തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഗുരുതരമായ ലൈംഗികാരോപണം നേരിടുന്ന സിപിഎം എം.എല്‍.എയും നടനുമായ എം.മുകേഷിനെ ചേർത്ത് പിടിച്ച് പാർട്ടി. മുകേഷ് എംഎൽൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. എന്നാൽ സംസ്ഥാന സർക്കാർ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കും.
മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വാദത്തിലാണ് പാര്‍ട്ടി പ്രതിരോധം. സമാന ആരോപണങ്ങളില്‍ യു.ഡി.എഫ് എം.എല്‍.എ.മാര്‍ രാജിവെച്ചിട്ടില്ലെന്നും സിപി.എം ചൂണ്ടിക്കാട്ടുന്നു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നു നടി മിനു മുനീര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ, സിനിമാലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയ്നിടെ 2018-ല്‍ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും മുകേഷിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.
കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നായിരുന്നു ടെസിന്റെ ആരോപണം. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്‌ക്കടുത്തേക്ക് തന്നെ മാറ്റിയെന്നും ടെസ് പറഞ്ഞിരുന്നു. ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര്‍നടപടിയെന്ന ധാരണയിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്. അതിനുശേഷമാണ് വെളിപ്പെടുത്തലുകളുടെ പരമ്പരയുണ്ടായത്.
സിനിമാ മേഖലയിൽ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയിൽ അംഗമാക്കുന്നതിലൂടെ സർക്കാർ എന്ത് നയമാണ് മുന്നോട്ട് വയ്‌ക്കുന്നത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പ്രതിഷേധം കൂടി ശക്തമായതോടെ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കാനുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: