ലെഹ് (ലെഡാക്ക്): ലേയിലെ സ്പിട്ടുക് സ്റ്റേഡിയത്തില്‍ നടന്ന ക്ലൈമറ്റ് കപ്പ് 2024ലെ ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. സ്‌കാല്‍സാങ് ലിങ് എഫ്‌സിയെ ഒന്നിനെതിരെ എട്ടുഗോളുകള്‍ക്കാണ് തകര്‍ത്തത്. കളിയിലുടനീളം ഗോകുലത്തിനായിരുന്നു ആധിപത്യം. ആക്രമിച്ചു കളിച്ച ഗോകുലം മുന്നേറ്റനിര ഉതിര്‍ത്ത വെടിയുണ്ടകള്‍ തടുക്കാന്‍ എതിര്‍ ഗോള്‍ കീപ്പര്‍ നന്നായി പണിപ്പെട്ടു. ആദ്യ അഞ്ചു മിനിറ്റില്‍ തന്നെ ഡിഫന്‍ഡര്‍ അതുല്‍ കോര്‍ണര്‍ വഴി കിട്ടിയ അവസരം മുതലെടുത്തു ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് (11-ാം മിനിറ്റില്‍) രാഹുല്‍ രാജു, സെബാസ്റ്റ്യന്‍(24), താര്‍പൂയ(45)യും ആദ്യ പകുതിയില്‍ തന്നെ ലക്ഷ്യം കണ്ടു. സ്‌കോര്‍4-0ന് ഇടവേള പിരിഞ്ഞു.
രണ്ടാം പകുതിയിലും ഗോകുലം കേരളയുടെ മുന്നേറ്റം തടയാന്‍ സ്‌കാല്‍സാങ് ലിങ് എഫ്‌സിക്കായില്ല. ഷിജിന്‍ 49, 68 മിനിറ്റുകളില്‍ ഗോള്‍ നേടി, 65-ാം മിനിറ്റില്‍ നിധിന്‍ കൃഷ്ണ തൊടുത്തുവിട്ട ഗോള്‍ മത്സരത്തിലെ മികച്ച ഗോളായി. കളിക്ക് 67 മിനിറ്റെത്തിയപ്പോള്‍ ജോണ്‍സന്‍ സിങ്ങും ഗോള്‍ നേടി. സ്‌കോര്‍ 8-0ന് മുന്നിട്ടു നില്‍ക്കെ ഗോകുലം പ്രതിരോധ പിഴവ് മുതലാക്കി 89-ാം മിനിറ്റില്‍ സ്‌കാല്‍സാങ് ലിങ് എഫ്‌സി ക്കായി അങ്‌ചോക്ക് ഗോള്‍ നേടി. ഫൈനല്‍ സ്‌കോര്‍ ജികെ എഫ് സി 8-1 സ്‌കാല്‍സാങ് ലിങ് എഫ്‌സി.
ടൂര്‍ണമെന്റിലെ അടുത്ത മത്സരത്തില്‍ ഗോകുലം കേരള എഫ് സി ഇന്ന് ജമ്മു & കാശ്മീര്‍ ബാങ്ക് ടീമിനെ നേരിടും. വൈകിട്ട് നാലരയ്‌ക്ക് ലേയിലെ സ്പിട്ടുക് സ്റ്റേഡിയത്തിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: