ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തികസ്ഥിതി നടപ്പുസാമ്പത്തികവര്‍ഷം സുസ്ഥിരമായിരിക്കുമെന്നും അതിനാല്‍ ‘ബിബിബി’ റേറ്റിംഗ് നല്‍കുന്നുവെന്നും ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്സ്. ഇന്ത്യയുടെ ധനകാര്യ വിശ്വാസ്യത മെച്ചപ്പെട്ടുവെന്നും ശക്തമായ സാമ്പത്തിക വളര്‍ച്ചാനിരക്ക് അടുത്ത സാമ്പത്തിക പാദങ്ങളില്‍ ഉണ്ടാകുമെന്നും ഫിച്ച് റേറ്റിംഗ്സ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു.
നടപ്പുസാമ്പത്തിക വര്‍ഷമായ 2024-25 ല്‍ ഇന്ത്യ 7.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ഇന്ത്യയുടെ നാണ്യപ്പെരുപ്പം 4.9 ശതമാനമെന്ന സുരക്ഷിത നിലവാരത്തില്‍ ഒതുങ്ങിനില്‍ക്കുമെന്നും ഫിച്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നേരത്തെ ഇന്ത്യ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനം മാത്രമേ വളര്‍ച്ച കൈവരിക്കൂ എന്നാണ് ഫിച്ച് പ്രവചിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച കണ്ട് 7.2 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്.
“ഇന്ത്യയുടെ ധനകാര്യ വിശ്വാസ്യത ശക്തിപ്പെടുന്നതും ധനവിനിയോഗങ്ങളില്‍ കൂടുതല്‍ സുതാര്യത കൈവന്നതും മെച്ചപ്പെട്ട വരുമാനവും അടുത്ത സാമ്പത്തിക പാദങ്ങളില്‍ സര്‍ക്കാരിന്റെ കടം കുറച്ചുകൊണ്ടുവരുമെന്ന് കരുതുന്നു.”- ഫിച്ച് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. “ഇക്കഴിഞ്ഞ ജൂലായ് 23ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നാണ്യപ്പെരുപ്പം 4.9 ശതമാനത്തില്‍ നിലനിര്‍ത്തുമെന്നാണ് കേന്ദ്രം ഉറപ്പ് നല്‍കിയത്. ഇതിന് മുന്‍പ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നാണ്യപ്പെരുപ്പത്തോത് 5.1 ശതമാനമെന്നായിരുന്നു പറഞ്ഞിരുന്നത്. “- ഫിച്ച് റിപ്പോര്‍ട്ട് പറയുന്നു.
“ധനക്കമ്മിയും കടവും കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനകാര്യ ശാക്തീകരണം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ മുന്നോട്ട് കുതിയ്‌ക്കുകയാണ്. സര്‍ക്കാര്‍ ധനവിനിയോഗം വര്‍ധിപ്പിക്കുന്നു എന്നത് സര്‍ക്കാര്‍ ധനക്കമ്മി കുറയ്‌ക്കാന്‍ നോക്കുന്നതിന്റെ സൂചനയാണ്. ജൂലായിലെ ബജറ്റില്‍ പറഞ്ഞതുപോലെ നടപ്പുസാമ്പത്തിക വര്‍ഷത്തെ നാണ്യപ്പെരുപ്പം ജിഡിപിയുടെ 4.9 ശതമാനത്തില്‍ തന്നെ ഒതുങ്ങുമെന്നാണ് കരുതുന്നത്.” – ഫിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. “സര്‍ക്കാരിന്റെ ധനകമ്മി 2026ല്‍ 7.3 ശതമാനമായും 2029ല്‍ 6.6 ശതമാനമായും കുറയുമെന്നും കരുതുന്നു. പൊതുക്കടവും 2029 ആകുമ്പോഴേക്കും 78 ശതമാനത്തോളം കുറയും.”- ഫിച്ച് പറയുന്നു. സേവനരംഗത്തുള്ള ഇന്ത്യയുടെ കരുത്ത് കയറ്റുമതിയുടെ കുതിപ്പിന് സഹായിക്കുമെന്നും അത് വിവിധ ചരക്കുകളുടെ വിലക്കയറ്റംമൂലമുണ്ടാകുന്ന ആഘാതത്തില്‍ നിന്നും രക്ഷയാകുമെന്നും ഫിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മെച്ചപ്പെട്ട വിദേശനാണ്യ ശേഖരമുണ്ടെന്നതും കയറ്റുമതി-ഇറക്കുമതി അന്തരത്തിലുള്ള കമ്മി കുറവാണെന്നതും ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെട്ടനിലയിലാക്കുന്നു. ജനങ്ങള്‍ക്കിടയിലെ ഉപഭോഗം കുറയുന്നത് റിസ്കാണെന്നും ഇത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് തടസ്സമാകുമെന്നും ഫിച്ച് മുന്നറിയിപ്പ് നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: