തിരുവനന്തപുരം: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ നടനും സിപിഎം എംഎല്‍എയുമായ മുകേഷിന്റെ തിരുവനന്തപുരത്തെയും കൊല്ലത്തെയും വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. നിലവില്‍ എംഎല്‍എ കൊല്ലത്തില്ല, തിരുവനന്തപുരത്ത് ഉണ്ടെന്നാണ് വിവരം. അതേസമയം തലസ്ഥാനത്തെ വീടിന് മുന്നില്‍ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎല്‍എ വീട്ടിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. കൊച്ചിയിലെ യുവനടിയുടെ പരാതിയിലാണ് മുകേഷ് അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തത്. ആലുവയിലെ ഫ്ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടർ നടപടികളിലേക്ക് പോലീസ് കടന്നത്.
മരട് പോലീസാണ് മുകേഷിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് മുകേഷിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. അതേസമയം മുകേഷ് രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം നിലപാട്.
ആരോപണവിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആദ്യം രാജിവയ്‌ക്കട്ടെ. അപ്പോള്‍ മുകേഷും രാജിവയ്‌ക്കുമെന്നാണ് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ പറഞ്ഞത്. തെറ്റ് ചെയ്ത ഒരാളെയും ഇടതുപക്ഷം സംരക്ഷിക്കില്ല. മുകേഷിനെതിരേ കേസെടുത്തത് ധാര്‍മിക നിലപാടാണ്. കുറ്റവാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ല.
ഏഴ് ഐപിഎസ് ഉദ്യോസ്ഥരുടെ സംഘത്തെയാണ് അന്വേഷത്തിന് സര്‍ക്കാര്‍ നിയോഗിച്ചത്. സര്‍ക്കാരിന്റെ ഈ നടപടിയെ മാധ്യമങ്ങള്‍ പ്രശംസിക്കുകയാണ് വേണ്ടതെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക