വിശാഖപട്ടണം: ഭാരതത്തിന്റെ രണ്ടാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനി ഐഎന്‍എസ് അരിഘാത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാജ്യത്തിനു സമര്‍പ്പിച്ചു. വിശാഖപട്ടണത്തെ ചടങ്ങിലാണ് അദ്ദേഹം അന്തര്‍വാഹിനി കമ്മിഷന് ചെയ്തത്.
നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് ത്രിപാഠി, ഇന്ത്യന്‍ സ്ട്രാറ്റജിക് കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ സൂരജ് ബെറി, ഉന്നത ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഐഎന്‍എസ് അരിഹന്തിന്റെ നവീകരിച്ച പതിപ്പായ ഐഎന്‍എസ് അരിഘാത്, ആണവ പ്രതിരോധ രംഗത്ത് ഭാരതത്തിനു പുത്തന്‍ കരുത്താകുമെന്നാണ് വിലയിരുത്തല്‍.
ഭാരതത്തിന്റെ സ്ട്രാറ്റജിക് കമാന്‍ഡിനു കീഴിലായിരിക്കും ഐഎന്‍എസ് അരിഘാത് പ്രവര്‍ത്തിക്കുക. അതീവ രഹസ്യമായി വിശാഖപട്ടണത്തെ ഷിപ് ബില്‍ഡിങ് സെന്ററിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 6,000 ടണ്ണുള്ള ഐഎന്‍എസ് അരിഘാത് ഇന്തോ-പസഫിക് സമുദ്ര മേഖലകളിലെ 750 കിലോമീറ്റര്‍ ദൂരപരിധിയില്‍ നിരീക്ഷണത്തിനുപയോഗിക്കാം. 113 മീറ്ററാണ് അന്തര്‍വാഹിനിയുടെ നീളം. ആണവ ബാലിസ്റ്റിക് മിസൈല്‍ കെ-15 ആകും ഐഎന്‍എസ് അരിഘാതില്‍ ഉപയോഗിക്കുക.
മാസങ്ങളോളം വെള്ളത്തിനടിയില്‍ കഴിയാനാകുന്ന രീതിയിലാണ് ഐഎന്‍എസ് അരിഘാതിന്റെ നിര്‍മാണം. 980 മുതല്‍ 1400 അടി വരെ ആഴത്തിലേക്കിറങ്ങാന്‍ സാധിക്കും. അത്യാധുനിക സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയും ഡ്രോണുകളും ഇതിനുള്ളിലുണ്ടാകും. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളാണ് ആണവ അന്തര്‍വാഹിനിയുടെ നിര്‍മാണത്തിലും പ്രയോജനപ്പെടുത്തിയത്. ഭാരതത്തിന്റെ മൂന്നാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിദാമാന്‍ നിര്‍മാണവും പുരോഗമിക്കുന്നു. അടുത്ത വര്‍ഷം തന്നെ ഈ ആണവ മിസൈല്‍ അന്തര്‍വാഹിനി കമ്മിഷന് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: