തിരുവനന്തപുരം: ഭാരതത്തെ കൂട്ടിയോജിപ്പിച്ചത് ബ്രിട്ടീഷുകാണെന്ന ചിന്ത അസംബന്ധമെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള. കേസരി വാരിക സംഘടിപ്പിച്ച ‘ബ്രിഡ്ജിംഗ് സൗത്ത് കോണ്‍ക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതം ഏകവും ചിരപുരാതനവുമാണ്. ലോകത്ത് ഭാരതത്തിന്റെ സംസ്കാരമാണ് നിത്യനൂതനമായിട്ടുള്ളത്. ആധ്യാത്മികതയുമായി ചേര്‍ന്നുപോകുന്ന ദേശീയതയാണ് ഭാരതത്തിന്റേത്. വൈവിധ്യങ്ങങ്ങളിലാണ് നമ്മുടെ ഏകതയുടെ ബീജമുള്ളത്. അതിനെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും കേരളത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സ്വാതന്ത്ര്യം ലഭിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഭാരതം 16 സംസ്കാരങ്ങളുടെ സങ്കരമാണെന്നും അതിനാല്‍ 16 രാഷ്ട്രമായെങ്കിലും വിഭജിക്കപ്പെടണമെന്നും വാദമുന്നയിച്ചവരും മതമാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്നും വാദിച്ച് ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചവരുണ്ട്. അവര്‍ ഇന്നും ആ നിലപാട് വച്ചുപുലര്‍ത്തുന്നുണ്ടോ എന്ന വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ദേശീയതയൊന്നും ചര്‍ച്ച ചെയ്യാന്‍ താതപര്യമില്ലാത്ത സംസ്ഥാനമായി മാറി എന്നതാണ് കേരളത്തിന്റെ പോരായ്മ. ക്രിയാത്മക ചര്‍ച്ചകള്‍ക്ക് പകരം നെഗറ്റീവായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ആത്മീയതയെ നിരാകരിച്ചുകൊണ്ട് വിപ്ലവത്തിനു പുറകേ പോകാന്‍ ശ്രമിച്ചതാണ് കേരളത്തിന് പറ്റിയ പിഴവെന്നും അദ്ദേഹം പറഞ്ഞു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ ആമുഖപ്രഭാഷണം നടത്തി. ഭാരതത്തിന്റെ ദക്ഷിണഭാഗത്ത് വിഘടനവാദം വളര്‍ത്താനുള്ള ബോധപൂര്‍വമായ പരിശ്രമം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയത അടര്‍ത്തിമാറ്റിയതുകൊണ്ടാണ് വേദം പിറവികൊണ്ട സിന്ധൂതീരവും ഗാന്ധാരവും ധാക്കയുമെല്ലാം ഭാരതത്തില്‍ നിന്ന് വേര്‍പെട്ടുപോയത്. കേരളം മലയാളികളുടെ മാതൃഭൂമിയെന്നും വിശാല ആന്ധ്രയെന്നുമെല്ലാം പുസ്തകമെഴുതി വിഭജനവാദം ഉയര്‍ത്തിയ ഇടതു പ്രത്യയശാസ്ത്രക്കാര്‍ക്ക് ദേശീയപ്രസ്ഥാനങ്ങളുടെ കരുത്തുകൊണ്ട് ശക്തിപ്രാപിക്കാനായില്ല. എന്നാല്‍ അവരുടെ പിന്തലമുറ വിഭജനചിന്തയുടെ വിത്തുപാകാനുള്ള ശ്രമം സജീവമായി തുടരുന്നു. കട്ടിങ് സൗത്ത്പോലുള്ള പ്രചരണങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്. ഇതിനെ നേരിടാന്‍ ഭാരതീയതയെ ശക്തിപ്പെടുത്തണമെന്നും നന്ദകുമാര്‍ പറഞ്ഞു.
ഏതാനും വര്‍ഷം മുമ്പ് ഭാരതത്തിന്റെ ശത്രുക്കളാരെന്നു ചോദിച്ചാല്‍ പാകിസ്ഥാനെന്നും ചൈനയെന്നുമായിരുന്നു മറുപടിയെങ്കില്‍ ഇന്നത് ജാതീയതയിലൂടെയും മറ്റും ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളും കട്ടിംങ് സൗത്ത്പോലുള്ള വിഘടനവാദത്തിന് കൂട്ടുനില്‍ക്കുന്ന ഭാരതത്തിനകത്തുള്ള ശക്തികളുമാണെന്ന് മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മുന്‍ അംബാസിഡര്‍ ഡോ. ടി.പി.ശ്രീനിവാസന് അധ്യക്ഷതവഹിച്ചു. മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എംഡി റാണി മോഹന്‍ദാസ്, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്.മധു, നാക് മുന്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് ഡോ.കെ.എന്‍.മധുസൂദനന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: