Kerala

കാലവര്‍ഷം: സംസ്ഥാനത്ത് ഇതുവരെ ശരാശരി മഴ, ആഗസ്തില്‍ ലഭിച്ചത് 29 സെന്റീമീറ്റര്‍ മഴ, 11 ശതമാനം കുറവ്, ഇടുക്കിയിൽ മഴ കുറഞ്ഞു

Published by

കൊച്ചി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 156.07 സെന്റീമീറ്റര്‍ മഴ. 174.69 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ജൂണ്‍ ഒന്നു മുതല്‍ ആഗസ്ത് 31 വരെയുള്ള കാലഘട്ടത്തില്‍ 11 ശതമാനം മഴയുടെ കുറവാണുള്ളത്. ഇടുക്കിയിലാണ് മഴ ഏറ്റവും കൂടുതല്‍ കുറഞ്ഞത്, 31 ശതമാനം. കണ്ണൂരില്‍ 15 ശതമാനം മഴ കൂടി.

സംസ്ഥാനത്താകെ 28.74 സെന്റീമീറ്റര്‍ മഴയാണ് ആഗസ്തില്‍ ലഭിച്ചത്. ഒന്‍പതു ദിവസമാണ് ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത്. ആഗസ്ത് പാതിക്ക് ശേഷം കുറഞ്ഞ മഴ 28 മുതല്‍ 30 വരെ വീണ്ടും ശക്തമായി. കഴിഞ്ഞ വര്‍ഷം ആറ് സെന്റീമീറ്റര്‍ മഴയായിരുന്നു ഇതേമാസം ലഭിച്ചത്. അതിനെ അപേക്ഷിച്ച് മഴ കൂടിയെങ്കിലും ശരാശരി ലഭിക്കേണ്ട മഴയില്‍ കുറവ് വന്നിട്ടുണ്ട്.

കാലവര്‍ഷം കലിതുള്ളിയ 2018ല്‍ പോലും ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞിരുന്നു. കാലവര്‍ഷത്തിന്റെ രണ്ടാംപാതിയായ ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലായിരുന്നു അധികമഴ ലഭിച്ചിരുന്നത്. എന്നാല്‍ ആ പതിവ് മാറി ജൂണിലും ജൂലൈയിലും ശരാശരി മഴയിലേക്ക് ഇത്തവണ എത്തി. 2023ല്‍ കാലവര്‍ഷത്തിലാകെ 34 ശതമാനം മഴയുടെ കുറവുണ്ടായിരുന്നു. 132.65 സെന്റീമീറ്റര്‍ മഴയാണ് അന്ന് ആകെ ലഭിച്ചത്. ഇത്തവണ ആദ്യപാതിയില്‍ത്തന്നെ ഇതിനടുത്ത് മഴ എത്തിയിരുന്നു. ജൂണ്‍, ജൂലൈ മാസത്തില്‍ 127.33 സെ.മീ. മഴയാണ് ലഭിച്ചത്. കൂടുതല്‍ മഴ കിട്ടിയത് ജൂലൈയിലായിരുന്നു. ജൂണിലും ജൂലൈയിലുമായി നാലു ശതമാനം മഴയുടെ കുറവാണ് ഇത്തവണ ഉണ്ടായിരുന്നത്.

ജില്ല തിരിച്ച് ഇതുവരെയുള്ള മഴ കണക്ക് ചുവടെ: വയനാട്-28, എറണാകുളം-23, ആലപ്പുഴ-19, കാസര്‍കോട്-12, പത്തനംതിട്ട-11, കൊല്ലം-10, കോഴിക്കോട്-9, തൃശ്ശൂര്‍-8, മലപ്പുറം-5, കോട്ടയം-രണ്ട് ശതമാനം വീതം മഴ കുറഞ്ഞപ്പോള്‍ തിരുവനന്തപുരം-11, പാലക്കാട്-ഒരു ശതമാനം വീതം മഴ കൂടി. 92 ദിവസത്തിനിടെ 30 ദിവസമാണ് ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത്.

ജൂണ്‍ ആദ്യ രണ്ട് വാരവും അവസാന വാരവും മികച്ച മഴ കിട്ടി. ജൂലൈ പാതിയോടെ ഏഴു ദിവസമാണ് മെച്ചപ്പെട്ട മഴ കിട്ടിയത്. അവസാന വാരം നാലു ദിവസം മികച്ച മഴ കിട്ടി. ഇതിനിടെയാണ് വയനാട്ടില്‍ രാജ്യത്തെ തന്നെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്. കാലവര്‍ഷത്തിലാകെ 201 സെന്റീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by