കിളിമാനൂര്‍: നിരഞ്ജന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അടക്കമുള്ള നേതാക്കള്‍ വന്ന് വാക്ക് നല്കി കൈകൊടുത്ത് ആഘോഷമാക്കി. അതിനായുള്ള 3 സെന്റ് ഭൂമിയുടെ ആധാരവും കൈമാറി. പക്ഷേ ഒരു വര്‍ഷം കഴിഞ്ഞിട്ടും വീട് നിര്‍മ്മാണം അടിത്തറയില്‍ ഒതുങ്ങി. ഇപ്പോള്‍ ഭൂമി കാടുമൂടിക്കിടക്കുന്നു. നിരഞ്ജന് ഒരു വീട് ഇപ്പോഴും സ്വപ്നങ്ങളില്‍ മാത്രം.
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവാണ് നാവായിക്കുളം വെട്ടിയറ ആര്.എസ്.ലാന്റില്‍ നിരഞ്ജന്. കാസിമിന്റെ കടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. ഒറ്റ മുറിയിലായിരുന്നു അന്ന് നിരഞ്ജന്റെ താമസം. അതും വലിയ വാര്‍ത്തയായിരുന്നു. അങ്ങനെ ജയദേവന് മാസ്റ്റര്‍ സ്മാരക പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഭാരവാഹികള്‍ വീടു വച്ച് നല്‍കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നു. സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് സൊസൈറ്റി. സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ.മടവൂര്‍ അനില്‍ പ്രസിഡന്റും കിളിമാനൂര്‍ ഏര്യാ കമ്മിറ്റി അംഗം ഷാജഹാന് സെക്രട്ടറിയുമായാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.
2023 ആഗസ്ത് 19 ന് നാവായിക്കുളം ദേവസ്വം ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലായിരുന്നു 3 സെന്റ് ഭൂമിയുടെ ആധാരം കൈമാറിയതും എം.വി.ഗോവിന്ദന് നിരഞ്ജന് കൈകൊടുത്ത് പ്രഖ്യാപനം നടത്തിയതും. ലൈഫ് പദ്ധതിയുടെ മഹത്വവും വീടില്ലാത്തവരുടെ ദുരിതവും വലിയവായില്‍ എല്ലാവരും പ്രസംഗിക്കുകയും ചെയ്തിരുന്നു. സിപിഎം വെട്ടിയറ ബ്രാഞ്ച് കമ്മിറ്റിയാണ് 3 സെന്റ് ഭൂമി വാങ്ങി നല്‍കിയത്. നാവായിക്കുളം പഞ്ചായത്തിലെ വെട്ടിയറ വാര്‍ഡിലാണ് ഭൂമി.
ബാലതാരത്തില്‍ നിന്നും വളര്‍ന്ന് ഡിഗ്രിവിദ്യാര്‍ത്ഥിയായ നിരഞ്ജന് ഇപ്പോഴും ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് താമസം. പുതിയവീട് പണിതുനല്‍കുമെന്ന് പറഞ്ഞ് വാര്‍ത്തയാക്കിയവരും മുതലെടുത്തവരും ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്തവരും നിരഞ്ജന് വീടായില്ലെന്ന വിവരം അറിഞ്ഞഭാവം പോലുമില്ല. ഇതേ സൊസൈറ്റിയുടെ ‘കരുത്തായ് കരുതലായ്’ പരിപാടിയുമായി എം.വി.ഗോവിന്ദന് ഇന്ന് വീണ്ടും പള്ളിക്കലില്‍ വരുന്നുണ്ട്. നേതാവ് അന്ന് നല്കിയ വാക്കുപാലിക്കാനായില്ലെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കുമെന്നും തനിക്ക് പുതിയ വീട് ലഭിക്കുമെന്നും നിരഞ്ജനുപോലും പ്രതീക്ഷയറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: