മുംബൈ: ഐഎസ്എല്‍ പതിനൊന്നാം സീസണിന് സപ്തംബര്‍ 13ന് തുടക്കം. കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ നേരിടും.
ഡിസംബര്‍ 30 വരെയുള്ള ഫിക്സചറാണ് നിലവില്‍ പുറത്തുവന്നിട്ടുള്ളത്.കഴിഞ്ഞ വര്‍ഷം 12 ടീമായിരുന്നു ഐഎസ്എല്ലില്‍ കളിച്ചതെങ്കില്‍ ഇത്തവണ പതിമൂന്ന് ടീമുകള്‍ മത്സരിക്കാനിറങ്ങും. നിലവിലെ ഐ ലീഗ് ജേതാക്കളായ മുഹമ്മദന്‍ സ്്പോര്‍ട്ടിങ് ക്ലബ് പ്രമോഷന്‍ കിട്ടി ഐഎസ്എല്ലില്‍ എത്തുന്നതോടെയാണ് ടീമുകളുടെ എണ്ണം 13 ആയത്. ഇതോടെ കൊല്‍ക്കത്തയിലെ മൂന്ന് വമ്പന്മാരും ഇത്തവണ ഐഎസ്എല്ലില്‍ കളിക്കാനിറങ്ങും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 15നാണ്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തിരുവോണ നാളില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്സിയാണ് എതിരാളികള്‍. പുതിയ പരിശീലകന്‍ മിക്കേല്‍ സ്റ്റാറേയ്‌ക്ക് കീഴിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങുന്നത്. 22ന് ഈസ്റ്റ് ബംഗാളിനെയും ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ നേരിടും. തുടര്‍ന്ന് മൂന്ന് എവേ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ആദ്യ എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ്. സപ്തംബര്‍ 29ന് ഗുവാഹത്തിയിലാണ് ഈ മത്സരം. ഒക്ടോബര്‍ മൂന്നിന് ഭുവനേശ്വറില്‍ ഒഡീഷ എഫ്സിയെയും ഒക്ടോബര്‍ 20ന് കൊല്‍ക്കത്തയില്‍ മുഹമ്മദന്‍സിനെയും നേരിട്ട ശേഷം ഒക്ടോബര്‍ 25ന് കൊച്ചിയില്‍ ബെംഗളൂരു എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക