നീലേശ്വരം: ചോര്‍ന്ന് ഒലിച്ച് നാശത്തിന്റെ വക്കിലായ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നീലേശ്വരം ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ രാജ റോഡില്‍ സ്ഥിതി ചെയ്യുന്ന ഒഴിഞ്ഞ് കിടക്കുന്ന പഴയ കുടുംബശ്രീ സിഡിഎസ് ഓഫിസ് കെട്ടിടം താല്‍ക്കാലികമായി വിട്ടുനല്‍കണമെന്ന ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യം തള്ളിയ നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്റെ നടപടി നീലേശ്വരത്ത് പുകയുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിനായി പഴയ കുടുംബശ്രീ ഓഫിസ് കെട്ടിടം താല്‍ക്കാലികമായി വിട്ടുനല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്. ഓഫീസ് പ്രവര്‍ത്തിക്കുന്നതിനായി പഴയ കെട്ടിടം ഭക്ഷ്യ സുരക്ഷ വകുപ്പിന് അനുവദിക്കാന്‍ കഴിയില്ലെന്ന യോഗത്തെ അറിയിച്ച ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത ഓഫീസിനായി പുതിയ കെട്ടിടം കണ്ടെത്തി നല്‍കാമെന്നും അതിന്റെ വാടക ഭക്ഷ്യ സുരക്ഷ വകുപ്പ് നല്‍കണമെന്നും വ്യക്തമാക്കി. ഇതാണ് നീലേശ്വരത്ത് വിവാദമായത്.
നഗരസഭയുടെ കീഴില്‍ രാജ റോഡില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ മുകള്‍ നിലയില്‍ കുടുംബശ്രീ സിഡിഎസ് ഓഫീസും താഴത്തെ നിലയില്‍ കൃഷിഭവനുമാണ് പ്രവര്‍ത്തിക്കുന്നത്. നഗരസഭക്ക് പുതിയ കെട്ടിടം തുറന്നതോടെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ സിഡിഎസ് ഓഫിസ് അങ്ങോട്ടേക്ക് മാറ്റി. ഈ ഭാഗമാണ് താല്‍ക്കാലികമായി ഭക്ഷ്യ സുരക്ഷ വകുപ്പ് ആവശ്യപ്പെട്ടത്. കൃഷി ഭവന് ഇപ്പോഴും താഴത്തെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
കാലിയായി ഒഴിഞ്ഞു കിടക്കുന്ന ഭാഗമാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് തലക്കലികമായി അഭ്യര്‍ത്ഥിച്ചത്. നീലേശ്വത്തെ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ കാര്യാലയത്തിന് സുരക്ഷയില്ലാതായിട്ട് മാസങ്ങളായി.
വില്ലേജ് ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് ഭക്ഷ്യസുരക്ഷാ ഓഫീസറുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. പഴകിയ കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ മേല്‍ക്കൂര കഴിഞ്ഞ മഴക്കാലത്താണ് തകര്‍ന്നത്. പ്ലാസ്റ്റിക് പായ മുകള്‍ഭാഗത്ത് വിരിച്ചാണ് മഴക്കാലത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ തൃക്കരിപ്പൂര്‍ സര്‍ക്കിള്‍ വിഭാഗവും കാഞ്ഞങ്ങാട് സര്‍ക്കിള്‍ വിഭാഗവും ഈ പഴകിയ കെട്ടത്തിനകത്താണ്. മഴയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് നിരവധി തവണ നഗരസഭാ അധികൃതരെ ധരിപ്പിച്ചിരുന്നു. എന്നാല്‍, അനുകൂലനടപടിയുണ്ടായില്ലെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ജീവനക്കാര്‍ പറഞ്ഞു.
നീലേശ്വരത്ത് പണിയുന്ന സിവില്‍ സ്റ്റേഷനില്‍ ഭക്ഷ്യ സുരക്ഷാഓഫീസറുടെ കാര്യാലയത്തിന് സൗകര്യം അനുവദിക്കാമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്തയും വൈസ്ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫിയും പറയുന്നു. എപ്പോള്‍ പണി തുടങ്ങുമെന്ന് ഉറപ്പില്ലാത്ത സിവില്‍ സ്റ്റേഷന് കെട്ടിടത്തില്‍ സൗകര്യമൊരുക്കാമെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.
സിവില്‍ സ്റ്റേഷന് രൂപരേഖ തയ്യാറാക്കി അംഗീകാരം നേടി ടെന്‍ഡര്‍ നടപടിയിലേക്കെത്തണമെങ്കില് ഇനിയെത്ര കാലം കാത്തിരിക്കണമെന്ന് നിശ്ചയമില്ല. അതുവരെ സുരക്ഷയില്ലാത്ത കാര്യാലയത്തില്‍ ഭക്ഷ്യസുരക്ഷക്കാരെങ്ങനെ കഴിയുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. നഗരസഭ ഭരണസമിതിയുടെ പിടിപ്പുകേട് കൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പത്തോളം സര്‍ക്കാര്‍ ഓഫീസുകളാണ് കാഞ്ഞങ്ങാട്ടേക്ക് പോയത്. നീലേശ്വരത്ത് പുതിയ സര്‍ക്കാര്‍ ഓഫീസുകള്‍ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും. അപ്പോഴാണ് ജന സേവനത്തിന് ജനങ്ങള്‍ തിരഞ്ഞെടുത്ത ജന പ്രതിനിധികള്‍ ഭക്ഷ്യ സുരക്ഷ ഓഫീസും നീലേശ്വരത്ത് നിന്നും പറഞ്ഞയക്കാനുള്ള വഴിയൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: