കറാച്ചി: പാകിസ്ഥാനില്‍ പോലീസ് സ്റ്റേഷനുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായ ഭീകാരാക്രമണങ്ങളില് 39 പേര് കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ തോക്കുമായെത്തിയ ഭീകരര്‍ വാഹനം തടഞ്ഞുനിര്‍ത്തി യാത്രക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 23 പേരെയാണ് ഭീകരര്‍ കൊന്നത്.
ഞായറാഴ്ചയാണ് സംഭവം. ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്ന് തോക്കുധാരികള്‍ യാത്രക്കാരെ ബലമായി പുറത്തിറക്കി അവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബലൂചിസ്താനിലെ മുസാഖൈല്‍ ജില്ലയിലെ പഞ്ചാബ് – ബലൂചിസ്താന്‍ ഹൈവേയിലാണ് സംഭവം. ബസുകളും ട്രക്കുകളും വാനുകളും തടഞ്ഞുനിര്‍ത്തി ആളുകളെ പരിശോധിച്ച ശേഷം ഇവരെ കൊല്ലുകയായിരുന്നു. സംഘത്തില്‍ നാല്പതോളം പേരുള്ളതായാണ് റിപ്പോര്‍ട്ട്. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് വാഹനങ്ങള്‍ക്ക് തീയിട്ടു.
ബോലന് റെയില്‍വേ ട്രാക്കിലും മേല്‍പ്പാലത്തിനും അക്രമികള്‍ തിയീട്ടു. ആറ് പേര് കൊല്ലപ്പെട്ടു. റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കലാട് ജില്ലയില്‍ മസ്തങ് പോലീസ് സ്റ്റേഷനു നേരേയും ആക്രമണമുണ്ടായി. നാല് പാരാമിലിറ്ററി ഉദ്യോഗസ്ഥരും ഒരു പോലീസുകാരനുമുള്‍പ്പടെ പത്തു പേര് കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ബലൂചിസ്താനിലെ ഗ്വാദര്‍ സിറ്റിയിലെ നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. നിരോധിത ഭീകരസംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മിയാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് അയച്ച പ്രസ്താവനയില്‍ സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. തങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഹൈവേ ഉപയോഗിക്കരുതെന്ന് നേരത്തെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണെന്നും ഭീകരര്‍ ഇതില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: