Kerala

കുഞ്ഞനെ കണ്ട്, കുഞ്ഞിക്കണ്ണനെ ആശുപത്രിയിലാക്കി കേന്ദ്രമന്ത്രി കുര്യന്‍

Published by

തിരുവനന്തപുരം: ശ്രീകൃഷ്ണ ആഘോഷ പരിപാടിയുടെ ഭാഗമായുള്ള ശോഭായാത്ര ഉദ്ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്റെ രണ്ട് സ്വകാര്യ സന്ദര്‍ശനങ്ങളും ശ്രദ്ധേയമായി. ഗുരുതുല്യരായ രണ്ട് സഹപ്രവര്‍ത്തകരെ വീട്ടിലെത്തി കേന്ദ്രമന്ത്രി കണ്ടു.

നന്ദാവനം പോലീസ് ക്യാമ്പിനു പിന്നിലുള്ള ഗൗരിനിവാസില്‍ എത്തിയ കേന്ദ്രമന്ത്രി കുഞ്ഞനെ ഷാള്‍ അണിയിച്ച് ആദരിച്ചു. കണ്ടതില്‍ വളരെ സന്തോഷം ഉണ്ടെന്ന് കുഞ്ഞന്‍ പ്രതികരിച്ചു. ‘നൂറ് വയസ് തികഞ്ഞു അല്ലേ’ എന്ന് ജോര്‍ജ്ജ് കുര്യന്റെ ചോദ്യത്തിന് അങ്ങനെയാണ് എല്ലാവരും പറയുന്നത് എന്ന കുഞ്ഞന്റെ മറുപടി കേട്ടുനിന്നവരില്‍ ചിരിപടര്‍ത്തി. പത്ത് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു.
നാല്‍പ്പതിലേറെ വര്‍ഷങ്ങളുടെ ബന്ധമാണ് ജോര്‍ജ്ജ് കുര്യനും സി.സി കുഞ്ഞനും തമ്മിലുള്ളത്. ഇക്കഴിഞ്ഞ ഡിസംബറില്‍ കുഞ്ഞന് നൂറ് വയസ് തികഞ്ഞിരുന്നു. അന്നും ജോര്‍ജ്ജ് കുര്യന്‍ കുഞ്ഞനെ കാണാനെത്തിയിരുന്നു.
സി.സി കുഞ്ഞന്റെ മകള്‍ റാണിയും ഭര്‍ത്താവ് പ്രദീപും മകളുമാണ് കുഞ്ഞനോടൊപ്പം താമസിക്കുന്നത്.
പഴയ കൊച്ചി സംസ്ഥാനത്ത് ഷെഡ്യൂള്‍ ള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ രൂപവത്കരിച്ചപ്പോള്‍ കുഞ്ഞനായിരുന്നു ഓര്‍ഗനൈസിങ് സെക്രട്ടറി. പാലിയം സത്യാഗ്രഹത്തില്‍ നിന്ന് രാഷ്‌ട്രീയപാര്‍ട്ടികള്‍ മാറണമെന്നും ഫെഡറേഷനു വേണ്ടി കുഞ്ഞന്‍ സത്യാഗ്രഹമാരംഭിക്കുമെന്നും സംഘടന അറിയിച്ചതിന്റെ പിന്നാലെയാണ് അന്നത്തെ കൊച്ചി പ്രധാനമന്ത്രി ടി.കെ.നായരുടെ ഇടപെടലുണ്ടായതും പിന്നാക്കക്കാര്‍ക്ക് അനുകൂല തീരുമാനമുണ്ടായത്.
കേരളചരിത്രത്തിനൊപ്പമാണ് സി.സി കുഞ്ഞന്റെ ജീവിതം.1948ല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1956 ല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പിന്നോക്ക കമ്മീഷന്റെ ചെയര്‍മാനാക്കി. 33-ാം വയസില്‍ ഹരിജനക്ഷേമ വകുപ്പിന്റെ(പട്ടികജാതി വകുപ്പ്) ആദ്യ ഡയറക്ടറായി നിയമിതനായി . ലെയ്‌സണ്‍ ഓഫീസറായാണ് അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചത്.
വിരമിച്ച ശേഷം രാഷ്‌ട്രീയത്തില്‍ സജീവമായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്.സി മോര്‍ച്ച ദേശീയ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിച്ചു. കൊവിഡ് കാലം വരെ സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തി.
ഭാര്യ ഗൗര യുടെ മരണവും ഇഷ്ട സുഹൃത്ത് ബിജെപി നേതാവ് കെ അയ്യപ്പന്‍ പിള്ളയുടെ മരണവുമായി അച്ഛനെ തളര്‍ത്തിയതെന്ന് മകള്‍ റാണി കേന്ദ്രമന്ത്രിയോട് പറഞ്ഞു. ‘ഇ.എം.എസ്. തൊട്ട് അച്യുതാനന്ദന്‍ വരെ;കേരളം അരനൂറ്റാണ്ടിലൂടെ’, ‘സര്‍വീസ് സ്‌റ്റോറി’ എന്നീ പുസ്തകങ്ങളുടെ രചയിതാവായ കുഞ്ഞന്‍ നൂറാം വയസ്സില്‍ ആത്മകഥയുടെ രചനയിലാണ്.

യുവമോര്‍ച്ചക്കാലം മുതല്‍ സഹപ്രവര്‍ത്തകനായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ കുഞ്ഞിക്കണ്ണനെ തിരുമലയിലെ വീട്ടിലെത്തിയാണ് ജോര്‍ജ്ജ് കുര്യന്‍ കണ്ടത്. കുഞ്ഞിക്കണ്ണന്‍ യുവമോര്‍ച്ച പ്രസിഡണ്ടായിയിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്നു കുര്യന്‍. ശനിയാഴ്ച കോട്ടയത്ത് ജോര്‍ജ്ജ് കുര്യന്റെ മകന്റെ കല്ല്യാണത്തിന് ആരോഗ്യ പ്രശ്‌നം മൂലം എത്താനാകില്ലന്ന് കുഞ്ഞിക്കണ്ണന്‍ വിളിച്ചറിയിച്ചിരുന്നു. അതിനാലാണ് അസുഖവിവരം അന്വേഷിച്ച് മുന്‍കാല സഹപ്രവര്‍ത്തകനെ കാണാന്‍ കേന്ദ്രമന്ത്രി എത്തിയത്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഞ്ഞിക്കണ്ണന് ശാരീക അസ്വസ്ഥത അനൂഭവപ്പെട്ടു. ഉടന്‍ തന്നെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് കുഴപ്പമൊന്നുമില്ലന്ന് ഉറപ്പാക്കിയ ശേഷമാണ് ജോര്‍ജ്ജ് കുര്യന്‍ മടങ്ങിയത്. പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം കുഞ്ഞിക്കണ്ണനെ ഡിസ് ചാര്‍ജ്ജ് ചെയ്തു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി രാജേഷ്,സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്, സംസ്ഥാന സമിതിയംഗം ആര്‍.പ്രദീപ് തുടങ്ങിയവരും ജോര്‍ജ്ജ് കുര്യനോടൊപ്പം ഉണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by