ആഗ്ര: ബംഗ്ലാദേശിലെ പിഴവുകള്‍ ഭാരതത്തിലുണ്ടാകാതിരിക്കാന് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭിന്നിച്ചുനിന്നാല്‍ നാശമാകും ഫലം. ജനങ്ങള്‍ ഐക്യത്തോടെ നിലകൊള്ളുമ്പോഴാണ് രാജ്യം ശക്തിയാര്ജിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗ്രയില്‍ രാഷ്ട്രവീര് ദുര്‍ഗാദാസ് റാത്തോഡിന്റെ പ്രതിമ അനാച്ഛാദനം ചെയ്തശേഷം മഹാറാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിന് മുകളില്‍ മറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ നടന്നത് നമ്മുടെ കണ്മുന്നിലുണ്ട്. അത്തരം പിഴവുകള്‍ ഇവിടെ ഉണ്ടാകരുത്. എല്ലാത്തരത്തിലുമുള്ള ഭിന്നതകള്‍ നമ്മെയും ഭിന്നിപ്പിക്കും.
ഒരുമിച്ചുനിന്നാല്‍ ജനങ്ങള്‍ നീതിനിഷ്ഠരും സുരക്ഷിതരുമായി തുടരും, രാജ്യം അഭിവൃദ്ധിയുടെ കൊടുമുടിയിലെത്തും. കീഴടങ്ങാത്ത ഭാരതീയ പൗരുഷത്തിന്റെ അടയാളമാണ് വീര്ദുര്ഗാദാസ് റാത്തോഡ്. അധിനിവേശത്തിന് മുന്നില്‍ കീഴടങ്ങിയവരും വഴങ്ങിയവരുമുണ്ട്. എന്നാല്‍ നമ്മള് ദുര്‍ഗാദാസിന്റെ ശൗര്യം സ്വീകരിച്ചവരാണ്. മാര്‍വാഡിന്റെ രജപുത്രവീര്യമാണ് ദുര്‍ഗാദാസിനെ രാജസ്ഥാനില്‍ ആരാധ്യനാക്കിയതെന്ന് യോഗി ആദിത്യനാഥ് ഓര്‍മിപ്പിച്ചു.
ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുമ്പോള്‍ അവസാന ആഗ്രഹമായി രാമപ്രസാദ് ബിസ്മില്‍ പറഞ്ഞത് ഇനിയുമൊരു നൂറ് ജന്മം ഇതേ മണ്ണില്‍ ജനിക്കണമെന്നാണ്. ഇതാണ് ഭാരതത്തെക്കുറിച്ച് നമ്മുടെ പൂര്‍വികര്‍ തീര്‍ത്ത മാതൃകയെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു.
മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തില്‍ പങ്കെടുത്ത ശേഷമാണ് യോഗി ആദിത്യനാഥ് ആഗ്രയിലെത്തിയത്. മഥുരയിലെ ബങ്കേ ബിഹാരി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. മഥുരയിലെ ദീന്‍ദയാല്‍ ഉപാദ്ധ്യായ പശുചികിത്സാ ഏവം ഗോ അനുസന്ധാന്‍ കേന്ദ്രത്തില്‍ വിവിധ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: