ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ സ്ഥാപക ദിനമായ നവംബർ ഒമ്പതിന് മുമ്പ് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ബുധനാഴ്ച പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്‌ട്രീയം കാരണം മുൻ സർക്കാരുകൾ നാളിതുവരെ നടപ്പാക്കാത്ത ഇത്തരം തീരുമാനങ്ങൾ തങ്ങൾ കാര്യമായി എടുത്തിട്ടുണ്ട്. യുസിസി ബിൽ ഉടൻ നടപ്പാക്കും. നവംബർ ഒമ്പതിന് മുമ്പ് ഇത് സംസ്ഥാനത്ത് നടപ്പാക്കാൻ തങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും ധാമി പറഞ്ഞു.
ഇതിനു പുറമെ മത പരിവർത്തനവുമായി ബന്ധപ്പെട്ട് നിരവധി നിയമനടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരി ആറിനാണ് ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ബിജെപി സർക്കാർ യുസിസി ബിൽ അവതരിപ്പിച്ചത്. ഒരു ദിവസത്തിന് ശേഷം ഫെബ്രുവരി 7 ന് അത് മികച്ച ഭൂരിപക്ഷത്തോടെ പാസാക്കി.
യുസിസി ബിൽ പാസാക്കിയത് ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലെ ഒരു ചരിത്ര ദിനം അടയാളപ്പെടുത്തിയെന്നാണ് ധാമി പറഞ്ഞത്. മതമോ ലിംഗഭേദമോ ജാതിയോ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ബാധകമാകുന്ന ഏകീകൃത വ്യക്തിനിയമങ്ങളുടെ ഒരു കൂട്ടം സ്ഥാപിക്കാനാണ് ഏകീകൃത സിവിൽ കോഡ് ശ്രമിക്കുന്നത്. ഇത് വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം തുടങ്ങിയ വശങ്ങൾ ഉൾക്കൊള്ളുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗസ്റ്റ് 15 ന് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവെ, രാജ്യത്തെ മതപരമായ വിവേചനത്തിൽ നിന്ന് മോചിപ്പിക്കാൻ മതേതര സിവിൽ കോഡിലേക്ക് ഇന്ത്യ നീങ്ങേണ്ടിവരുമെന്ന് പ്രസ്താവിച്ചുകൊണ്ട് ഏകീകൃത സിവിൽ കോഡിന് (യുസിസി) വേണ്ടി വാദിച്ചിരുന്നു.
രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി ജനങ്ങളോട് അവരുടെ നിർദ്ദേശങ്ങൾ നൽകാനും ആവശ്യപ്പെടുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: