തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ച കമ്പിവേലിയില്‍ നിന്നും ഷോക്കേറ്റ് മരണം സംഭവിച്ചതില്‍ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം കാലതാമസമില്ലാതെ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവ്. നഷ്ടപരിഹാരം ലഭിക്കണമെന്നുണ്ടെങ്കില്‍ മരിച്ചയാളുടെ ഭാര്യ കോടതിയെ സമീപിക്കണമെന്നും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഇതിനാവശ്യമായ സഹായം നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
വെഞ്ഞാറമൂട് വെള്ളു മണ്ണടി ചക്കക്കാട് സ്വദേശി ഷൈനാദാസ് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. 2024മാര്‍ച്ച് 24ന് രാത്രിയാണ് പരാതിക്കാരിയുടെ ഭര്‍ത്താവ് അരുണ്‍ ഷോക്കേറ്റ് മരിച്ചത്.
വെള്ളുമണ്ണടി ഓലിക്കര സ്വദേശികളുടെ ഉടമസ്ഥതതയിലുള്ള ഭൂമിയിലെ കമ്പിവേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പരാതി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കമ്മീഷന് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ ഭൂമിയുടെ ഉടമകളായ സുശീലനും മകളായ ആശയ്ക്കും തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതായി പറയുന്നു.
എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ തന്റെയും 13 വയസുള്ള മകളുടെയും ജീവിതം പ്രതിസന്ധിയിലായെന്ന് പരാതിക്കാരി അറിയിച്ചു. തുടര്‍ന്ന് കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: