ജനലക്ഷങ്ങളെ ഭക്തിപ്രഹര്‍ഷത്തിലാറാടിച്ചും സമൂഹത്തിന് പുതിയൊരുണര്‍വ് സമ്മാനിച്ചും, ഗ്രാമനഗരങ്ങളെ ഉല്ലാസഭരിതമാക്കിയും നടന്ന പതിനായിരത്തോളം ജന്മാഷ്ടമി ശോഭായാത്രകള്‍ കേരളത്തെയൊന്നാകെ ഒരിക്കല്‍ക്കൂടി അമ്പാടിയാക്കി മാറ്റി. ലോകത്തിലെതന്നെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്രകളില്‍ പതിനായിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമാണ് അണിനിരന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആട്ടവും പാട്ടും നിശ്ചലദൃശ്യങ്ങളും ഉറിയടികളുമൊക്കെയായി അക്ഷരാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷം സമാജോത്സവമായിത്തീരുകയായിരുന്നു. വലുതും ചെറുതുമായ ശോഭായാത്രകളില്‍ അണിനിരന്നവരും, അത് കാണാനെത്തിയവരും സാംസ്‌കാരികവും ആത്മീയവുമായ പുതിയൊരു മുന്നേറ്റത്തിന്റെ ഭാഗമായിത്തീരുകയായിരുന്നു.
പതാകാദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ട വിവിധ പരിപാടികളുടെയും ആഘോഷങ്ങളുടെയും പരിസമാപ്തിയായാണ് നാടുംനഗരങ്ങളും നിറഞ്ഞൊഴുകിയ ശോഭായാത്രകള്‍. ഇതിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ അവതാര കൃഷ്ണന്റെ മഹിമാതിരേകങ്ങളെക്കുറിച്ചും, ആധുനികകാലത്ത് ധാര്‍മികവും ഐശ്വര്യപൂര്‍ണവുമായ ജീവിതത്തിനായി ദ്വാപരയുഗ സ്മൃതികള്‍ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്‌ബോധിപ്പിച്ചു. സൗന്ദര്യത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയും ചിന്തയുടെയും മഹാപ്രയത്‌നങ്ങളുടെയും ധീരതയുടെയും പോരാട്ടത്തിന്റെയും കര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും ഭക്തിയുടെയുമൊക്കെ ജീവല്‍പ്രതീകമായി നിലകൊള്ളുന്ന സാക്ഷാല്‍ കൃഷ്ണനെയല്ലാതെ മറ്റാരെയാണ് ഇതിനായി ആശ്രയിക്കാന്‍ കഴിയുക.
ഭാരതത്തിന്റെ സംസ്‌കാരം പുതുതലമുറകള്‍ക്ക് പകര്‍ന്നുനല്‍കി അവരെ നല്ല പൗരന്മാരാക്കി മാറ്റുകയെന്ന വിശുദ്ധമായ ലക്ഷ്യത്തോടെ പിറവികൊണ്ട പ്രസ്ഥാനമാണ് ബാലഗോകുലം. ആഴ്ചതോറും നടന്ന ഗോകുലങ്ങളിലൂടെ, അതില്‍ പങ്കെടുത്ത ബാലികാ ബാലന്മാരിലൂടെ വളരുകയും പടര്‍ന്നുപന്തലിക്കുകയും, വര്‍ഷംതോറുമുള്ള ജ്ഞാനയജ്ഞത്തിലൂടെ ഭഗവദ്ഗീതയുടെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്ത ബാലഗോകുലം, അതിവേഗമാണ് സംസ്‌കാരത്തെ സ്‌നഹിക്കുന്നവരുടെയെല്ലാം സംഘടനയായി മാറിയത്.
കലയുടെയും സാഹിത്യത്തിന്റെയും മേഖലകളില്‍ വിഹരിക്കുന്നവരും, സമൂഹത്തിനു നേര്‍വഴികാട്ടുന്ന സാംസ്‌കാരിക നായകന്മാരും ബാലഗോകുലത്തിന്റെ വേദികളില്‍ വരികയും, കുട്ടികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തതോടെ മുഖ്യധാരയുടെ ശബ്ദമായി മാറാന്‍ ബാലഗോകുലത്തിന് അധികകാലം വേണ്ടിവന്നില്ല. ബാലസാഹിതി പ്രകാശന്‍, ജന്മാഷ്ടമി പുരസ്‌കാരം, കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ സൗരക്ഷിക, മലയാളത്തിലും ഇംഗ്ലീഷിലുമിറങ്ങുന്ന മയില്‍പ്പീലി മാസിക തുടങ്ങിയവയിലൂടെ ബാലഗോകുലം കൂടുതല്‍ കൂടുതല്‍ ജനകീയമാവുകയും, പുതിയ ഔന്നത്യങ്ങള്‍ കീഴടങ്ങുകയും ചെയ്തു. കക്ഷിരാഷ്‌ട്രീയത്തിനതീതമായ സംസ്‌കാരത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും സഹകരിക്കാന്‍ കഴിയുന്ന ~ഒരു മഹാപ്രസ്ഥാനമായി ബാലഗോകുലം മാറി. രാജ്യത്തിനകത്തും പുറത്തും ഇതിന്റെ പ്രതികരണങ്ങളുണ്ടായി. തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ വികാസംകൊള്ളുന്ന അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം ബാലഗോകുലത്തിന്റെ മുന്നേറ്റത്തിലെ നാഴികക്കല്ലുകളിലൊന്നും അതിമഹത്തായ നേട്ടവുമാണ്.
ആബാലവൃദ്ധം ജനങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭാഗഭാക്കാവുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം ഇടയ്‌ക്കുവച്ച് തടസ്സപ്പെട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ പ്രയാണത്തെയാണ് അടയാളപ്പെടുത്തുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ ജനങ്ങളെ തട്ടുകളായി നിര്‍ത്തി സമൂഹത്തെ വിഭജിക്കുന്ന ശക്തികളെ പരാജയപ്പെടുത്തിയാണ് ഓരോ വര്‍ഷവും പൂര്‍വാധികം ശക്തിയിലും വ്യാപ്തിയിലും ശോഭായാത്രകള്‍ നടക്കുന്നത്. ഈ സാംസ്‌കാരിക പ്രവാഹത്തില്‍ അരക്ഷിതാവസ്ഥയനുഭവിക്കുന്ന ചിലര്‍ ബദല്‍ ശ്രീകൃഷ്ണ ജയന്തിയുമായി ഇറങ്ങിത്തിരിച്ചെങ്കിലും, ഭാരതീയവും ഹൈന്ദവവുമായ സംസ്‌കാരത്തോട് കുടിപ്പക വച്ചുപുലര്‍ത്തുന്നതിനാലും ഉദ്ദേശ്യശുദ്ധിയില്ലാത്തതിനാലും അവര്‍ക്കൊന്നും വിജയിക്കാന്‍ കഴിഞ്ഞില്ല.
ശ്രീകൃഷ്ണ ജയന്തിക്ക് തുടക്കമിട്ടത് ബാലഗോകുലമാണെങ്കിലും തികച്ചും ഭാവാത്മകമായ സാമൂഹ്യോത്സവമായി അത് മാറുകയായിരുന്നു. ഭൗതികവും നിരീശ്വരവാദപരവുമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഊഷരഭൂമിയിലൂടെ ജനങ്ങളെ നയിച്ച് സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചവര്‍ ഇന്ന് വലിയ ഒറ്റപ്പെടലുകള്‍ അനുഭവിക്കുകയാണ്. ഭഗവാന്‍ കൃഷ്ണനെ അപകീര്‍ത്തിപ്പെടുത്താനും കൃഷ്ണദര്‍ശനത്തിനുമേല്‍ കരിനിഴല്‍ വീഴ്‌ത്താനും ജന്മാഷ്ടമിയാഘോഷത്തെ അട്ടിമറിക്കാനും ശ്രമിച്ചവര്‍ക്ക് സ്വയം പിന്മാറേണ്ടി വന്നു.
കുഞ്ഞുവായ് തുറന്ന് അമ്പാടിക്കണ്ണന്‍ അമ്മയായ യശോദയെ ഈരേഴ് പതിനാല് ലോകങ്ങളും കാട്ടിക്കൊടുത്തതുപോലെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷവും ശോഭായാത്രകളും കേരളീയ സമൂഹത്തെ വിസ്മയിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: