ന്യൂദൽഹി : രാജ്യതലസ്ഥാനത്ത് നടന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവമായ ഭരണ നിർവഹണത്തിനും സമയോചിതമായ ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതല വേദിയായ പ്രഗതിയുടെ 44-ാം യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. മൂന്നാം ഭരണകാലയളവിലെ ആദ്യ പ്രഗതി യോഗം ആയിരുന്നു ഇത്.
യോഗത്തിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 76,500 കോടിയിലധികം രൂപയുടെ ഏഴ് പ്രധാന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. പദ്ധതികളുടെ കാലതാമസം ചെലവ് വർധിപ്പിക്കുക മാത്രമല്ല പദ്ധതിയുടെ ഉദ്ദേശിച്ച നേട്ടങ്ങൾ പൊതുജനങ്ങൾക്ക് നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
പദ്ധതി വികസനം നടപ്പാക്കുമ്പോൾ പരിസ്ഥിതിയെ സംരക്ഷിക്കാൻ ‘ഏക് പേഡ് മാ കെ നാം’ എന്ന പ്രചാരണ പരിപാടി സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പുറമെ പ്രധാനമന്ത്രി അമൃത് 2.0 അവലോകനം ചെയ്യുകയും പദ്ധതിക്ക് കീഴിലുള്ള പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറിമാരോട് നിർദ്ദേശിക്കുകയും ചെയ്തു. നഗരങ്ങളുടെ വളർച്ചാ സാധ്യതകളും ഭാവി ആവശ്യകതകളും കണക്കിലെടുത്ത് സംസ്ഥാനങ്ങൾ പദ്ധതികൾ തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കൂടാതെ ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പൊതുജന പരാതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. മിഷൻ അമൃത് സരോവർ ദൗത്യം തുടരുന്നതിനെ കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. ഈ പദ്ധതികൾ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നവയാണ്. ജലം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നും പരാതികളിൽ കാര്യക്ഷമമായ പരിഹാരമാർഗങ്ങൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമായി സംസ്ഥാന ഗവൺമെന്റുകൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
കൃത്യമായ പ്രവർത്തനവും പരിപാലന സംവിധാനവും ജൽ ജീവൻ പദ്ധതികളുടെ വിജയത്തിന് നിർണായകമാണ്. സാധ്യമാകുന്നിടത്ത് വനിതാ സ്വയം സഹായ സംഘങ്ങളെ ഉൾപ്പെടുത്താനും പദ്ധതിയുടെ നിർവഹണ – പരിപാലന ജോലികളിൽ യുവാക്കളെ നൈപുണ്യമുള്ളവരാക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ജില്ലാതലത്തിൽ ജലവിഭവ സർവേ നടത്തുമെന്നും ഉറവിട സുസ്ഥിരതയ്‌ക്ക് ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
കൂടാതെ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട രണ്ട് പദ്ധതികൾ, രണ്ട് റെയിൽ പദ്ധതികൾ, കൽക്കരി, ഊർജം, ജലവിഭവ മേഖലകളിലെ ഓരോ പദ്ധതി എന്നിവ ഉൾപ്പെടുന്ന ഏഴ് സുപ്രധാന പദ്ധതികൾ യോഗത്തിൽ അവലോകനം ചെയ്തു. ഈ പദ്ധതികളുടെ ആകെ ചെലവ് 76,500 കോടിയിലധികം രൂപയാണ്.
ഇവ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഗുജറാത്ത്, ഒഡിഷ, ഗോവ, കർണാടക, ഛത്തീസ്ഗഢ്, ഡൽഹി എന്നിങ്ങനെ 11 സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രഗതി യോഗങ്ങളുടെ നാല്പത്തിനാലാം പതിപ്പ് വരെ 18.12 ലക്ഷം കോടി രൂപയുടെ 355 പദ്ധതികളാണ് അവലോകനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: