ന്യൂദല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2004-25) ആദ്യ ത്രൈമാസ പാദമായ ഏപ്രില്‍-ജൂണ്‍ കണക്കനുസരിച്ച്, 6.7 ശതമാനം വളര്‍ച്ച കൈവരിച്ച് ഇന്ത്യയുടെ മൊത്ത ആഭ്യന്തോല്പാദനം(ജിഡിപി).
യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ (ഇസ്രയേല്‍-ഇറാന് യുദ്ധം, റഷ്യ-ഉക്രൈന് യുദ്ധം) നിറഞ്ഞ പ്രതികൂല കാലാവസ്ഥയിലാണ് ഇന്ത്യ ഇത്രയും വളര്‍ച്ച കൈവരിച്ചത് എന്നത് കണക്കാക്കാതെ വയ്യ. ലോകത്തിലെ വമ്പന്‍ രാഷ്ട്രങ്ങള്‍ പോലും സാമ്പത്തികമായി വളര്‍ച്ച നേടാനാകാതെ വിഷമിക്കുകയാണ്. ചൈനയുടേത് ഇക്കാലയളവിലെ വളര്‍ച്ച 4.7 ശതമാനം മാത്രമാണ് വളര്‍ന്നത്. യുഎസിന്റെ സാമ്പത്തിക വളര്‍ച്ചയാകട്ടെ വെറും 3.2 ശതമാനം മാത്രമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ ചെലവില്‍ മാന്ദ്യം വരുത്തി
അതേ സമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ (2023-24) ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.2 ശതമാനമായിരുന്നു. പക്ഷെ അത് കോവിഡിന് ശേഷം സമ്പദ് വ്യവസ്ഥ ഉണരുന്ന സമയമായതിനാല്‍ ഇതേ വളര്‍ച്ച എപ്പോഴും ഉണ്ടാകുമെന്ന് കരുതുക വയ്യ. അതുപോലെ 2004ലെ ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസകാലയളവില് ഇന്ത്യ 7.8 ശതമാനം വളര്‍ച്ച നേടിയിരുന്നു. അതിനര്‍ത്ഥം ഇപ്പോഴത്തെ 6.7 ശതമാനം തിളക്കം കുറഞ്ഞ വളര്ച്ചയാണെന്നാണോ? അല്ല. കാരണം പ്രതികൂലമായ സാഹചര്യങ്ങളെ നേരിട്ടാണ് ഇന്ത്യ ഈ ത്രൈമാസത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇത്രയും വളര്‍ച്ച കൈവരിച്ചത്. റിസര്‍വ്വ് ബാങ്ക് പ്രവചിച്ചിരുന്നത് ഇന്ത്യ 7.1 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു. അതിനായില്ലെങ്കിലും ആശങ്കയുടെ ആവശ്യമില്ല. അതായത് നാല് പോയിന്റിന്റെ കുറവ്. ഇതിന് സര്‍ക്കാരിന്റെ ധനവ്യയത്തില്‍ കുറവ് വന്നത് ഒരു കാരണമായി പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതിന് കാരണം ഈയിടെ നടന്ന പൊതുതെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ പൊതുച്ചെലവുകള്‍ നിശ്ചലമായ മാസങ്ങളായിരുന്ന ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍.
കാര്‍ഷിക വളര്‍ച്ച മെച്ചപ്പെടും, മാനുഫാക്ടറിംഗും ഉല്പാദനവും നല്ല വളര്‍ച്ചയില്‍
അതുപോലെ സ്വകാര്യ ഉപഭോഗം കുറഞ്ഞതും ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ഷോപ്പിംഗ് മാളുകളും കോംപ്ലക്സുകളിലും ആളുകള്‍ സന്ദര്‍ശിക്കുന്നത് കുറഞ്ഞുപോയിരുന്നു. ഇതിന് കാരണം ചൂടുകാറ്റാണെന്നും പറയുന്നു. ആളുകള്‍ ഷാപ്പിംഗ് മാളുകളിലും കോംപ്ലക്സിലും എത്തുന്നത് കുറഞ്ഞാല്‍ അവര്‍ പണം ചെലവഴിക്കുന്നതും കുറയും. ഇത് സ്വകാര്യ ഉപഭോഗത്തെ കുറയ്ക്കും. കാര്‍ഷിക മേഖലയിലെ വളര്‍ച്ച അല്പം കുറഞ്ഞിട്ടുണ്ട്. 2023 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തല് കാര്‍ഷിക മേഖലയില്‍ 3.7 ശതമാനം വളര്‍ച്ച നേടിയിരുന്നു. അത് 2024 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 2 ശതമാനമായി കുറഞ്ഞു. ഇതിന് കാരണം വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉഷ്ണക്കാറ്റാണ്. 10 ഉഷ്ണക്കാറ്റുകളെങ്കിലും നടന്നിരുന്നു. അതേ സമയം നമുക്ക് അതിന് ശേഷം നല്ല മഴ ലഭിച്ചതിനാല്‍ അടുത്ത സാമ്പത്തിക പാദങ്ങളില്‍ കാര്ഷികോല്പാദനം മെച്ചപ്പെടുമെന്ന് കരുതുന്നു. 2024 ഏപ്രില്‍-ജൂണ്‍ കാലഘട്ടത്തില്‍ ഉല്പാദനം (മാനുഫാക്ചറിംഗ്) ഏഴ് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2023ല്‍ ഇതേ കാലയളവില്‍ അത് വെറും അഞ്ച് ശതമാനമായിരുന്നു. നിര്‍മ്മാണ മേഖല 8.6ശതമാനമായി വളര്‍ന്നു. സേവനമേഖല 7.1 ശതമാനമായി വളര്‍ന്നു. ഇതിനര്‍ത്ഥം മൊത്തത്തില്‍ സമ്പദ്ഘടനയുടെ വളര്‍ച്ച നല്ല പാതയിലാണെന്നു തന്നെയാണ്.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന, മൂഡീസിന് ശുഭാപ്തിവിശ്വാസം
എന്തായാലും ഇന്ത്യ തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന എന്നത് ശോഭനമായ കാര്യമാണ്. മാത്രമല്ല, വരുന്ന മാസങ്ങളില്‍ ഇന്ത്യ കൂടുതല്‍ വളര്‍ച്ച നേടുമെന്ന് തന്നെയാണ് പ്രത്യാശ. ഇതിനിടെ മൂഡീസ് എന്ന അന്താരാഷ്ട്ര സാമ്പത്തിക റേറ്റിംഗ് ഏജന്‍സി ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്ക് നേരത്തെ രേഖപ്പെടുത്തിയതിനേക്കാള്‍ കൂട്ടിയിരിക്കുകയാണ്. 6.8 ശതമാനത്തില്‍ നിന്നും 7.2 ശതമാനത്തിലേക്കാണ് മൂഡീസ് ഇത് വര്‍ധിപ്പിച്ചത്. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത വര്‍ധിക്കുമെന്നതിനാലാണ് മൂഡീസ് പഴയ പ്രവചനം തിരുത്തിയത്.
ഇന്ത്യയുടെ വളര്‍ച്ചാ അവലോകനം ശക്തം
മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ശേഷമുള്ള ആദ്യ ജിഡിപി പ്രഖ്യാപനമാണ് വെള്ളിയാഴ്ച നടന്നത്. ഇതില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യയുടെ വളര്‍ച്ചാ അവലോകനം ശക്തമാണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: