കൊല്ലം: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷ് ഒഴിയും. സിപിഎം തീരുമാനത്തിലാണ് നടപടി. മുകേഷിനെതിരെയുണ്ടായ പരാതിയും ആരോപണവും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ എം.എൽ.എ.യ്‌ക്കെതിരായ ആരോപണം ദോഷംചെയ്യുമെന്ന് അംഗങ്ങൾ പറഞ്ഞു. മുകേഷിനെതിരേ അംഗങ്ങൾ രൂക്ഷമായി പ്രതികരിച്ചതായാണ് വിവരം.
സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷവും ഉയര്‍ത്തിയിരുന്നു. അതേസമയം എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെക്കുന്നില്ല. ആരോപണത്തിന്റെ പേരിൽ അദ്ദേഹം രാജിവെക്കേണ്ട ആവശ്യമില്ലെന്ന സംസ്ഥാന നേതൃത്വത്തിൻറെ നിലപാടിനൊപ്പമാണ് ജില്ലാനേതൃത്വവും. എംഎൽഎ എന്ന നിലയിൽ മുകേഷ് ആരോപണമൊന്നും നേരിടുന്നില്ല. സിനിമാതാരം എന്നനിലയിലുള്ള ആരോപണത്തിൻറെപേരിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്. എന്നാൽ ലൈംഗികാരോപണ വിധേയനായ മുകേഷ് ഈ സമിതിയിൽ തുടരരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തെത്തികയായിരുന്നു.
സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് നയമാണ് മുന്നോട്ട് വയ്‌ക്കുന്നത് എന്നാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യം. നിലവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: