പട്ന: തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഉത്തര കൊറിയന്‍ ഏകാധിപതിയായ കിങ് ജോങ് ഉന്നിനെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാതൃകയാക്കാന്‍ ശ്രമിക്കുന്നതെന്ന് ഗിരിരാജ് സിങ് തുറന്നടിച്ചു. ബംഗാളിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഭാരതം ഒന്നടങ്കം കത്തിക്കുമെന്ന മമതയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാനത്താകെ പ്രതിഷേധം കനക്കുകയാണ്. ഇതില്‍ രോഷംകൊള്ളുന്ന മമത കിം ജോങ് ഉന്നിന് സമാനമായാണ് പ്രവര്‍ത്തിക്കുന്നത്. തന്റെ പ്രതിപക്ഷത്ത് വരുന്നവരെയും തനിക്ക് നേരെ വിരല്‍ ചൂണ്ടുന്നവരെയും കിങ് ജോങ് ഉന്നിന് നശിപ്പിച്ചുള്ള ശീലമാണുള്ളത്. സമാനമായ രീതിയാണ് മമതയും സ്വീകരിക്കുന്നത്, ഗിരിരാജ് സിങ് പറഞ്ഞു.
പ്രതിഷേധങ്ങള്‍ കൊണ്ട് ബംഗാളിനെ കത്തിക്കാന്‍ ശ്രമിച്ചാല്‍ ബിഹാര്‍, ആസാം, ഉത്തര്‍പ്രദേശ്, ദല്‍ഹി തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളും കത്തിക്കുമെന്നായിരുന്നു മമതയുടെ വിവാദ പരാമര്‍ശം. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പദവിയിലിരിക്കുന്ന മമത പരാമര്‍ശം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. വിവാദ പരാമര്‍ശം നടത്തിയ മമത, മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ യോഗ്യയല്ലെന്നും രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: