ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാര്‍ഥികളുടെ ആത്മഹത്യ നിരക്ക് ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെ മറികടന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുകള്‍ ഞെട്ടലുളവാക്കുന്നു. ഐസി3ന്റെ വാര്‍ഷികത്തിലും 2024 എക്‌സ്‌പോയിലുമാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് എന്‍സിആര്‍ബി പുറത്ത് വിട്ടത്.
‘വിദ്യാര്‍ഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു’എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്‌ട്ര, തമിഴ്നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനങ്ങള്‍. ആകെ ആത്മഹത്യനിരക്കിന്റെ മൂന്നിലൊന്നും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പ്രതിവര്‍ഷം രാജ്യത്ത് ആത്മഹത്യാ നിരക്ക് 2 ശതമാനം വര്‍ധിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാ കേസുകള്‍ 4 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി വിദ്യാര്‍ഥി ആത്മഹത്യകള്‍ ദേശീയ ശരാശരിയുടെ ഇരട്ടി വര്‍ധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
കൂടാതെ 2022 ല്‍ വിദ്യാര്‍ഥി ആത്മഹത്യകളില്‍ 53 ശതമാനം ആണ്‍കുട്ടികളാണ്. 2021 നും 2022 നും ഇടയില്‍ ആണ്‍കുട്ടികളുടെ ആത്മഹത്യ 6 ശതമാനം കുറഞ്ഞപ്പോള്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ 7 ശതമാനം വര്‍ദ്ധിച്ചതായും കണക്കുകര്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ ആത്മഹത്യാ നിരക്കുകള്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെയും ആകെയുള്ള ആത്മഹത്യാ നിരക്കിനെയും മറികടന്നു. കഴിഞ്ഞ ദശകത്തില്‍ 0-24 വയസ് പ്രായമുള്ളവരുടെ ജനസംഖ്യ 582 ദശലക്ഷത്തില്‍ നിന്ന് 581 ദശലക്ഷമായി കുറഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യകളുടെ എണ്ണം 6,654 ല്‍ നിന്ന് 13,044 എന്ന നിലയിലേക്ക് വര്‍ദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: