പാലക്കാട് നാലായിരം കോടിയോളം രൂപ ചെലവിട്ട് നിര്‍മിക്കുന്ന വ്യാവസായിക സ്മാര്‍ട്ട് സിറ്റിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കിയത് വളരാനും വികസിക്കാനും കേരളത്തിനുള്ള സുവര്‍ണാവസരമാണ്. പാലക്കാട് നഗരത്തില്‍നിന്ന് 20 കിലോ മീറ്റര്‍ അകലെ കൊച്ചി-സേലം ദേശീയ പാതയില്‍ കഞ്ചിക്കോട് വ്യവസായ മേഖലയോട് ചേര്‍ന്ന് 51000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഈ പദ്ധതി വരുന്നത് വലിയ പ്രതീക്ഷയാണ് കേരളത്തിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് നല്‍കുന്നത്. 8000 കോടിയിലേറെ രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഇവിടെ ഔഷധ രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, നോണ്‍ മെറ്റാലിക് മിനറല്‍ പ്രൊഡക്ടുകള്‍, ഹൈടെക് വ്യവസായങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉല്‍പ്പന്നങ്ങള്‍, യന്ത്രങ്ങള്‍, യന്ത്രഭാഗങ്ങള്‍ എന്നിവയുടെ നിര്‍മാണമാണ് നടക്കുക. ഭൂലഭ്യതയുടെ കുറവും പാരിസ്ഥിതി പ്രശ്‌നങ്ങളുമൊക്കെ ഘനവ്യവസായങ്ങള്‍ തുടങ്ങാന്‍ തടസ്സമായി നില്‍ക്കുന്ന കേരളത്തിന് അനുയോജ്യമായ വ്യവസായ സംരംഭമാണിത്. ഇത്തരം വ്യവസായങ്ങള്‍ക്കുള്ള സാധ്യതകള്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണെങ്കിലും ഈ ദിശയില്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും കേരളം ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നത് ഒരു വസ്തുതയാണ്. കൊട്ടിഘോഷിച്ച് തുടങ്ങിയ കൊച്ചി സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും പൂര്‍ത്തിയാവാതെ പരിതാപകരമായ അവസ്ഥയിലാണ്. ഇതിനെക്കുറിച്ച് ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി 12 വ്യാവസായിക സ്മാര്‍ട്ട് സിറ്റികളാണ് വരാന്‍ പോകുന്നത്. തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രയിലെ ഒര്‍വകല്‍, കൊപ്പര്‍ത്തി, രാജസ്ഥാനിലെ ജോധ്പൂര്‍-പാലി, യുപിയിലെ ആഗ്ര, പ്രയാഗ് രാജ്, പഞ്ചാബിലെ രാജ്പുര-പട്യാല, ഉത്തരാഖണ്ഡിലെ ഖുര്‍പ്യ, മഹാരാഷ്‌ട്രയിലെ ഡിഗി, ബീഹാറിലെ ഗയ എന്നിവിടങ്ങളില്‍ വ്യാവസായിക സ്മാര്‍ട്ട്‌സിറ്റികള്‍ക്കായി 29000 കോടിയോളം രൂപയാണ് ചെലവിടുന്നത്. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഹരിയാനയിലേത് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ വ്യാവസായിക വികസനത്തിനും, അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നരേന്ദ്ര മോദി സര്‍ക്കാരിനുള്ള ആത്മാര്‍ത്ഥതയും താല്‍പ്പര്യവുമാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ കക്ഷിരാഷ്‌ട്രീയം കലര്‍ത്താത്ത മോദി സര്‍ക്കാര്‍, ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളോട് യാതൊരു വിവേചനവും കാണിക്കുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി തുടരുന്ന നയമാണിത്. വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള തടസ്സങ്ങള്‍ പലതും മോദി സര്‍ക്കാര്‍ ഇതിനോടകം നീക്കം ചെയ്യുകയുണ്ടായി. ഇതുവഴി രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചാ നിരക്ക് കുത്തനെ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2023 നവംബറില്‍ രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചാ നിരക്ക് 2.4 ശതമാനമായിരുന്നത് ഡിസംബറില്‍ 3.8 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം ജൂണിലെ കണക്കനുസരിച്ച് വ്യാവസായികോല്‍പ്പാദനം 4.2 ശതമാനമാണ് വര്‍ധിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്ന പാലക്കാട്ടെ വ്യാവസായിക സ്മാര്‍ട്ട്‌സിറ്റി പദ്ധതിയോട് കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എങ്ങനെ പെരുമാറുമെന്ന് കാത്തിരുന്നു കാണണം. സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കിയതുകൊണ്ടാണ് പദ്ധതിക്ക് അനുമതി ലഭിച്ചിരിക്കുന്നതെന്ന അവകാശവാദവുമായി വ്യവസായ മന്ത്രി പി.രാജീവ് രംഗപ്രവേശം ചെയ്തുകഴിഞ്ഞു. കേന്ദ്രം നിര്‍ദ്ദേശിക്കുകയും അനുവദിക്കുകയും ചെയ്ത പല പദ്ധതികളും നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി അട്ടിമറിച്ച പാരമ്പര്യമാണ് ഇടതുമുന്നണി സര്‍ക്കാരിനുള്ളത്. ഇതിനു പിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ഇത്തരം പദ്ധതികള്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നതാണ് ഒരു കാരണം. അഴിമതി നടത്താനുള്ള അവസരം ലഭിക്കാത്തതാണ് മറ്റൊന്ന്. ലോക കേരള സഭയ്‌ക്കും നിക്ഷേപ സംഗമത്തിനുമൊക്കെ വേണ്ടി ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് കോടിക്കണക്കിന് രൂപ ചെലവിടുമെങ്കിലും വ്യവസായങ്ങള്‍ തുടങ്ങാനുള്ള അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ താല്‍പ്പര്യം കാണിക്കാറില്ല. കഞ്ചിക്കോട്ടെ റെയില്‍വെ കോച്ച് നിര്‍മാണ ഫാക്ടറി നടക്കാതെ പോയത് ഇതുകൊണ്ടാണ്. ഭരണം പാര്‍ട്ടി വളര്‍ത്തുന്നതിനും അഴിമതിക്കും വേണ്ടിയുള്ളതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന പിണറായി സര്‍ക്കാരിന്റെ എട്ട് വര്‍ഷമായി തുടരുന്ന ഭരണം സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. പാലക്കാട്ടെ വ്യാവസായിക സ്മാര്‍ട്ട് സിറ്റി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള സഹകരണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക