ഹൈദരാബാദ്: തന്റെ ഉടമസ്ഥതയിലുള്ള കണ്വെന്ഷന് സെന്റര്‍ പൊളിച്ചു നീക്കിയ ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ആന്‍ഡ് അസെറ്റ്സ് മോണിറ്ററിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതരുടെ നടപടിക്കെതിരെ തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന. നടപടി നിയമവിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പരിഗണനയിലിരിക്കുന്ന കേസില്‍ കോടതി തീര്‍പ്പ് കല്പിച്ചിരുന്നെങ്കില് താന്‍ തന്നെ പൊളിച്ചു മാറ്റുമായിരുന്നെന്നും നാഗാര്‍ജുന പറഞ്ഞു.
പൊളിച്ചുനീക്കുന്നതിനെതിരെ കോടതിയുടെ ഇടക്കാല സ്റ്റേ നിലനില്‍ക്കുന്നുണ്ടെന്ന് നാഗാര്‍ജുന പറയുന്നു. അധികൃതരുടെ തെറ്റായ നടപടിക്കെതിരെ കോടതിയെ സമീപിക്കും. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നാഗാര്‍ജുന എക്സില്‍ കുറിച്ചു. പാട്ട ഭൂമിയിലാണ് കണ്വെന്ഷന് സെന്റര്‍. ഒരിഞ്ചുപോലും കൈയേറിയിട്ടില്ല. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊളിച്ചുനീക്കലിന് മുമ്പായി നോട്ടീസ് നല്‍കിയിരുന്നില്ല. അധികൃതരുടെ തെറ്റായ നടപടിക്കെതിരെ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടും, നാഗാര്‍ജുന കൂട്ടിച്ചേര്‍ത്തു.
പൊതുസ്ഥലങ്ങളും ജലാശയങ്ങളും കൈയേറിയുള്ള നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് പൊളിച്ചുനീക്കല്‍. പത്തേക്കര്‍ വിസ്തൃതിയുണ്ടായിരുന്നു നാഗാര്‍ജുനയുടെ ദ എന്‍ കണ്വെന്ഷന് സെന്ററിന്. പാരിസ്ഥിതിക നിയമങ്ങളുള്‍പ്പെടെ ചട്ടങ്ങളെയ്യാം കാറ്റില്‍പ്പറത്തിയാണ് കെട്ടിടം നിര്‍മിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.
തുംകുണ്ട തടാകത്തിന്റെ 1.12 ഏക്കറിന്റെ ഭാഗമാണ് കണ്വെന്ഷന് സെന്റര്‍ നിര്‍മിക്കാന്‍ കൈയേറിയതെന്നാണ് ഹൈഡ്രാ അധികൃതരുടെ കണ്ടെത്തല്‍. ഇതിനുപുറമേ തടാകത്തിന്റെ ബഫര്‍ സോണിലുള്‍പ്പെടുന്ന രണ്ടേക്കര്‍ ഭൂമിയും കൈയേറിയതായി കണ്ടെത്തി. തുടര്‍ന്നാണ് സെന്റര്‍ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ആന്ധ്രയിലെ ഏറെ പ്രശസ്തമായ കണ്വെന്ഷന് സെന്ററാണ് ദ എന്‍. ആഡംബര വിവാഹങ്ങളും കോര്‍പ്പറേറ്റ് മീറ്റിങ്ങുകളുമെല്ലാം ഇവിടെ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: