
സിനിമ രംഗത്തുള്ള ആരോപണം കോണ്‍ഗ്രസിലും ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ അവര്‍ അതൊന്നും പറഞ്ഞില്ല. അവര്‍ക്ക് സ്ഥാനങ്ങള്‍ ഒന്നും കിട്ടിയില്ലെന്നു മാത്രമാണ് പറഞ്ഞത്. സിഎല്‍പി ലീഡര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമിതിയില്‍ ഞാന്‍ ഉണ്ടെന്നു മാത്രമെയുള്ളൂ.
പാര്‍ട്ടിയുടെ അവസാന തീരുമാനം എടുക്കുന്നത് കെപിസിസി പ്രസിഡന്റാണ്. ഒരാള്‍ക്ക് ഒറ്റയ്‌ക്ക് തീരുമാനങ്ങള്‍ എടുക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: