ഭാരതമെന്ന പരമോദാര രാഷ്ട്രത്തെ ഉദ്ധരിച്ച് ഉണര്‍ത്തി നിലനിര്‍ത്തുന്ന മഹാവൈഭവത്തെ ‘കൃഷ്ണന്’ എന്ന് ഈ നാട്ടിലെ ശിശുക്കള്‍ പോലും തിരിച്ചറിയുന്നു. ഭാരതീയന്റെ ആദി പ്രരൂപവും ആന്തരിക പ്രചോദനവുമാണ്; ഒരു മയില്‍പ്പീലി തുണ്ടിലൂടെ, ഒരു പാഴ്മുളം തണ്ടിലൂടെ, ഒരു മഞ്ഞത്തുകില്‍ തുണ്ടിലൂടെ നൂറ് കോടിയിലധികം ജനസഞ്ചയം കണ്ട് നിര്‍വൃതി കൊള്ളുന്നത്. ആ ദിവ്യരൂപത്തിന്റെ കമനീയ ഭാവം ആവിഷ്കരിക്കാത്ത മനുഷ്യ ജന്മങ്ങളില്ല ഇവിടെ. മഞ്ഞപ്പട്ടുടയാട ചുറ്റി കാര്‍വര്‍ണ്ണനെ താലോലിക്കാന്‍ ഏത് ഭക്തഹൃദയമാണ് കൊതിക്കാത്തത്? ആ ചരണ സ്മൃതിയില്‍ ലയിച്ചുചേരാന്‍ ഏത് വേദാന്തിയാണ് ആഗ്രഹിക്കാത്തത്? അമ്പാടി പൈതലായി, വെണ്ണക്കണ്ണനായി കാളിയ മര്‍ദ്ദകനായി, ഗോപാലകനായി, ഗോവര്ദ്ധനോദ്ധാരകനായി, യമുനാ വിഹാരിയായി, രാധാകൃഷ്ണനായി മധുരാനാഥനായി എത്രയെത്ര നാമരൂപങ്ങളില്‍ ഭാവധവളിമയില് ശ്രീകൃഷ്ണന് ഭാരതത്തിന്റെ, ഭാരതീയന്റെ ഇഹപരങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. കാമുകനായും തോഴനായും രക്ഷകനായും അഭയമായും ആശ്രയമായും കാരുണ്യമായും; നിഷാദശരമേറ്റ കാല്‍വിരല്‍ തുമ്പില്‍ നിന്ന് ഇറ്റു വീണ ചോരത്തുള്ളികളാല്‍ പുതുയുഗത്തിന് പുലരി കുറിച്ച് കൊണ്ട് കടന്നുപോകുമ്പോള്‍ ഈ നാടും സമസ്ത ഭാവനയും ആ ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലയിലും ശതശബളാഭമായി ആ പവിത്ര ജന്മം മിന്നിമറയുന്നു. ഭഗവാന്റെ ജീവിതകര്‍മ്മങ്ങള്‍ ആകെ ചേര്‍ത്തുവച്ചാല്‍ ആര്‍ഷഭൂമിയുടെ അനന്തമായ മൂല്യം അളന്നെടുക്കാം. കാലം കടന്ന് പോകെ നാം ചെന്നെത്തുന്ന ഓരോ പ്രതിസന്ധിയിലും നമ്മെ തുണയ്ക്കാനെത്തുന്ന സമാശ്വാസവും മറ്റൊന്നല്ല.
മതത്തിന്റെ, ദേശത്തിന്റെ, ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്താനാവാത്ത വിശ്വമാനവികതയുടെ സമുജ്ജ്വല പ്രതീകമാണ് ശ്രീകൃഷ്ണന്. സര്‍വ്വ ചരാചര പ്രേമത്തിന്റെയും സര്വ്വോത്ക്കര്ഷത്തിന്റേയും സമ്മോഹനമായ ശാന്തിഗീതം മുഴക്കിയ ഭഗവാന് ശ്രീകൃഷ്ണനെ ആര് വിളിച്ചാലും ആ വിളിയില്‍ ചിരന്തനമായ അനുരാഗത്തിന്റെ പ്രതിധ്വനി മുഴങ്ങികേള്‍ക്കാം. ഏത് ഭാഷയില്‍ വിളിച്ചാലും കാരുണ്യവര്‍ഷം ചൊരിഞ്ഞുകൊണ്ട് അഭയമരുളുന്ന മഹാപ്രഭാവമാണ് ഭഗവാന്. മഹാപണ്ഡിതന്മാരുടെ ഗഹനഭാഷയില്, മഹാകവികളുടെ അലങ്കാര ഭാഷയില്‍, നാടോടി ഗായകന്റെ ഗ്രാമീണ ഭാഷയില്‍, നാട്ടിന്‍പു
റത്തെ പെണ്ണുങ്ങളുടെ ശകാരഭാഷയില്‍ ഭക്തി ഉന്മാദികളുടെ ആനന്ദാശ്രു നിറഞ്ഞ ഗദ്ഗദാക്ഷരങ്ങളില്‍ അങ്ങനെ അങ്ങനെ എല്ലാ വിളികളുടേയും മാറ്റൊലി ആ മന്ദസ്മിതത്തില്‍ അലിഞ്ഞുചേരുന്നു.
അവതാര പുരുഷന്മാര് അനവധിയുണ്ടെങ്കിലും അവരുടെ ജീവിതം പ്രൗഢദശയില്‍ ആരംഭിക്കുന്നതാണ്. എന്നാല്‍ നാമറിയുന്ന ശ്രീകൃഷ്ണന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ഘട്ടം ലീലയാടി കാലിമേച്ച് നടന്ന ബാല്യമാണ്. ആ ലീലാ കലവികളുടെ ഹൃദ്യതയും സൗമ്യതയും പ്രസന്നതയും ആസ്വദിക്കാത്ത ആരെങ്കിലുമുണ്ടോ? അങ്ങനെ കേള്‍ക്കുന്നവരുടെ, കാണുന്നവരുടെ അകം നിറയ്ക്കുന്ന ആനന്ദക്കണ്ണന്‍ വിശ്വോത്തരമായ ബാല്യത്തിന്റെ പ്രതിരൂപമാണ്. പതറാത്ത കരളുറപ്പും നിഷ്കളങ്ക ജീവിതവും ആരും ആശിച്ച് പോകുന്നതാണ്. കണ്ണീര് പൊഴിക്കാത്ത ജീവിതമാണത്. പിറന്ന് വീണത് തന്നെ കാരാഗൃഹത്തില്‍. ജനനം മരണ പ്രതീതി ജനിപ്പിച്ചുകൊണ്ട്. ശൈശവം മുതല്‍ ഉറഞ്ഞാടിയ എല്ലാ ഭീഷണികളെയും മന്ദസ്മിതംകൊണ്ട് തരണം ചെയ്യേണ്ടത് എങ്ങനെയെന്ന് മാനവരാശിയെ പഠിപ്പിച്ചു. പൂതനാമോക്ഷവും ശകടാസുര തൃണാവര്‍ത്ത-അഘാസുരവധവും എല്ലാം സാധിച്ചത് ഇത്ര പോന്ന ഒരു ശിശുവാണെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും?
കേരളത്തില്‍ പിറവിയെടുത്ത ബാലഗോകുലം അക്ഷരാര്‍ത്ഥത്തില്‍ ഭഗവാന് ശ്രീകൃഷ്ണന്റെ വിസ്മയകരമായ ബാല്യത്തിന്റെ പുനരാവിഷ്കാരത്തിന് വേണ്ടിയാണ്. സുകൃത സിദ്ധമായ സംസ്കൃതിയില്‍നിന്ന് ഉത്ഭവംകൊണ്ട ഭവ്യ സങ്കല്‍പ്പമാണ് ബാലഗോകുലം വിഭാവനം ചെയ്യുന്നത് ഭഗവാന്റെ മനോമോഹനമായ ബാല്യംപോലെ നിര്‍മ്മലവും നിഷ്കളങ്കവുമായ സ്നേഹത്തിന്റെ കളിവീടായി ഇന്ന് ബാലഗോകുലം മാറിക്കഴിഞ്ഞു. ജീവിതത്തെ തന്നെ ഒരു ലീലയാടി തീര്‍ക്കാനുള്ളതാണെന്നും കണ്ണീരിനും ക്ഷോഭത്തിനും അന്തസ്സാരശൂന്യമായ സംഘര്‍ഷങ്ങള്‍ക്കും സ്ഥാനമില്ലെന്നും ഭഗവാന്റെ ജീവിതം പഠിപ്പിക്കുന്നു. വഴി പിഴയ്ക്കുന്ന ബാല്യങ്ങള്‍ക്ക് ദിശ നിര്‍ണ്ണയിക്കാന്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ പൊതുസമൂഹത്തിന് കഴിയുന്നില്ല. നല്ല മാതൃകകളെ തെറ്റിദ്ധരിപ്പിക്കുന്ന കുല്സിത മാര്‍ഗ്ഗങ്ങള്‍ ശക്തി പ്രാപിക്കുന്നു. പൗരാണിക ഭാരതം നമുക്ക് തന്ന വിശുദ്ധിയുടെ നല്ല പാഠങ്ങളെ തമസ്കരിക്കുന്നു. തളര്‍ന്ന് ക്ഷീണിതമായ സമൂഹത്തിന് പ്രത്യാശയുടെ തണല്‍ വിരിക്കാന്‍ വളരുന്ന തലമുറയെ സജ്ജമാക്കണം. അതിന് അവരുടെ മുമ്പില്‍ നിറഞ്ഞ് നില്‍ക്കേണ്ടത് കാലാതിവര്‍ത്തിയായ കരുത്തിന്റെ ദര്‍ശനമാകണം. ഭക്തിയുടെയും ആധ്യാത്മിക പ്രകര്ഷത്തിന്റെയും മൂശയില്‍ അതിഭാവുകത്വത്തിന്റെ കടുത്ത ചായക്കൂട്ടുകളില്ലാതെ സമസ്ത മാനവരാശിയേയും ചേര്‍ത്തണയ്ക്കുന്ന പ്രകൃതിദത്ത ജീവിതത്തിന്റെ ആനന്ദ മുഹൂര്‍ത്തങ്ങളാണ് ഭഗവാന് ശ്രീകൃഷ്ണനില്‍ ദര്‍ശിക്കുന്നത്. ആ ജീവിതത്തിന്റെ ധന്യതയെ വരുംതലമുറക്ക് അഴകോടെ ആവിഷ്കരിക്കലാണ് മാതൃകാപരമെന്ന് ബാലഗോകുലം കണ്ടെത്തിയപ്പോള്‍ ഭഗവാന് കുട്ടികളുടെ ആദര്‍ശ പുരുഷനായി. ആ ജീവിതം പകര്‍ന്ന വിസ്മയമുഹൂര്‍ത്തങ്ങള്‍ പാഠങ്ങളായി.
അക്ഷരങ്ങളില്‍, ചമയങ്ങളില്‍, നാദങ്ങളില്‍ ഓടിയണയുന്ന മായാസ്വരൂപത്തെ വിഭിന്ന വഴികളില്‍ ആവിഷ്കരിച്ചു. മലയാളികളുടെ മനസ്സിന്റെ ആഴങ്ങളില്‍ മയില്‍പ്പീലി ചൂടിയ ഒരു മായക്കണ്ണന് ഒളിഞ്ഞിരുപ്പുണ്ട്. ഏത് വിപ്ലവത്തിന്റെ കുഴലൂത്തുകാരനും നിഷേധിക്കാനാവാത്ത ആ മായികഭാവം മറനീക്കി പുറത്തുവരികതന്നെ ചെയ്യും. മധുമഞ്ജരിയാല് വൃന്ദാവനക്കണ്ണനെ പകര്‍ന്നാടിയ ചെറുശ്ശേരിക്കവി മുതല്‍ നമ്മെ കൊതിപ്പിക്കുന്ന ഗാനധാര അഭംഗുരം തുടരുന്നു. ഉലക് സൃഷ്ടിച്ച് ഭരിച്ച് സംഹരിച്ച് വാഴുന്ന ചിത്സ്വരൂപനായ ഭഗവാനെ ഉപാസിച്ച് ധന്യതയടയുന്നു എഴുത്തച്ഛന്. ഭാവസാന്ദ്രവും ശില്പസുഭഗവുമായ പാര്‍ത്ഥസാരഥി അകക്കണ്ണില്‍ നിറഞ്ഞിരിപ്പില്ലേ…
പൂന്തേനാം പല കാവ്യം കണ്ണന് മുന്നിലാണ് പൂന്താനം സമര്‍പ്പിച്ചത് എന്ന് വിസ്മരിക്കാനാവില്ല.
ആയിരം സുസംസ്കൃത ശ്ലോക പുഷ്പത്താല്‍ ശ്രീഗു
രുവായൂരേശന് സമര്‍പ്പിച്ച് മേല്പത്തൂര് ആയുരാരോഗ്യ സൗഖ്യം നേടി. പച്ചക്കല്ലൊത്ത ഭഗവാന്റെ തിരുമേനിയും ‘പി
ച്ചക്കളികളും’ കാണുവാന്‍ കൊതിച്ച ഭാഷാ കവി അനപത്യ ദുഃഖത്തിന്റെ തീച്ചൂളയില്‍ നീറുമ്പോഴും.”പീലിക്കാര്‍മുടി കാല്ത്തളിര്പ്പൊടിയുമേറ്റൊട്ടൊഴിഞ്ഞി
താളത്തില്‍ കുഴലും
കുബേരനടയും
ഗോപാലരും ഗോക്കളുമങ്ങനെ
ബാലസ്ത്രീകളുഴന്നുവന്ന വഴിയില്‍
പാര്‍ക്കുന്ന സൗഭാഗ്യവും
മേളത്തോടെഴുന്നള്ളിടുന്നൊരു ദിനം കണ്ടാവൂ കണ്കൊണ്ട് ഞാന്‍-”എന്ന് സമാശ്വസിക്കുന്നു. കുചേല ബ്രാഹ്മണന്റെ നിസ്വാവസ്ഥ കണ്ട് ഒരിക്കലും കരഞ്ഞിട്ടില്ലാത്ത ഗൗരി കണ്ണുനീരണിഞ്ഞു എന്ന് കാവ്യലോകം കേട്ടപ്പോള്‍ ആ കാരുണ്യവാന്റെ തരളിത ഹൃദയത്തിന്റെ പതര്‍ച്ചയും നാമറിഞ്ഞു. ബാലഗോപാലന്റെ കുട്ടി കുസൃതികളും ഗോകുലത്തിന്റെ ചേതോഹരക്കാഴ്ചകളും വിഷയമാക്കാത്ത ഒരു കവിയും ആ കുലത്തില്‍ ഇല്ലെന്ന്തന്നെ പറയണം. പ്രബുദ്ധവും പ്രബലവും പ്രചണ്ഡവുമായ വാങ്മയങ്ങള്ക്കിടയിലും കള്ളക്കണ്ണിട്ട് നോക്കുന്ന കുസൃതിക്കുരുന്ന് മനം മയക്കിക്കൊണ്ടിരുന്നു. അവന് കര്മഭൂമിയുടെ പിഞ്ചുകാല്‍വച്ച് നടനം ചെയ്തു. ലോകത്തിന്റെ ദുഷ്ടും ദുരയും നിര്‍മാര്‍ജനം ചെയ്തു. കാളിന്ദീ സമം നാട് വിഷലിപ്തമായപ്പോള്‍ അക്ഷരങ്ങള്‍ക്ക് പുനര്ജന്മം കൊടുക്കാന്‍ കാര്വര്ണ്ണന് വന്നണഞ്ഞു. സഹസ്രഫണ കരിനാഗവും ഓമല്ക്കോമള പൈതലും അഭിനവ സമൂഹത്തിന്റെ ദ്വന്ദ ബിംബങ്ങളായി പരിണമിച്ചു. കാളിന്ദി വിഷം നീങ്ങിയ പുണ്യസരിത്തായി മാറുംപോലെ രാഷ്ട്ര ശരീരത്തിലെ മാലിന്യങ്ങള്‍ നീങ്ങുമെന്ന് പ്രത്യാശിക്കാന്‍ അവലംബം ഭഗവാന് കൃഷ്ണനല്ലാതെ മറ്റാരാണുള്ളത്. ‘പ്രേമമാം പീയൂഷം കൊണ്ട്’ നിര്‍മ്മിച്ചൊരു കോമള ശ്യാമള ബാലരൂപമാണവന്. യശോദയുടെ മാറില്‍ മിന്നുന്ന മാഹേന്ദ്രക്കല്പ്പതക്കമാണവന്. കാളിന്ദീ പുളിനത്തില്‍ കളിക്കുന്ന രാജഹംസം. ഇങ്ങനെ ഉപമാനങ്ങള്‍ക്ക് ലുബ്ധില്ലാത്തവിധം നിറഞ്ഞാടിയ ഭഗവാന് കരുത്തിന്റെ കാഹളം മുഴക്കുന്നവര്‍ക്കും ചെങ്കൊടി ചുറ്റിയ വിപ്ലവ സൂര്യന്മാര്ക്കും ഒരുപോലെ അഭികാമ്യനാണ്. വേണുവൂതുന്ന കാര്വര്ണ്ണന്, മുരളീ മൃദുരവം, കുന്നിന്ചെരുവുകളില് കാലിമേച്ച് നടന്ന ഇടയബാലന് എന്നിങ്ങനെ പറയാതെ പറഞ്ഞ് പോകുന്ന ശബ്ദങ്ങള്‍ പലതും കേരളം കേട്ടു. കായാമ്പൂവുടല്‍ കാണാനും കണ്ണനാകുന്ന പീയൂഷത്തില് അലിഞ്ഞ് ചേരാനും നാസ്തികന്മാര് പോലും ആശിക്കുന്ന ആ വൈഭവം ലോകോത്തരമാണ്.
പിറവികൊണ്ട നാടിന്റെ സുകൃത പഥങ്ങളിലാകെ നിഴല്‍ വിരിക്കുന്ന ആ മഹാവിസ്മയത്തെ ആധുനിക സമൂഹത്തിന്
മുന്നില്‍ അനിഷേധ്യതയോടെ അവതരിപ്പിക്കുകവഴി ബാലഗോകുലം ബഹുമാനിതമാകുന്നു. ആ അവതാരലീലകളുടെ ശുഭമുഹൂര്‍ത്തത്തെ ഇന്നിന്റെ ബാല്യം ആവിഷ്കരിക്കുമ്പോള്‍ അവരറിയാതെ തന്നെ കണ്ണന്റെ സുരക്ഷിത ബാല്യത്തില്‍ ലയിക്കുകയാണ്. അമ്മമാരുടെ അകം നിറയ്ക്കുകയാണ് അവരുടെ പൈതങ്ങള് നെറുകയില്‍ പീലി തിരുകുമ്പാള്. അകര്‍മ്മണ്യതയില്‍ ആണ്ടുപോയ കുട്ടികള്‍ പ്രസരിപ്പോടെ തിരിച്ച് വരാന്‍ ഭൂതകാലം നെയ്തെടുത്ത പ്രഭാവലയത്തില്‍ പുനഃപ്രവേശിക്കണമെന്ന് ബാലഗോകുലം തിരിച്ചറിയുന്നു. ജന്മാഷ്ടമിക്കാലം സമൂഹത്തോട് വിനിമയംചെയ്യുന്ന വായ്ത്താരി ഓരോ കാലത്തിന്റെയും ആഗ്രഹപൂര്‍ത്തിക്ക് വേണ്ടിയാണ്. ഈ വര്‍ഷം എതിരേല്ക്കാന് പാകപ്പെടുത്തിയ ”പുണ്യമീ മണ്ണ് പവിത്രമീ ജന്മം”- ദേശവും ദേശീയതയും പരിസ്ഥിതിയുമൊക്കെ സമ്മേളിക്കുന്നതാണ്. പ്രകൃത്യുപാസകനായ ഭഗവാന്റെ നേര് ദര്‍ശനം പ്രകൃതിയെ അറിഞ്ഞുള്ള ജീവിതം എന്നത് തന്നെ. മണ്ണ് കേവലം ജീവനില്ലാത്ത ഒന്നല്ല. ഊഷരതയില്‍നിന്ന് ഉര്‍വ്വരതയിലേക്ക് പരിണമിക്കുന്ന സര്ഗ്ഗക്രിയാസാരമാണ് മണ്ണെന്ന വിസ്മയം. മണ്ണിന്റെ വീണ്ടെടുപ്പും മഹിമയുമാണ് ഭഗവാന് തന്റെ അവതാരത്തിലെ ഉല്‍ക്കൃഷ്ട മുഹൂര്‍ത്തമായി ഉണര്‍ത്തിവിട്ടത്. മണ്ണ് ഭൂമി എന്ന വികാരത്തിലെത്തുമ്പോള് ഭൂമി ദേശീയത എന്ന ധര്മത്തിലേക്കുയരുമ്പോള് ജന്മം സഫലമാകുന്നു. ‘ഭാരതം എന്റെ പാ
വന പരമപദ’മെന്ന ഉദ്ഘോഷിച്ച നരേന്ദ്രനെ (സ്വാമി വിവേകാനന്ദന്) നാമറിയുക. ആ വിവേകാനന്ദത്വവും മണ്ണിന്റെ വീണ്ടെടുപ്പിന് വേണ്ടിയായിരുന്നില്ലേ..? മണ്ണില്‍ ഭാഷയുടെ വിസ്മയം കാണണം. മലയും മരവും പുഴയും കാടും കടലും കാണണം. മണ്ണിന്റെ മനസ്സറിയണം. ഈ മുദ്രകളെല്ലാം ഒന്നായിച്ചേരുന്ന, ഇവയെ എല്ലാം പോറ്റി പുലര്‍ത്തിയ ഭഗവാന്റെ ജീവിതത്തെ കാണണം; മാനിക്കണം. അപ്പോള്‍ മാത്രമേ പ്രപഞ്ച ജീവിതത്തിന്റെ താളം എന്തെന്ന് അറിയൂ. മല തുരന്നെത്തിയ മഹാ ദുരന്തം കണ്ട് നടുങ്ങിയിരിക്കുന്ന നാം; ആ വേദനയുടെ ഭയാനക മുഖം ഇനിയും മറക്കാന്‍ കഴിയാത്ത നാം-
ഭഗവാന്റെ ഈ വര്‍ഷത്തെ അവതാര മുഹൂര്‍ത്ത വേളയില്‍ ഒന്നുയര്‍ന്ന് പ്രാര്‍ത്ഥിക്കുക. അവര്‍ക്ക് വേണ്ടി ഒപ്പം ”കുഴിവെട്ടി മൂടുക വേദനകള്‍
കുതികൊള്ക ശക്തിയിലേക്ക് നമ്മള്”
എന്ന് കരുത്തിന്റെ കാഹളം മുഴക്കിയ ഇടശ്ശേരി വേദനാനിര്‍ഭരമായ മുഹൂര്‍ത്തം തരണം ചെയ്യാന്‍ കരുത്താര്‍ജിക്കാന്‍ ആഹ്വാനം
ചെയ്യുന്നതോടൊപ്പം
”കൃഷ്ണാ, മുന്നേപ്പോലെ നീയീ
കാളിന്ദീ തട വിടപത്തില്
പ്രഭാത കിരണപ്പൂക്കള് വിരിച്ചൊരു
കൊമ്പിലിരുന്നിക്കുളിര്‍കാറ്റില്‍
ഭ്രൂകുടി താളലയാന്വിതമായൊരു
ഗാനം പാടുക വേണുവിനാല്‍
വ്രീളാ വിവശതയാലേ മിഴിയും
പൂട്ടി ഞങ്ങള്‍ കിടക്കുമ്പോള്‍
ഞങ്ങളെ മൂടുക, കാരുണ്യാത്മന്‍
നിന്നോടക്കുഴല്‍ വിളിയാലേ” എന്ന് വിനയാന്വിതനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍
(ബാലഗോകുലം ഉത്തര കേരളം അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: