ലക്നൗ : മഥുരയിലെ ക്ഷേത്രങ്ങളുടെ മാനേജ്‌മെൻ്റിൽ നിന്നും അഭിഭാഷകരെയും ജില്ലാ ഭരണകൂടത്തെയും മാറ്റിനിർത്തണമെന്ന് അലഹബാദ് ഹൈക്കോടതി . ക്ഷേത്രങ്ങളുടെയും മത ട്രസ്റ്റുകളുടെയും നടത്തിപ്പ് മതവിശ്വാസികളല്ല, പുറത്തുനിന്നുള്ളവരാണ് ചെയ്യുന്നതെങ്കിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമെന്നും ഹൈക്കോടതി പറഞ്ഞു.ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിർദേശം.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾ എത്രയും വേഗം തീർപ്പാക്കാൻ ശ്രമിക്കണമെന്നും കോടതി പറഞ്ഞു. മഥുരയിലെ ക്ഷേത്രങ്ങളുടെയും ട്രസ്റ്റുകളുടെയും നടത്തിപ്പിൽ റിസീവറാകാൻ അഭിഭാഷകർക്കിടയിൽ മത്സരം നടക്കുന്നുണ്ട്. അഭിഭാഷകരുടെ പിടിയിൽ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കേണ്ട സമയമായി . ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടതും മതവിശ്വാസിയുമായ ഒരു റിസീവറെ നിയമിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം . ഇതോടൊപ്പം വേദങ്ങളിലും ശാസ്ത്രങ്ങളിലും റിസീവർക്ക് നല്ല അറിവും ഉണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ആകെ 197 സിവിൽ കേസുകൾ മഥുരയിലെ കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ട്. 197 ക്ഷേത്രങ്ങളിൽ വൃന്ദാവനം, ഗോവർദ്ധൻ, ബൽദേവ്, ഗോകുൽ, ബർസാന, മഠം എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകൾ 1923 മുതൽ ഉള്ളതാണെന്നും കോടതി പറഞ്ഞു.നൈപുണ്യത്തോടൊപ്പം സമ്പൂർണ്ണ ഭക്തിയും സമർപ്പണവുമാണ് ക്ഷേത്രഭരണത്തിന് ആവശ്യമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: