കോട്ടയം: മുകേഷിന്റെ രാജി ആവശ്യത്തില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശന മുനയില്‍ നിര്‍ത്തുകയാണ് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജാ. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കാത്തത് സംസ്ഥാനത്തെ ഇടതുപക്ഷ സര്ക്കാരിന്മേലുള്ള കരി നിഴലാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. മറ്റുള്ളവര്‍ തെറ്റ് ചെയ്തിട്ടുണ്ടാകും. മറ്റുള്ളവര്‍ എന്ത് ചെയ്തു എന്ന് നോക്കിയല്ല ഇടതുപക്ഷം നടപടിയെടുക്കേണ്ടതെന്ന് ആനിരാജ പിണറായിയെ ഓര്‍മിപ്പിച്ചു.
തുടക്കം മുതല്‍ ആരോപണ വിധേയനായ നടന് മുകേഷ് രാജിവെക്കണമെന്ന നിലപാടിലായിരുന്നു ആനി. സംസ്ഥാന ഘടകം രാജി ചോദിച്ചു വാങ്ങും എന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന സിപി എം സംസ്ഥാന കമ്മിറ്റിയോഗം രാജി വേണ്ട എന്ന നിലപാടെടുത്തതോടെ ആനി രൂക്ഷവിമര്‍ശനവുമായി രംഗത്തുവരികയായിരുന്നു.
ആനി രാജക്കൊപ്പം തുടക്കത്തില്‍ ഒപ്പം നിന്ന സിപിഎം കേന്ദ്ര നേതാവായ വൃന്ദ കാരാട്ട് പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നിലപാട് പ്രഖ്യാപനത്തോടെ സ്വരം മയപ്പെടുത്തി പിന്‍വാങ്ങി. ഇടതുപക്ഷത്തിന് സ്ത്രീകളുടെ പ്രശ്നങ്ങളിലുള്ള നിലപാടിതാണോയെന്നതാണ് ആനി രാജ ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്നം. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ ഭാര്യ കൂടിയായ ആനി രാജയുടെ ആവശ്യം ഇടതുപക്ഷത്തു തന്നെ കെട്ടടങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: