കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ ഊരാക്കുടുക്ക് എങ്ങിനെ അഴിക്കുമെന്ന ആശങ്കയിലാണ് സിപിഎമ്മും ഇടതുസര്‍ക്കാരും. ഹൈക്കോടതി കൂടി ഇടപെട്ടതോടെ ഇക്കാര്യങ്ങള്‍ എവിടെ ചെന്ന് നില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ഒരോ ദിവസവും പല കോണുകളില്‍ നിന്ന് പീഡന ആരോപണങ്ങളുമായി പല മുഖങ്ങളും പൊങ്ങി വരുന്നു. കളയും വിളയും തിരിച്ചറിയാനാവാത്ത സ്ഥിതിയാണിപ്പോള്‍.
അടുത്തകാലത്ത് റേറ്റിംഗില്‍ ഉണ്ടായ ചില മലക്കംമറിച്ചിലുകള്‍ മൂലം സാറ്റലൈറ്റ് ചാനലുകള്‍ ജനപ്രീതി നേടിയെടുക്കാനും നിലനിര്‍ത്താനുമുള്ള വലിയ മത്സരത്തിലാണ്. പ്രമുഖര്‍ക്കെതിരെ പീഡനാരോപണങ്ങള്‍ ഉന്നയിക്കാന്‍ ശേഷിയുള്ള ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള സ്ത്രീകളെ തപ്പി നടക്കുകയാണ് നിക്ഷിപ്ത താല്പര്യങ്ങളുള്ള സ്വകാര്യവാര്‍ത്താ ചാനലുകള്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ പിന്‍ബലമുള്ള ചാനലുകള്‍ മാത്രമാണ് മിതത്വം പാലിക്കുന്നത്.
നടന് ദിലീപ് പ്രതിസ്ഥാനത്തുള്ള, നടിയെ ആക്രമിച്ച കേസില്‍ സമ്മര്‍ദ്ദം ചെറുക്കുന്നതിനായാണ് നാലുവര്‍ഷം മുമ്പ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. പല കമ്മിഷന് റിപ്പോര്‍ട്ടുകളെ പോലെയും ഇത് പതുക്കി വയ്ക്കാം എന്ന വിചാരത്തിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഇതിലെ മസാല സാധ്യതകള്‍ തിരിച്ചറിഞ്ഞ് മാധ്യമങ്ങളുടെ പിന്തുണയോടെ ചിലര്‍ രംഗത്തിറങ്ങുകയായിരുന്നു. വിവരാകാശ കമ്മീഷനും കോടതിയും ഇടപെട്ടതോടെ റിപ്പോര്‍ട്ട് പുറത്തു വിടാതിരിക്കാന്‍ കഴിയാതെ വന്നു. ഭൂതത്തെ എങ്ങിനെ തിരിച്ച് കുടത്തില്‍ കയറ്റുമെന്നറിയാത്ത നിലയിലായി അതോടെ കാര്യങ്ങള്‍. ഈ കുരുക്കഴിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപീകരിച്ച ഏഴംഗ അന്വേഷണസംഘം അടുത്ത കുരുക്കിലേക്കാണ് വാതില്‍ തുറക്കുന്നതെന്നു വേണം കരുതാന്‍. ആരോപണങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍ക്കൊപ്പം മാത്രമേ അന്വേഷണസംഘത്തിന് നിലകൊള്ളാന്‍ കഴിയു. വസ്തുതകളേക്കാള്‍ പൊതുവികാരത്തിന് മുന്‍തൂക്കം നല്‍കേണ്ടിവരും. അത് കൂടുതല്‍ വെളിപ്പെടുത്തലുകളിലേക്കും കേസുകളിലേക്ക് അറസ്റ്റുകളിലേക്കും നീങ്ങാം. ചലച്ചിത്ര മേഖലയിലെ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ പ്രതികാരം മനസില്‍ സൂക്ഷിക്കുന്ന കറുത്ത കുഞ്ഞാടുകള്‍ ഇതിനിടയില്‍ നുഴഞ്ഞുകയറിയാല്‍ തിരിച്ചറിയാനാവില്ല. നിരപരാധികളുടെ തലയും ഉരുളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: