സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലാണ് സ്പേസ് എക്സ്. യാത്രക്കാരെയും വഹിച്ച് തിരിച്ചിറങ്ങുന്ന ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ പതിക്കേണ്ട സമുദ്ര ഭാഗത്തെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്. ഫ്ലോറിഡയിലെ കെന്നഡി വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ചൊവ്വാഴ്ച വിക്ഷേപിക്കാനിരുന്ന ദൗത്യം ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചിരുന്നു.അനുകൂലസാഹചര്യം ഉണ്ടാകുന്നതുവരെ കാത്തിരിക്കണമെന്നും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ദൗത്യത്തിന് നേതൃത്വം നല്കുന്നവര് പറയുന്നു.
അതേസമയം, അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ ഭൂമിയില്‍ നിന്ന് 1400 കിലോമീറ്റര്‍ ഉയരെ പേടകം ഭൂമിയെ ചുറ്റുകയും 20 മിനിറ്റ് നേരം ബഹിരാകാശത്ത് നടക്കാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും. 1972 ലെ അപ്പോളോ 17 ചാന്ദ്രദൗത്യത്തിന് ശേഷം ഇതാദ്യമായാണ് മനുഷ്യന് ഭൂമിയില്‍ നിന്ന് ഇത്രയും ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തുന്നത്.
ദൗത്യത്തില്‍ മലയാളി ബന്ധമുള്ള അന്ന മേനോന് കൂടി സ്പേസ് എക്സിന്റെ ഭാഗമാവുന്നുണ്ട്. സ്പേസ് എക്സില്‍ ലീഡ് സ്പേസ് ഓപ്പറേഷന് എഞ്ചിനീയറാണ് അന്ന മേനോന്. മിഷന് കമാന്‍ഡറും ദൗത്യത്തിന് പണം നല്‍കുകയും ചെയ്ത ജരേഡ് ഐസക്മാന്, അമേരിക്കന്‍ എയര്‍ഫോഴ്സിലെ റിട്ടയേര്‍ഡ് ലെഫ്റ്റനന്റ് കേണല്‍ സ്കോട്ട് പൊറ്റീറ്റ്, സ്പേസ്എക്സിലെ സീനിയര്‍ സ്പേസ് ഓപ്പറേഷന് എന്‍ജിനീയറായ സാറാ ഗില്ലീസ് എന്നിവരാണ് അന്നക്കൊപ്പം ബഹിരാകാശത്ത് ഇതുവരെ മനുഷ്യന് എത്തിയിട്ടില്ലാത്ത ദൂരത്തില്‍ എത്തുന്ന മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: