മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. റയല്‍ വയ്യഡോളിഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാര് കൂടിയായ റയല്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. റയലിന്റെ ആദ്യ വിജയമാണിത്. ആദ്യ കളിയില്‍ മയോര്‍ക്കയുമായി റയല്‍ 1-1ന് സമനില പാലിച്ചിരുന്നു.
റയലിനായി ബ്രസീലിന്റെ വണ്ടര്‍ ബോയ് എന്‍ഡ്രിക് ഗോളുമായി അരങ്ങേറ്റം ഉജ്ജ്വലമാക്കിയപ്പോള്‍ ഫെഡറികോ വാല്‍വെര്‍ഡോ, ബ്രാഹിം ഡയസ് എന്നിവരും ലക്ഷ്യം കണ്ടു.
18-ാം വയസ്സില്‍ റയലിനായി അരങ്ങേറ്റം കുറിച്ച കൗമാര താരം എന്‍ഡ്രിക് കിലിയന്‍ എംബപ്പെക്ക് പകരക്കാരനായാണ് 86-ാം മിനിറ്റില്‍ മൈതാനത്തിറങ്ങിയത്. കളത്തിലിറങ്ങി 10 മിനിറ്റ് ആയപ്പോഴാണ് താരത്തിന്റെ ഗോള്‍ പിറന്നത്. ഇതോടെ റയലിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശ താരവുമായി എന്‍ഡ്രിക്. ഗോള്‍ നേടുമ്പോള്‍ 18 വയസ്സും 35 ദിവസവുമായിരുന്നു എന്‍ഡ്രിക്കിന്റെ പ്രായം. ഫ്രഞ്ച് താരം റാഫേല്‍ വരാനെയുടെ പേരിലുള്ള റിക്കാര്‍ഡാണ് എന്‍ഡ്രിക് തിരുത്തിയത്. 2011-ല്‍ ലാ ലിഗയില്‍ റയലിനായി ഗോള്‍ നേടുമ്പോള്‍ 18 വയസ്സും 125 ദിവസവുമായിരുന്നു വരാനെയുടെ പ്രായം. ബ്രാഹിം ഡയസിന്റെ പാസ് സ്വീകരിച്ച് എന്‍ഡ്രിക് രണ്ട് പ്രതിരോധനിരതാരങ്ങളെയും ഗോള്‍ കീപ്പറെയും കബളിപ്പിച്ചാണ് ഗോളടിച്ചത്.
കളിയില്‍ ആധിപത്യം റയലിനായിരുന്നു. പന്ത് നിയന്ത്രിച്ചു നിര്‍ത്തുന്നതിലും കൂടുതല്‍ ഷോട്ടുകള്‍ തൊടുക്കുന്നതിലും അവര്‍ ഏറെ മുന്നിലായിരുന്നു. കളിയിലുടനീളം അവര്‍ പായിച്ച 17 ഷോട്ടുകളില്‍ 9 എണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു.
എന്നാല്‍ റയല്‍ വയ്യഡോളിഡ് ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് റയലിനെ തടഞ്ഞുനിര്‍ത്തിയത്. എംബപ്പെയും വിനീഷ്യസും റോഡ്രിഗോയും അടങ്ങിയ താരനിര തുടക്കം മുതല്‍ എതിര് ബോക്സില്‍ ഭീതി പടര്‍ത്തിയെങ്കിലും ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ല. കരുത്തുറ്റ പ്രതിരോധം കെട്ടിപ്പൊക്കിയായിരുന്നു എതിരാളികള്‍ റയല്‍ മുന്നേറ്റത്തിന്റെ മുനയൊടിച്ചത്. 50-ാം മിനിറ്റിലാണ് റയല്‍ സമനിലക്കെട്ട് പൊട്ടിച്ചത്.
റോഡ്രിഗോയുടെ അസിസ്റ്റില്‍ നിന്ന് വാല്‍വെര്‍ഡെയാണ് ആദ്യ ഗോളടിച്ചത്. പിന്നീട് 88-ാം മിനിറ്റില്‍ ബ്രാഹിം ഡയസും ലക്ഷ്യം കണ്ടു. ഒടുവില്‍ പരിക്ക് സമയത്തിന്റെ ആറാം മിനിറ്റിലായിരുന്നു എന്‍ഡ്രിക്കിന്റെ ഗോള്‍. വ്യാഴാഴ്ച ലാസ് പല്മാസിനെതിരെയാണ് റയലിന്റെ അടുത്ത കളി.
മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡും മികച്ച വിജയം നേടി. ഗിറോണയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 39-ാം മിനിറ്റില്‍ ഗ്രിസ്മാന്, 48-ാം മിനിറ്റില്‍ മാര്‍കോസ് ലോറന്റെ, പരിക്ക് സമയത്ത് കോകെ എന്നിവരാണ് അത്ലറ്റികോയ്ക്കായി ഗോളടിച്ചത്.
മറ്റ് മത്സരങ്ങളില്‍ ലഗാനസ് 2-1ന് ലാസ് പല്‍മാസിനെ തോല്‍പ്പിച്ചപ്പോള്‍ ഡിപോര്‍ട്ടീവോ അലാവസ്-റയല്‍ ബെറ്റിസ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: