ന്യൂദല്‍ഹി: പാലക്കാട് മൂന്ന് പുതിയ എഫ്എം റേഡിയോകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കാഞ്ഞങ്ങാട് മൂന്ന് എഫ്എമ്മുകളും ലക്ഷദ്വീപിലെ കവരത്തിയില്‍ ഒരെണ്ണവും അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ 234 പുതിയ നഗരങ്ങളില്‍ 730 ചാനലുകള്‍ക്കായി മൂന്നാംവട്ട ഇ- ലേലം നടത്താനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. സ്വകാര്യ എഫ്എം റേഡിയോ മൂന്നാംഘട്ട നയപ്രകാരം 784.87 കോടി രൂപ കരുതല്‍ ധനത്തോടെയാണ് എഫ്എമ്മുകള്‍ വരുന്നത്.
ചരക്കു സേവന നികുതി ഒഴികെയുള്ള മൊത്ത വരുമാനത്തിന്റെ നാലു ശതമാനമായി എഫ്എം ചാനലിന്റെ വാര്‍ഷിക ലൈസന്‍സ് ഫീസ് ഈടാക്കാനുള്ള നിര്‍ദേശവും മന്ത്രിസഭായോഗം അംഗീകരിച്ചു. 234 പുതിയ നഗരങ്ങള്‍ക്കും ഇത് ബാധകമാണ്.
സ്വകാര്യ എഫ്എം റേഡിയോ സേവനം ലഭ്യമാകാത്ത 234 പുതിയ നഗരങ്ങളിലാണ് സ്വകാര്യ എഫ്എം റേഡിയോ സ്ഥാപിക്കുന്നത്. മാതൃഭാഷയില്‍ പരിപാടികള്‍ അവതരിപ്പിക്കാനാകുമെന്നതാണ് സവിശേഷത. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രാദേശിക ഭാഷയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനും നടപടി സഹായിക്കും.
രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ക്കും ബഹുതല ട്രാക്കിങ് പദ്ധതിക്കും അടക്കം 6,456 കോടി രൂപയുടെ റെയില്‍വേ മന്ത്രാലയ പദ്ധതികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്കി. 1.14 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികളാണിത്.
ഒഡീഷ, ജാര്‍ഖണ്ഡ്, ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ നാലു സംസ്ഥാനങ്ങളിലെ ഏഴു ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് പദ്ധതികളിലൂടെ 300 കിലോമീറ്റര്‍ പുതിയ റെയില്‍പാതയും 14 പുതിയ സ്റ്റേഷനുകളും നിര്‍മിക്കും. 1,300 ഗ്രാമങ്ങളിലെ 11 ലക്ഷം ജനങ്ങള്‍ക്ക് ഇതുവഴി റെയില്‍വേ സൗകര്യങ്ങള്‍ ലഭ്യമാകും.
കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ടിന് കീഴില്‍ ധനസഹായം നല്കുന്ന കേന്ദ്രപദ്ധതിയെ കൂടുതല്‍ ആകര്‍ഷവും ഫലപ്രദവുമാക്കി വിപുലീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജലവൈദ്യുത പദ്ധതികളുടെ വികസനത്തിനായി കേന്ദ്രസഹായത്തിനും അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: