ടെല്‍ അവീവ്: ലെബനനിലെ ഹിസ്ബുള്‍ ഭീകരകേന്ദ്രങ്ങളില്‍ ഇസ്രായേല്‍ കനത്ത ആക്രമണം നടത്തി. അതേസമയം 320 കത്യൂഷ റോക്കറ്റുകള്‍ ഇസ്രായേലിനെ നേരെ തൊടുത്തതായി ഹിസ്ബുള്‍ അവകാശപ്പെട്ടു.
ഇസ്രായേലിന്റെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് ഭീകരരുടെ വാദം. നൂറോളം ഇസ്രായേല്‍ യുദ്ധവിമാനങ്ങളാണ് ഹിസ്ബുള്‍ ഭീകരകേന്ദ്രങ്ങളില്‍ താണ്ഡവമാടിയത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഹിസ്ബുള്ളയുടെ ആയിരക്കണക്കിന് റോക്കറ്റ് ലോഞ്ചര്‍ ബാരലുകള്‍ തകര്‍ത്തു.
വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ഹിസ്ബുള്ള നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും പ്രതിരോധിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ തന്റെ സര്‍ക്കാര്‍ തീരുമാനിച്ചതായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആരാണോ തങ്ങളെ ആക്രമിക്കുന്നത് അവര്‍ക്കെതിരെ ആക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ സുരക്ഷാമന്ത്രിസഭാ യോഗം ചേര്‍ന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രായേലില്‍ 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതായി അമേരിക്ക വ്യക്തമാക്കി. യുദ്ധത്തിന്റെ പശ്ചാത്തലത്തിലേയ്ക്ക് ഇസ്രായേലിലേയ്ക്കുള്ള സര്‍വീസുകള്‍ നിരവധി വിമാനക്കമ്പനികള്‍ നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: