ഗുവാഹത്തി: മ്യാന്മറിലെ ഹിന്ദുസമൂഹം നേരിടുന്ന പീഡനങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മ്യാന്മറില് നിന്ന് കത്ത്. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) ചട്ടങ്ങളില്‍ ഭേദഗതി വരുത്തി അതില്‍ മ്യാന്മറിലെ ഹിന്ദുക്കളെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.
മ്യാന്മര് ഹിന്ദു യൂണിയന് (എംഎച്ച്യു), ഇന്ത്യ ഫോര്‍ മ്യാന്മര് (ഐഎഫ്എം) എന്നീ സംഘടനകളും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വിദേശകാര്യ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ക്കും കത്തെഴുതിയത്. സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തില്‍ 2021 ല്‍ സ്ഥാപിതമായ രണ്ട് സംഘടനകളും പട്ടാള ഭരണത്തിനെതിരെ രൂപീകരിച്ച നാഷണല്‍ യൂണിറ്റി ഗവണ്മെന്റിനെ (എന്‍യുജി) പിന്തുണക്കുന്നവയാണ്.
ജനിച്ചതും വളര്‍ന്നതും മ്യാന്മറിലാണെങ്കിലും 1982ലെ പൗരത്വ നിയമമനുസരിച്ച്, അന്യഗ്രഹ ജീവികളും രണ്ടാംതരം പൗരന്മാരും ആണെന്ന തരത്തിലാണ് പരിഗണിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭാരതത്തിന്റെ ഒസിഐ നയം മ്യാന്മറിലെ ഹിന്ദുക്കളെ ഉള്‍ക്കൊള്ളുന്നില്ല. നയം പുനഃപരിശോധിക്കണം. മ്യാന്മറിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെയാണ് ഹിന്ദുക്കള്‍, അതില്‍ ഏറ്റവും വലിയ ഭാഗം തമിഴരാണെന്ന് എംഎച്ച്യു ചെയര്‍പേഴ്സണ്‍ മിന് ഹെയ്ന് പറഞ്ഞു. ബാഗോ മേഖല, മോണ്‍, കെയിന്‍, യാങ്കോണ്‍ എന്നിവിടങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ഗണ്യമായ സാന്നിധ്യമുണ്ട്. പട്ടാള ഭരണകൂടം ഭയപ്പെടുത്തി സൈന്യത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. അഭയം തേടി ഭാരതത്തിലേക്കെത്തുന്നവര്ക്ക് താത്കാലികമായെങ്കിലും പാര്‍പ്പിടവും ഭക്ഷണവും ഒരുക്കണം. രാജ്യത്ത് ജനാധിപത്യം തിരിച്ചെത്തിയാല്‍ ഹിന്ദുക്കള്‍ മ്യാന്മറിലേക്ക് തന്നെ മടങ്ങും, കത്തില്‍ പറയുന്നു.
മ്യാന്മറില് ഹിന്ദുസമൂഹത്തിന് സഞ്ചാരത്തിനും സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കൃഷിഭൂമി കവര്‍ച്ച ചെയ്യപ്പെടുന്നു. മൗലികാവകാശങ്ങള്‍ വിനിയോഗിക്കുന്നതിലും തടസം നേരിടുന്നു.
ഹിന്ദുസമൂഹത്തെ സംശയത്തോടെയും ശത്രുതയോടെയുമാണ് ഭരണകൂടം കാണുന്നത്. ഹിന്ദു നേതാക്കള്‍ പലപ്പോഴും നിരീക്ഷണത്തിലാണ്. ഉത്സവങ്ങളിലും മറ്റും ആക്രമണം നേരിടുന്നു. സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ മ്യാന്മറിലെ സൈനിക ഭരണകൂടവുമായുള്ള നയതന്ത്ര ബന്ധത്തില്‍ ഭാരതം കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കണം, കത്തില്‍ പറയുന്നു.
മ്യാന്മറില് ജനിച്ച ഹിന്ദുക്കള്‍ക്ക് പൗരത്വവും അനുബന്ധ അവകാശങ്ങളും കാലതാമസമില്ലാതെ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഭാരത സര്‍ക്കാരിനാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: