അന്നപൂര്‍ണയുടെ പിന്നാമ്പുറത്ത് ചില്ലറ അരുതായ്മകള്‍ അരങ്ങേറുന്നുണ്ടെന്നത് നാട്ടിലൊക്കെ പാട്ടാണ്. ഇതൊക്കെ എവിടെയാ ഇല്ലാത്തത് എന്നൊരു ഉത്തരംമുട്ടിക്കുന്ന ചോദ്യം കൊണ്ടാണ് എല്ലാം മൂടിക്കെട്ടി വച്ചുപോരുന്നത്. എന്നാല്‍ വെള്ളിത്തിരക്കു പിന്നിലെ ഇരുട്ടില്‍ നടക്കുന്ന ‘എ പ്ലസു’കളെക്കുറിച്ച് കേട്ടപ്പോള്‍ തുടങ്ങിയതാണ് അപ്പുണ്യേട്ടന്റെ ചെറിയ ബുദ്ധിയില്‍ ഒരു കുറ്റബോധം. ‘മീ ടൂ’ എന്നും പറഞ്ഞ് ആരൊക്കെയാണ് കയറിവരാന്‍ പോകുന്നത് എന്ന് ആലോചിച്ചപ്പോള്‍ മുതല്‍ ചങ്കിട്ടിപ്പ് കൂടാന്‍ തുടങ്ങി.
അതിനിടയിലാണ് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി പൊട്ടിച്ച ബോംബ്. സിനിമാരംഗത്തു മാത്രം എന്തിനാ ഇങ്ങനെ മാടമ്പിത്തുരുത്തുകള്‍ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. നടിമാരുടെ വാതിലില്മുട്ടുന്നതും വേതന തുല്യതയുമൊക്കെ പരിഹരിച്ചോട്ടെ. ആദ്യം പരിഗണിക്കേണ്ടത് സിനിമാ സെറ്റില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളാണത്രേ. തമിഴ്നാട്ടില്‍ നിന്നും ലോറിയില്‍ കയറ്റി കൊണ്ടുവരുന്ന കന്നുകാലികളെപ്പോലെയാണത്രേ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം. ഇരിക്കാനോ മൂത്രമൊഴിക്കാനോ നേരെ ചൊവ്വേ ഭക്ഷണം കഴിക്കാനോ ഈ പാവങ്ങള്‍ക്ക് അവകാശമില്ല. പ്രതിഫലക്കാര്യം പറയുകയേ വേണ്ട. കങ്കാണിമാരുടെ കമ്മിഷന് കഴിച്ച് എന്തെങ്കിലും കിട്ടിയാലായി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ഘോരഘോരം ആകാശത്തേക്ക് മുഷ്ടിചുരുട്ടുന്ന സംഘടനകളൊന്നും ഇവരെ തിരിഞ്ഞുനോക്കാറില്ല. സമ്പാദ്യ തൊഴില്‍ സമരങ്ങള്‍ക്ക് കേളികേട്ട കേരളത്തിലാണിതെന്നോര്ക്കണം.
നവകേരള സദസ്സുപോലെ, ലോകകേരളസഭ പോലെ പഞ്ചനക്ഷത്രത്തിളക്കത്തില്‍ നടക്കാനിടയുള്ള കോണ്‍ക്ലേവിലും ഇവര്‍ക്കൊന്നും കയറിപ്പറ്റാനായെന്നു വരില്ല. മാത്രവുമല്ല പാനല്‍ചര്‍ച്ചയും ബിരിയാണിയും കശുവണ്ടിപ്പരിപ്പുമൊക്കെ വിലസുന്നിടത്ത് അപ്രിയ ചോദ്യങ്ങള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും ഇടം കിട്ടിയെന്നും വരില്ല. കര്‍ശനനിയന്ത്രണങ്ങള്‍ക്ക് വിധേയമായി താരത്തിളക്കത്തില്‍ നടക്കുന്ന മാമാങ്കത്തില്‍ എന്ത് ലൈറ്റ് ബോയ്സ്, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് തുടങ്ങിയ പിന്നാക്കത്തൊഴിലാളികള്?
ഇതെല്ലാം ചിന്തിച്ചപ്പോഴാണ് അപ്പുണ്യേട്ടന്റെ ചെറിയ ബുദ്ധിയില്‍ ഒരു നാടന്‍ കോണ്‍ക്ലേവ് വിരിഞ്ഞത്. ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ എന്നു പറഞ്ഞതുപോലെയാണ് ഈ ആശയം വീണുകിട്ടിയത്. അന്നപൂര്‍ണയുടെ ഊട്ടുപുരയില്തന്നെ അരങ്ങ്. പരാതിക്കാര്‍ക്കും വാര്‍ഡുമെമ്പര്‍മാര്‍ക്കും ഇരകള്‍ക്കുമെല്ലാം പ്രവേശനം സൗജന്യം. അതുവഴിവരുന്ന പോലീസുകാര്‍ക്കും പങ്കെടുക്കാം. ആരും ആലമ്പുണ്ടാക്കരുതെന്നു മാത്രം. കഴിക്കാന്‍ ചിക്കന്‍ ബിരിയാണിയും കൊറിക്കാന്‍ നിലക്കടലയും കുടിക്കാന്‍ ആവശ്യക്കാര്‍ക്ക് പിന്നാമ്പുറത്ത് നാടനും ടച്ചിംഗ്സും. ഇങ്ങനെ കുടിക്കാന്‍, കഴിക്കാന്‍, കൊറിക്കാന്‍, തൊട്ടുനക്കാന്‍ എന്നിങ്ങനെ ചതുര്‍വിഭവങ്ങളോടെ പ്രായശ്ചിത്ത സല്‍ക്കാരം. ഇനിയുള്ളകാലം എല്ലാം നോക്കിയും കണ്ടും (ക്യാമറയില്‍പ്പെടാതെ) നടത്തിക്കോളാമെന്ന് നയപ്രഖ്യാപനം. എല്ലാവരും മൃഷ്ടാന്നഭോജനം കഴിഞ്ഞ് രമ്യമായി പിരിഞ്ഞു പോകണം. നാളെയും അന്നപൂര്‍ണയോട് പതിവുപോലെ സഹകരിച്ച് കച്ചവടം ഉത്സാഹമാക്കണം. കച്ചവടം പൊടിപൊടിച്ചാലല്ലേ എന്തെങ്കിലും പിരിവ് കൊടുക്കാനാവൂ എന്ന് ചുരുക്കം.
നാട്ടുമ്പുറത്തെ ഒരു ചായക്കടക്കാര്യം എന്നു പറഞ്ഞ് ലഘൂകരിച്ച് കാണേണ്ട. ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പുച്ഛിക്കുകയും വേണ്ട. ഫെയ്സ്ബുക്കും ഇന്റര്‍നെറ്റും ചാനലുകളും ഒത്തുപിടിച്ചാല്‍ ഇതും ഒരു അന്താരാഷ്ട്രസംഭവമായി മാറാവുന്നതേയുള്ളൂ. നാളെ സിനിമയിലെ നവോത്ഥാന നായകര്‍ക്ക് മാര്ഗ്ഗദര്ശകമാകാവുന്ന ലളിതവും പ്രതീകാത്മകവുമായ ഒരു നാടന്‍ കോണ്‍ക്ലേവാണ് അന്നപൂര്‍ണ്ണയില്‍ അണിഞ്ഞൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: