ദേവാദിദേവനായ മഹാദേവന്റെ പഞ്ചാക്ഷരീമന്ത്രമായ നമഃ ശിവായ ജപിക്കുന്നതിന് തുല്ല്യമാണ് ഭസ്മധാരണം എന്നു പുരാണങ്ങള്‍ പറയുന്നു. നിത്യവും ഭസ്മം തൊടുന്നവര്‍ക്ക് ശിവലോക പ്രാപ്തി ഉറപ്പാണ്. മാത്രമല്ല ശ്രീമഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവുകയും ചെയ്യും.. ഭസ്മം രാവിലെ നനച്ചും വൈകുന്നേരം നനയ്ക്കാതെയും തൊടണം എന്നാണ് വിധി.
ഭസ്മമാഹാത്മ്യത്തെ പറ്റി ശിവപുരാണത്തില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ മഹര്‍ഷി ദുര്‍വ്വാസാവ് യമധര്‍മ്മന്റെ അടുത്തെത്തി. ക്ഷിപ്രകോപിയാണ് മഹര്‍ഷി എന്നതിനാല്‍ ധര്മ്മദേവന്. മഹര്‍ഷിയെ ആദരരവോടെ സ്വികരിച്ചിരുത്തി. ഇവരുടെ കുശലപ്രശ്നങ്ങള്‍ക്കിടെ ആരൊക്കെയോ നിലവിളിക്കുന്നതു കേട്ടു. എന്നെ ചുട്ടതു മതിയേ.. , അയ്യോ എന്നെ എണ്ണയിലിട്ട് വറക്കല്ലേ… അയ്യോ ശൂലത്തില്‍ കയറ്റിയതു മതിയേ എന്നിങ്ങനെ പല ദിക്കില്‍ നിന്നായി പലരുടെ നിലവിളി കേട്ടതോടെ ദുര്‍വ്വാസാവ് മഹര്‍ഷി ധര്മ്മദേവനോട് അതിന്റെ കാരണം തിരക്കി. ഞാന്‍ എന്താണീ കേള്‍ക്കുന്നത്? പിതൃനാഥന്റെ ലോകത്ത് ഇത്തരം ക്രുരതകളാണോ സംഭവിക്കുന്നത്? മഹര്‍ഷിയുടെ ചോദ്യത്തിന് ഉത്തരമായി ധര്മ്മദേവന് പറഞ്ഞു: ‘ഇതു പിതൃലോകമാണെന്നതു സത്യം തന്നെ. ധര്മ്മരാജ്യമായതിനാല് ഇവിടെ ന്യായമല്ലാത്തതൊന്നും സംഭവിക്കുകയുമില്ല. പലതരത്തിലുള്ള നരകങ്ങള്‍ എന്റെ അധികാരപരിധിയിലാണ്.
നീതിന്യായങ്ങള് അണുവിട തെറ്റാതെ പാലിക്കുന്നത് കൊണ്ടാണ് എനിക്ക് ധര്‍മ്മരാജാവ് എന്ന പേരുവന്നത്. ഭൂമിയില്‍ പാപങ്ങള്‍ ചെയ്തവരെ പരലോകത്ത് ശിക്ഷിക്കുമെന്ന് അങ്ങ് കേട്ടിരിക്കുമല്ലോ ഇവിടെ അതിക്രൂരന്മാരായ എന്റെ കിങ്കരമാരുണ്ട് അവര്‍ മരണാനന്തരം പാപികളികളായ മനുഷ്യരെ ഇവിടെ കൊണ്ടുവരും. പിന്നിട് ഓരോരുത്തരും ചെയ്ത പാപങ്ങള്‍ക്ക് അനുസരിച്ച് അവരെ ഓരോരോ നരകങ്ങളിലാക്കും. അവരവര്‍ക്കുള്ള ശിക്ഷ വേദനിപ്പിച്ച് നടപ്പിലാക്കുകയാണ്. മഹര്‍ഷി ചോദിച്ചു, ഈ ദീനരോദനം ഏതു നരകത്തില്‍ നിന്നാണ് കേട്ടത്? എവിടെയാണ് ഇത്രവലിയ ശിക്ഷ നല്‍കുന്നത്?
യമദേവന് പറഞ്ഞു മഹര്‍ഷേ മഹാപാതകങ്ങള്‍ ചെയ്യുന്നവരെ കൊണ്ടുവരുന്ന നരകമാണ്. കുംഭീപാകം. ക്രൂരമായ കൊലപാതകങ്ങള്‍.ജന്തുഹത്യ എന്നിങ്ങനെയുള്ള പാപങ്ങള്‍ ചെയ്തിട്ടുള്ള പാപികളെ.കുംഭീത്തീയില് പാകം ചെയ്യും. ദുരാചാരികളെ എണ്ണയില്‍ പൊരിക്കുകയോ വറക്കുകയോ ചെയ്യുന്നത് കൊണ്ടാണ് ഈ നരകത്തിന് കുംഭീപാകം എന്നു പേരുണ്ടായത്. പക്ഷിമൃഗാദികളെ കൊല്ലുന്നവരെ തിളച്ച എണ്ണയില്‍ ഇടും. എന്നിട്ട് നന്നായി വെന്തു മൊരിയുമ്പോള്‍ പുറത്തെടുത്ത് തീര്‍ഥം തളിച്ച് ശരീരം പഴയതുപോലെയാക്കും വീണ്ടും തിളച്ച എണ്ണയിലിടും. ഇങ്ങനെ അവര്‍ ചെയ്ത പാപം തീരുന്നത് വരെ ഇത് തുടരും. അങ്ങ് കേള്‍ക്കുന്ന നിലവിളികള്‍ കുംഭിപാകത്തില് നിന്നാണ്. ഇവര്‍ നിഷ്ഠുര കൊലപാതകം നടത്തിയപ്പോള്‍ കൊല്ലപ്പെട്ട സാധുക്കള്‍ അനുഭവിച്ച വേദനകള്‍ ഇവരും അനുഭവിക്കാതെ പറ്റില്ലല്ലോ. യമദേവന്റെ വിവരണം കേട്ടപ്പോള്‍ മഹര്‍ഷിക്ക് ആ നരകം കാണണമെന്നായി. ആഗ്രഹം യമദേവനോട് പറഞ്ഞു. യമദേവന് കിങ്കരന്മാരോട് മഹര്‍ഷിക്കു കുംഭീപാകം കാണിച്ച് കൊടുക്കാന്‍ പറഞ്ഞു. യമകിങ്കരന്മാര് ദുര്വ്വാസാവിനേയുംകൊണ്ട് കുംഭീപാക നരകത്തിന്റെ വാതില്ക്കലെത്തി. മഹര്‍ഷി കുനിഞ്ഞ് നരകത്തിനകത്തേക്ക് എത്തിനോക്കി. പെട്ടെന്ന് തന്നെ അവിടെ അത്ഭുതകരമായ ഒരു മാറ്റം സംഭവിച്ചു. അതിഭികരമായ ആ നരകം. സ്വര്ഗസമമായി തീര്‍ന്നു. എണ്ണയില്‍ കിടന്നവര്‍ എല്ലാം സന്തോഷത്തോടെ തുള്ളി ചാടുന്നു. മറ്റു ചിലര്‍ ആട്ടവും പാട്ടുമായി ഉല്ലസിക്കുന്നു. ധര്‍മ്മ ദേവന് വിവരിച്ചതില്‍ നിന്നു വിരുദ്ധമായി അവിടെ കണ്ട കാഴ്ച്ച മഹര്‍ഷിയെ അത്ഭുതപ്പെടുത്തി. അപ്പോള്‍ മഹര്‍ഷി ചോദിച്ചു. ഇതാണോ നിങ്ങളുടെ നരകം? ഇത് ദേവലോകത്തിന് സമമാണല്ലോ? നരകവാസികളെല്ലാം സന്തോഷത്തോടെ തുള്ളിച്ചാടുന്നല്ലോ?
മഹര്‍ഷിയുടെ ചോദ്യം കേട്ട് അകത്തേക്ക് നോക്കിയ യമകിങ്കരന്മാര് അവിടെകണ്ട കാഴ്ച്ചയില്‍ അത്ഭുതസ്തബ്ധരായി. അവരില്‍ ചിലര്‍ വേഗം യമദേവനെ കാര്യം ധരിപ്പിച്ചു. യമദേവന് ശരവേഗത്തില്‍ അവിടെയെത്തി. അതെ നരകം സ്വര്ഗ്ഗമായിരിക്കുന്നു. എന്താണ് ഈ മാറ്റത്തിന് കരണം എന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. ക്ഷണനേരംകൊണ്ട് വാര്‍ത്ത ദേവന്മാരല്ലൊം അറിഞ്ഞു. ബ്രഹ്മദേവനും വിഷ്ണുദേവനും ഈ മാറ്റത്തിന്റെ കാരണം മനസ്സിലായില്ല. ബ്രഹ്മദേവന് പറഞ്ഞു: മഹാദേവന് ഇവിടെയെത്തിയിട്ടില്ലല്ലോ ഭഗവാന് ചിലപ്പോള്‍ ഈ മാറ്റത്തിന്റെ് കാരണം അറിയാനാവുമായിരിക്കും. എങ്കില്‍ കൈലാസത്തില്‍ ചെന്ന് മഹാദേവനെ വിവരമറിയിക്കാമെന്നു വിഷ്ണുദേവനും പറഞ്ഞു. ദേവന്മാര് ഉടന്‍ കൈലാസത്തിലെത്തി മഹാദേവനെ വണങ്ങി സംഭവം വിശദീകരിച്ചു. അപ്പോള്‍ ഭഗവാന് ശ്രീപരമേശ്വരന് ചെറുപുഞ്ചിരിതൂകി ഇങ്ങനെ പറഞ്ഞു: ‘മഹര്‍ഷേ അങ്ങാണ് ഇതിന് കാരണം. അങ്ങ് നരകത്തിലെ കാഴ്ച്ച കാണാന്‍ കുനിഞ്ഞ് നോക്കിയപ്പോള്‍ അങ്ങയുടെ ശരീരത്തില്‍ ധരിച്ചിരുന്ന ഭസ്മത്തിന്റെ പൊടികള്‍ കുംഭീപാകത്തില്‍ വീഴാനിടയായി. എനിക്ക് അങ്ങേയറ്റും ഇഷ്ടമായ ഭസ്മത്തിന്റെ മാഹാത്മ്യത്താല്‍ തല്‍ക്ഷണം നരകം സ്വര്ഗത്തിന് തുല്ല്യമായി തീര്‍ന്നു. ഇതില്‍ അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. ഭസ്മമാഹാത്മ്യത്തെ കുറിച്ച് അങ്ങേക്കും അറിയുന്നതല്ലേ വിഷ്ണുദേവാ? ദേവന്മാരെ കുംഭീപാകം ഇന്നു മുതല്‍ നരകമല്ല. പിതൃലോകവാസികളുടെ ദിവ്യ തീര്ത്ഥമായിരിക്കും. ഈ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്യുന്നവര്‍ പുണ്യാത്മക്കളായിത്തീരും.
തീര്‍ത്ഥക്കരയില്‍ ഒരു ശിവലിംഗവും ശ്രി പാര്‍വ്വതിയുടെ വിഗ്രഹവും പ്രതിഷ്ഠിക്കണം. ഇങ്ങനെ മഹാദേവനില്‍ നിന്നു ഭസ്മമാഹാത്മ്യം അറിഞ്ഞ മഹര്‍ഷിമാരും ദേവന്മാരും മനുഷ്യരും അന്നു മുതല്‍ ഭസ്മധാരണം തുടങ്ങി. ഭസ്മം തൊടുന്നതിന് വലിയ ചെലവൊന്നുമില്ല. എന്നിട്ടും നാം അതില്‍ വിമുക്തി കാണിക്കുന്നു. ഭസ്മധാരണം വിധിയാംവണ്ണം ചെയ്തു പുണ്യമാര്‍ഗത്തില്‍ ചരിക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: