ദുബായ് : ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രചാരണ, വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർറ്റിഎ) അറിയിച്ചു. ’15 ഇയേഴ്സ് ഓൺ ട്രാക്ക്’ എന്ന ആശയത്തിലൂന്നിയാണ് ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങൾക്കായി ആർറ്റിഎ ഒരുങ്ങുന്നത്.
2009 സെപ്റ്റംബർ 9-നാണ് ദുബായ് മെട്രോ പ്രവർത്തനമാരംഭിച്ചത്. എമിറേറ്റ്സ് പോസ്റ്റ് ഉൾപ്പടെയുള്ള സ്പോൺസർ, പാർട്ണർ സ്ഥാപനങ്ങളുമായി ചേർന്നാണ് ആർറ്റിഎ ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക ലിമിറ്റഡ് എഡിഷൻ പോസ്റ്റ് സ്റ്റാമ്പുകൾ പുറത്തിറക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ഈ പ്രചാരണ പരിപാടിയുടെ ലോഗോ, പ്രത്യേക ഡിസൈൻ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ഒരു നോൾ കാർഡ് ആർറ്റിഎ പുറത്തിറക്കുന്നതാണ്.
https://twitter.com/i/status/1827694272029630544
ഇതോടൊപ്പം ദുബായ് മെട്രോയുമായി ബന്ധപ്പെട്ട നിരവധി സ്മരണികകളും ആർറ്റിഎ പുറത്തിറക്കുന്നുണ്ട്. ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 21 മുതൽ 27 വരെ ദുബായ് മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക സംഗീതപരിപാടികൾ അവതരിപ്പിക്കുന്നതാണ്. ഇതിൽ പ്രാദേശിക, വിദേശ കലാകാരൻമാർ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: