India

കുശുമ്പും കുന്നായ്മയും കുത്തിത്തിരിപ്പും വിട്ട് ക്രിയാത്മക  പ്രതിപക്ഷമാകണമെന്ന് കോണ്‍ഗ്രസിലെ ഒരുപക്ഷം നേതാക്കള്‍

Published by

ന്യൂഡല്‍ഹി : കുശുമ്പും കുന്നായ്മയും കുത്തിത്തിരിപ്പുമായി എത്ര കാലം തങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ ആകുമെന്ന ആശങ്കയുമായി കോണ്‍ഗ്രസിലെ വെളിവുള്ള ഒരുപക്ഷം നേതാക്കള്‍. എന്തിനും ഏതിനും എതിര്‍പ്പുയര്‍്ത്തുക എന്നതിനപ്പുറം ക്രിയാത്മക പ്രതിപക്ഷമായി കോണ്‍ഗ്രസ് വളരേണ്ടതിന്റെ ആവശ്യകത ഒന്നിപ്പറയുകയാണ് ഇക്കൂട്ടര്‍. എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇനിയെങ്കിലും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും സ്വപ്നലോകത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരികയും വേണമെന്നാണ് ആവശ്യം. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളെയും പുരോഗമന ആശയങ്ങളെയും കണ്ണടച്ച് എതിര്‍ക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ആവുമെന്ന തിരിച്ചറിവ് മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍ക്കൊള്ളുന്നില്ല.
ഏറ്റവുമൊടുവില്‍ പഴയ പദ്ധതിയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയ എഐസിസി പ്രസിഡന്റ് ഖാര്‍ഗയുടെ നിലപാടാണ് വിമര്‍ശന വിധേയമായത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരമാവധി മെച്ചം ലഭിക്കുന്ന വിധവും അതേസമയം ഭാവി സര്‍ക്കാരിലോ തലമുറയിലോ അതിന്റെ ഭാരം കെട്ടിവയ്‌ക്കാത്ത രീതിയിലും ആണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ജീവനക്കാര്‍ക്കിടയില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ട പുതിയ പദ്ധതിയെ പരിഹാസം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന ജീവനക്കാരുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിലാണെന്നാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ഇതുപോലെ തന്നെ കഴിഞ്ഞദിവസം ജാതി സെന്‍സസുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കവേ, സര്‍ക്കാര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറായത് ജനങ്ങളുടെ ഇടപെടല്‍ മൂലമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ജനാധിപത്യ സര്‍ക്കാര്‍ ജനവികാരം ഉള്‍ക്കൊണ്ടാണ് എല്ലാ മേഖലയിലും മുന്നോട്ടുപോകുന്നത്. ഇക്കാര്യം തിരിച്ചറിയാതെ പരിഹസിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് സ്വയം പരിഹാസ്യനാവുകയാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിയുന്നില്ലെന്ന് കോണ്‍ഗ്രസിലെ വെളിവുള്ള വിഭാഗം വിലയിരുത്തുന്നു. രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിനെതിരെ സോഷ്യല്‍ മീഡിയയിലും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മോദി സര്‍ക്കാര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയാണ്. അതേസമയം ഒരിക്കല്‍ പോലും വായിക്കാത്ത ഭരണഘടനയുടെ പകര്‍പ്പ് രാഹുല്‍ഗാന്ധി കക്ഷത്തില്‍ വച്ച് നടക്കുകയാണ് എന്നായിരുന്നു ട്രോള്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by