Kerala

2023-24 അധ്യയന വര്‍ഷത്തിലെ എന്‍സിസി റിഫ്രഷ്‌മെന്റ് തുക ഉടന്‍ അനുവദിക്കണം: എബിവിപി

Published by

തിരുവനന്തപുരം: 2023-24 അധ്യയന വര്‍ഷത്തിലെ എന്‍സിസി റിഫ്രഷ്‌മെന്റ് തുക ഗവണ്‍മെന്റ് ഉടന്‍ അനുവദിക്കണമെന്നും മുടങ്ങിക്കിടക്കുന്ന പരേഡ് ഉടന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്.

ഇതുസംബന്ധിച്ച് എബിവിപി സംസ്ഥാന- കേന്ദ്ര മന്ത്രിമാര്‍ക്ക് പരാതി നല്കി. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കുമാണ് പരാതി നല്കിയത്.

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കോളജുകളിലുമായി ആയിരത്തോളം എന്‍സിസി സബ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലെല്ലാം കൂടി ഒരുലക്ഷത്തോളം എന്‍സിസി കേഡറ്റുകളും ഉണ്ട്. ഹൈസ്‌കൂള്‍ എന്‍സിസി കേഡറ്റുകള്‍ക്ക് വര്‍ഷത്തില്‍ 40 പരേഡും ഹയര്‍സെക്കന്‍ഡറി കോളജ് കേഡറ്റുകള്‍ക്ക് 20 പരേഡും ആണ് ഒരു വര്‍ഷം നടക്കേണ്ടത്. പരേഡിന് ശേഷം കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ അല്ലെങ്കില്‍ കോളജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സാധാരണക്കാരുടെ ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷണം കടമായി വാങ്ങുന്നത്. ഓരോ ത്രൈമാസത്തിലും എന്‍സിസി വകുപ്പ് ബില്ലുകള്‍ സംസ്ഥാന ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും കാലതാമസം കൂടാതെ പണം അനുവദിക്കപ്പെടുകയും ചെയ്യുന്നതായിരുന്നു കീഴ്‌വഴക്കം.

എന്നാല്‍ 2023-24 അധ്യയന വര്‍ഷം സമര്‍പ്പിക്കപ്പെട്ട ബില്ലുകള്‍ക്ക് ഇതുവരെ പണം അനുവദിച്ചിട്ടില്ല. ഒരു വര്‍ഷം കൊണ്ട് 21 കോടിയോളം രൂപയുടെ ബാധ്യതയാണ് ഹോട്ടല്‍ ഉടമകള്‍ക്കും കോളജ് ക്യാന്റീന്‍ നടത്തിപ്പുകാര്‍ക്കും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കുടിശിക തീര്‍ക്കാത്തതിനാല്‍ ഈ വര്‍ഷം മൂന്നുമാസം ആയിട്ടും എന്‍സിസി കേഡറ്റുകള്‍ക്ക് പരേഡ് തുടങ്ങാനായിട്ടില്ല.

എന്‍സിസി ഉള്ള സ്ഥാപനങ്ങളില്‍ അതിന്റെ ചുമതല വഹിക്കുന്ന അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ക്ക് ഓരോ മാസവും അനുവദിച്ചിരിക്കുന്ന ഓണറേറിയവും മുടങ്ങി. പ്രശ്‌നപരിഹാരത്തിന് അടിയന്തര ശ്രമം ഉണ്ടാകണമെന്ന് ഈശ്വരപ്രസാദ് ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക