രണ്ടാമത്തേത് ഗൃഹസ്ഥിതി. ഏതാനും മനുഷ്യരുടെ ഒത്തുകൂടിയുള്ള ജീവിതമാണല്ലോ ഗൃഹത്തില്‍. വീട്ടില്‍ നിന്നുമാണ് ബന്ധങ്ങള്‍ ആരംഭിക്കുന്നത്. വ്യവസ്ഥിതിയും പരിസ്ഥിതിയും രൂപപ്പെടുന്നത് ഗൃഹസ്ഥിതി സംസ്‌കാരമനുസരിച്ചാണ്. അതുകൊണ്ടാണ് ഭാരതീയര്‍ പാശ്ചാത്യരില്‍ നിന്നും വ്യത്യസ്തമായി കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കിയിരുന്നത്. സത്യസന്ധത, ധര്‍മബോധം, നീതി, ദയ, കാരുണ്യം, ന്യായം, സഹകരണം, സഹാനുഭൂതി, സാമൂഹ്യ പ്രതിബദ്ധത, പ്രകൃതിസ്‌നേഹം എന്നിവയെല്ലാം അടിസ്ഥാനപരമായി പരിശീലിച്ചിരുന്നത് കുടുംബങ്ങളില്‍ നിന്നായിരുന്നു.
അമേരിക്കയിലും യൂറോപ്പിലുമൊക്കെ കൗമാര-യൗവ്വന പ്രായക്കാരില്‍ എന്തുകൊണ്ടാണ് വര്‍ധിച്ച തോതില്‍ കുറ്റവാസനയുള്ളതെന്ന കാര്യം പഠിച്ചപ്പോള്‍ കണ്ടെത്തിയത്, ആ കുട്ടികളെല്ലാം തകര്‍ന്ന കുടുംബങ്ങളില്‍ (Broken families) നിന്നുള്ളവരായിരുന്നു എന്നതാണ്. അതേപോലെ തന്നെ അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജര്‍ എന്തുകൊണ്ട് വിവിധ രംഗങ്ങളില്‍ തിളങ്ങുന്നു എന്നതിനെക്കുറിച്ചും പഠിക്കുകയുണ്ടായി. ജൂതന്മാര്‍ കഴിഞ്ഞാല്‍, കുടിയേറ്റം നടത്തിയ അമേരിക്കക്കാരില്‍ ഏറ്റവും സമ്പന്നര്‍ ഇന്ത്യക്കാരാണ്. മാത്രമല്ല, വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. അന്തര്‍ദേശീയ സ്‌പെല്ലിങ് ബി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയികളാകുന്നതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഈ വിജയങ്ങളുടെയൊക്കെ പ്രധാന കാരണമായി കണ്ടെത്തിയത് ഇന്ത്യക്കാരുടെ കുടുംബ ബന്ധങ്ങളുടെ അടിത്തറയാണ്.
പരിസ്ഥിതി സംരക്ഷണ ബോധം വളര്‍ത്തുന്നതിലും, നിലനില്പിന്റെ മൂല്യബോധം സൃഷ്ടിച്ച് മാതൃകാ സമൂഹം കെട്ടിപ്പടുക്കുന്നതിലും, കുടുംബാന്തരീക്ഷത്തിനും കുടുംബബന്ധങ്ങള്‍ക്കും നല്ല പങ്കുണ്ട്.
കൂട്ടായ്മയുടെ ഫലമാണ് വ്യവസ്ഥിതി. സ്ഥാപനങ്ങളും ഭരണ സംവിധാനങ്ങളുമെല്ലാം വ്യവസ്ഥിതിയില്‍ പെടും. കുടുംബത്തില്‍ നിന്ന് വ്യക്തികള്‍ക്ക് കിട്ടുന്ന അച്ചടക്കവും പരിശീലനവുമാണ് നല്ല വ്യവസ്ഥിതിയുടെ അടിസ്ഥാനം. നല്ല വ്യവസ്ഥിതികള്‍ നല്ല പരിസ്ഥിതിക്ക് രൂപം നല്‍കും. കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലും, ഇപ്പോഴത്തെ മുതലാളിത്ത വ്യവസ്ഥിതിയിലും പ്രകൃതി ധ്വംസനമാണ് കൂടുതല്‍ നടന്നതും നടക്കുന്നതും. പ്രകൃതിയെ അന്യമായി കാണുന്നതാണ് ഈ രണ്ടു വ്യവസ്ഥിതികളുടെയും സ്വഭാവം. അതുകൊണ്ടു മനുഷ്യനും പ്രകൃതിയും ഒരേ ചൈതന്യത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണെന്നു കരുതുന്ന ഭാരതീയ പരിസ്ഥിതി ദര്‍ശനത്തിന് ഇക്കാലത്തു വളരെയേറെ പ്രസക്തിയുണ്ട്.
പരിസ്ഥിതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. മനുഷ്യരുടെ ശരീരസ്ഥിതിയും, മനസ്ഥിതിയും, വ്യവസ്ഥിതിയും എല്ലാം നിലനില്‍ക്കുന്നത് പരിസ്ഥിതി കാരണമാണ്. വായുവും ജലവും മണ്ണും ചൂടും വെളിച്ചവും ഇവയ്‌ക്കൊക്കെ നിലനില്‍ക്കാനുള്ള ഇടവും ചേര്‍ന്നതാണ് പരിസ്ഥിതി. ഇവയെല്ലാം തമ്മിലും ജീവിവര്‍ഗങ്ങള്‍ തമ്മിലും ഇഴചേര്‍ന്ന ബന്ധങ്ങളുണ്ട്. പ്രകൃതിയിലെ പാരസ്പര്യമെന്നാണ് ശാസ്ത്രജ്ഞര്‍ അതിനെ വിളിക്കുന്നത്. ഒന്ന് ചീയുമ്പോള്‍ മറ്റൊന്നിനു വളമാകുന്ന തരത്തില്‍ പരസ്പരം കൊണ്ടും കൊടുത്തുമുള്ള പ്രകൃതിയുടെ, സുകൃതിയിലൂടെയും വികൃതിയിലൂടെയുമുള്ള സന്തുലിതമായ പ്രയാണത്തെയാണ് പരിസ്ഥിതിയെന്നു പറയുന്നത്.
അണുതൊട്ട് അണ്ഡകടാഹം വരെയുള്ള വസ്തുക്കളുടെയും അതിലുള്ള ജീവികളുടെയും അവതമ്മിലുള്ള ബന്ധങ്ങളുടെയും ആകെ തുകയാണ് പരിസ്ഥിതി, പ്രകൃതി, പ്രപഞ്ചം എന്നൊക്കെ പറയുന്നത്. എന്നാല്‍ മനുഷ്യ ജീവിതവുമായി നേരിട്ട് ബന്ധമുള്ള ഭൂമിയും, അതിലെ ആവാസവ്യവസ്ഥയുമാണ് പരിസ്ഥിതി എന്ന പദം കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്.
ഭാരതീയ വികസന ദര്‍ശനം
പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ വികസനത്തെ കുറിച്ച് ചിന്തിക്കാതെ പറ്റില്ല. കാരണം, ആധുനിക വികസന നയങ്ങളാണ് ലോക പരിസ്ഥിതിയെ ആത്യന്തികമായി നിര്‍ണ്ണയിക്കുന്നത്. പരിസ്ഥിതിയും വികസനവും മനുഷ്യ പുരോഗതിയെന്ന നാണയത്തിന്റെ ഇരുവശങ്ങളാണ്.
ഭാരതീയ വികസന ദര്‍ശനം പ്രകൃതിയുമായി ഒത്തിണങ്ങി പോകുന്നതായിരുന്നു. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ അടുത്ത നാള്‍ വരെ പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ച് കേള്‍ക്കാതിരുന്നത്. ദൈവ കൃപകൊണ്ടുള്ള ആവാസ വ്യവസ്ഥയില്‍, മനുഷ്യന്റെ ഹൃദയം കൊണ്ടുള്ള സമ്പദ് വ്യവസ്ഥ എന്നാണ് ദീന്‍ദയാല്‍ജി ഭാരതീയ സമ്പദ്‌വ്യവസ്ഥയെ വിശേഷിപ്പിച്ചത്. സമ്പത്തിന്റെ പ്രഭാവവും അഭാവവും അധികമാകാതെയുള്ള ഈ വ്യവസ്ഥയെ ‘അര്‍ഥായാം’ എന്നാണു ദീന്‍ദയാല്‍ജി വിളിച്ചത്. ഇങ്ങനെയുള്ള അവസ്ഥയില്‍ പ്രകൃതി തീര്‍ത്തും സുരക്ഷിതമാണ്. (S A Kulkarni, Pandit Deendayal Upadhyaya, Ideology and Perception, 1999, P-29 -30)
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: