ബെംഗളൂരു: ഭാരത ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്മാരില് ഒരാളും മുന് നായകനും പരിശീലകനുമായ രാഹുല് ദ്രാവിഡിന്റെ മകന് സമിത്ത് ദ്രാവിഡ് ഭാരത അണ്ടര് 19 ടീമില്. ഓസ്ട്രേലിക്കെതിരെ നടക്കുന്ന വിവിധ ഫോര്മാറ്റിലുള്ള പരമ്പരയ്ക്കായി സമിത്തിനെയും തെരഞ്ഞെടുത്തതായി ഇന്നലെ പുറത്തുവന്ന റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. ഈ മാസം 21, 23, 26 തീയതികളിലായി പുതുശ്ശേരിയിലാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കുക. ഉത്തര്പ്രദേശില് നിന്നുള്ള മുഹമ്മദ് അമാന് ആണ് ഭാരതത്തെ നയിക്കുക.
ഇതിന് ശേഷം 30 മുതല് അടുത്ത മാസം ഏഴ് വരെ ചെന്നൈയില് രണ്ട് ചതുര്ദിന മത്സരങ്ങളും നടക്കും. ഇതിലും സമിത്ത് ദ്രാവിഡ് ഇടംപിടിച്ചിട്ടുണ്ട്. ഈ ടീമിനെ നയിക്കുന്നത് മധ്യപ്രദേശില് നിന്നുള്ള സോഹം പട്വര്ദ്ധന് ആയിരിക്കും. ബാറ്റിങ്ങിന് പുറമെ പേസ് ബൗളര് കൂടിയായ സമിത്ത് ഒരു ഓള്റൗണ്ടര് ആണ്. നിലവില് ബെംഗളൂരുവില് നടന്നുവരുന്ന കെഎസ്സിഎ മഹാരാജാ ട്രോഫിയില് മൈസൂര് വാരിയേഴ്സിന് വേണ്ടി കളിക്കുകയാണ് സമിത് ദ്രാവിഡ്.
ഇന്റര് സ്റ്റേറ്റ് ടൂര്ണമെന്റില് ഇതുവരെ എട്ട് മത്സരങ്ങളില് കളിച്ചിട്ടുള്ള സമിത്ത് 362 റണ്സെടുത്തു. അതില് ജമ്മു ആന്ഡ് കശ്മീരിനെതിരെ നേടിയ 98 റണ്സ് ആണ് ഉയര്ന്ന സ്കോര്. പേസ് ബൗളറായ താരം എട്ട് കളികളില് നിന്ന് 16 വിക്കറ്റുകളും സ്വന്തം പേരിലാക്കി. ഫൈനലില് മുംബൈയ്ക്കെതിരെ രണ്ട് വിക്കറ്റ് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: