ന്യൂദല്‍ഹി: പൂര്‍ണരൂപത്തിലുളള ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണമെന്ന് ദേശീയ വനിതാകമ്മീഷന് കേരള ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. സ്വകാര്യത ലംഘിക്കപ്പെടുമെന്ന് കാട്ടി ചില ഭാഗങ്ങള്‍ നീക്കംചെയ്തശേഷമാണ് കേരളസര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ പല പ്രമുഖരുടെയും പേരുകള്‍ പുറത്തുവന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ദേശീയ വനിതാകമ്മിഷനെ സന്ദര്‍ശിച്ച് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതില്‍ ഇടപെട്ടാണ് പൂര്‍ണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുളളത്. 21 ഖണ്ഡികകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നിടത്ത് 130 ഖണ്ഡികകള്‍ ഒഴിവാക്കിയത് സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്നാണ് പ്രധാന ആക്ഷേപം. ദേശീയ വനിതാകമ്മീഷന് ഇടപെട്ടതോടെ സര്‍ക്കാര്‍ ഒഴിവാക്കിയവരുടെ പേരുകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം ദേശീയ വനിതാകമ്മീഷന്റെ നിര്‍ണായക ഇടപെടലുകളും ഇക്കാര്യത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: