30 കിലോ ഭാരമുള്ള മരത്തടി റെയില്‍വേ ട്രാക്കില്‍ കൊണ്ടുവച്ച രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിന്‍ പാളം തെറ്റിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. റെയില്‍ പാളങ്ങളില്‍ നിന്നും ട്രെയിനുകള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന സാധനങ്ങള്‍ അടിക്കടി കണ്ടെത്തിയതോടെ ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദ് നടത്തുന്നതിന് ആസൂത്രിത നീക്കം നടക്കുന്നതായി സംശയം ഉണരുകയാണ്.
ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലാണ് ഏതാനും ദിവസം മുന്‍പ് ട്രെയിന്‍ പാളം തെറ്റിക്കാനുള്ള സംഭവം നടന്നത്. അതുവഴി കടന്നുവരുന്ന കാസ് ഗഞ്ച്-ഫാറൂഖാബാദ് പാസഞ്ചര്‍ ട്രെയിനിനെ പാളം തെറ്റിക്കുകയായിരുന്നു ലക്ഷ്യം. ഭട്ടാസയ്‌ക്കും ഷംസാബാദിനും ഇടയിലുള്ള പാളത്തിലാണ് മരത്തടി കൊണ്ടിട്ടത്. എന്നാല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് മരത്തടി കണ്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് വണ്ടി നിര്ത്തിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. കുടിച്ചു ലക്കുകെട്ട രണ്ട് യുവാക്കളാണ് മരത്തടി ട്രാക്കില്‍ കൊണ്ടുവന്നിട്ടതെന്ന് പൊലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറഞ്ഞു. ഒരു കര്‍ഷകനേതാവിന്റെ മകനായ ദിയോ സിങ്ങും അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ മോഹന്‍കുമാറിനെയുമാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 327(1) വകുപ്പു പ്രകാരവും 1989ലെ റെയില്‍വേ നിയമത്തിലെ 150ാം സെക്ഷന്‍ പ്രകാരവും കേസെടുത്തു. ഇരുവരെയും ജയിലില്‍ അയച്ചു. മദ്യലഹരിയില്‍ ചെയ്തതാണെന്ന് യുവാക്കല്‍ പൊലീസിനോട് സമ്മതിച്ചു. 30 കിലോഗ്രാം ഭാരമുള്ള മരത്തടിക്ക് 1.37 മീറ്റര്‍ നീളം 20 സെന്‍റിമീറ്റര്‍ വീതിയുമുണ്ട്. റെയില്‍വേയിലെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറായ സഹീര്‍ അഹമ്മദ് പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കിയിരുന്നു. സമീപപ്രദേശത്ത് ഈയിടെ മുറിച്ചു മാറ്റിയ മാവിന്റെ കടയായിരുന്നു ഇതെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ പൊലീസും ലോക്കല്‍ പൊലീസും നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
സബര്‍മതി ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം നടന്നതായി അശ്വിനി വൈഷ്ണവ്
സബര്‍മതി ട്രെയിന്‍ പാളം തെറ്റിക്കാന്‍ ഈയിടെ ശ്രമം നടന്നതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ വെളിപ്പെടുത്തിയിരുന്നു. വാരണസിയ്‌ക്കും അംദാബാദിനും ഇടയില്‍ പാളത്തില്‍ കട്ടികൂടിയ ഒരു വസ്തുവില്‍ സബര്‍മതി എക്സ് പ്രസ് ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും അശ്വിനിവൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗത്തിന് ഇടിയുടെ ആഘാതത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഭാഗ്യത്തിന് ആളപായം സംഭവിച്ചില്ലെന്ന് മാത്രം. ഇന്‍റലിജന്‍സ് ബ്യൂറോയും യുപി പൊലീസും ഇതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
വന്ദേഭാരതിനെ പാളം തെറ്റിക്കാനും ശ്രമം
കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിനിനെ പാളം തെറ്റിക്കാനുള്ള ഗൂഢാലോചന രാജസ്ഥാനിലെ പാലിയില്‍ നടന്നിരുന്നു. വന്ദേഭാരത് ഓടുന്ന ട്രാക്കില്‍ നിന്നും പാളം തെറ്റിക്കാന്‍ ശേഷിയുള്ള വലിയൊരു സിമന്‍റ് സ്ലാബാണ് കണ്ടെത്തിയത്. വന്ദേഭാരതിനെ പാളം തെറ്റിക്കാന്‍ ശേഷിയുള്ള വലിയ സിമന്‍റ് സ്ലാബില്‍ വന്ദേഭാരതിന്റെ എഞ്ചിന്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഏകദേശം എട്ട് മിനിറ്റോളമാണ് മുന്നോട്ട് നീങ്ങാനാകാതെ ഇടിച്ചുനിന്നശേഷമാണ് ട്രെയിന്‍ നിന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായില്ല.
ഭാരതത്തിലെ തീവണ്ടികളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് കൊടുംഭീകരന്‍
ഇതിനിടെ, ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിലെ സ്ലീപ്പര്‍ സെല്ലുകളോട് (ഗൂഢപ്രവര്‍ത്തനം നടത്തുന്ന സംഘങ്ങള്‍) ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തുവന്നതോടെ ജാഗരൂകരായി രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും ഇയാളാണ്. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് ഉണ്ടെന്ന സംശയം ബലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: